ലോകബാങ്ക് മനുഷ്യ മൂലധന സൂചിക: ഇന്ത്യ 115ാം സ്ഥാനത്ത്; മുമ്പില്‍ സിംഗപ്പൂര്‍

ജക്കാര്‍ത്ത: ലോക ബാങ്ക് പുറത്തിറക്കിയ മനുഷ്യ മൂലധന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 115ാമത്. അയല്‍രാജ്യങ്ങളായ നേപ്പാള്‍, ശ്രീലങ്ക, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നിവയിലും താഴെയാണ് റിപോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സ്ഥാനം.
157 രാജ്യങ്ങളെ ഉള്‍പ്പെടുത്തി ശിശുമരണ നിരക്ക്, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ മാനദണ്ഡമാക്കി ലോക ബാങ്ക് തയ്യാറാക്കിയ ആദ്യ മനുഷ്യ മൂലധന സൂചിക (എച്ച്‌സിഐ) പക്ഷേ, ഇന്ത്യ തള്ളി. റിപോര്‍ട്ട് യഥാര്‍ഥ ഇന്ത്യയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും രാജ്യത്തിന്റെ മനുഷ്യവിഭവ സൂചിക ഇതിലും ഉയര്‍ന്നതാണെന്നും ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
197 ദശലക്ഷം സ്‌കൂള്‍ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതി. ആരോഗ്യരംഗത്ത് കുതിച്ചുചാട്ടത്തിനു ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയും ഉജ്ജ്വല്‍ യോജന പദ്ധതിയുമടക്കം പലതും രാജ്യത്തെ മാനവ ശേഷിയുടെ വികസനം ലക്ഷ്യമിട്ടാണെന്നും മന്ത്രാലയക്കുറിപ്പ് വ്യക്തമാക്കി. ആരോഗ്യ പരിരക്ഷ സംവിധാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന സിംഗപ്പൂരാണ് സൂചികയില്‍ ഒന്നാമത്. സൗത്ത് കൊറിയ, ജപ്പാന്‍, ഹോങ്കോങ്, ഫിന്‍ലാന്‍ഡ് എന്നിവ തൊട്ടുപിന്നിലുണ്ട്.

RELATED STORIES

Share it
Top