ലോകത്തെ ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളില്‍ 31 ശതമാനം ഇന്ത്യയില്‍ : ഓക്‌സ്ഫഡ് സര്‍വേന്യൂഡല്‍ഹി: ലോകത്ത് ദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുള്ളതി ല്‍ 31 ശതമാനവും ജീവിക്കുന്നത് ഇന്ത്യയിലാണെന്ന് ഓക്‌സ്ഫഡ് സര്‍വേ. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ഓക്‌സ്ഫഡ് മാനവ വികസന സംഘമാണു പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്. സാമ്പത്തികവിദഗ്ധന്‍ അമര്‍ത്യാസെന്നിന്റെ നേതൃത്വത്തിലായിരുന്നു സര്‍വേ നടത്തിയത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സാമ്പത്തിക വിഭാഗത്തിനു കീഴിലാണു സംഘം പ്രവര്‍ത്തിക്കുന്നത്.ഓക്‌സ്ഫഡിന്റെ കണക്കുപ്രകാരം ലോകത്ത് 68.9 കോടി കുട്ടികള്‍ ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. ലോകത്താകമാനമുള്ള ദരിദ്രരായ കുട്ടികളില്‍ എട്ടു ശതമാനം നൈജീരിയയിലും ഏഴു ശതമാനം എത്യോപ്യയിലും ആറു ശതമാനം പാകിസ്താനിലുമാണ്. ഗ്ലോബല്‍ മള്‍ട്ടി ഡയമെന്‍ഷന്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് (എംപിഐ) 2017 എന്ന ഓക്‌സ്ഫഡ് സൂചികയില്‍ 103 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ കണക്കിലെടുത്താണു ഗവേഷണം നടത്തിയത്. ആരോഗ്യമേഖലയില്‍ തന്നെ പോഷകം, ശിശുമരണനിരക്ക് എന്നിവ കേന്ദ്രീകരിച്ചാണു പഠനം. ജീവിതനിലവാരത്തില്‍ പാചകവാതകത്തിന്റെ ഉപയോഗം, ശുചീകരണം, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, സ്വത്തുക്കളുടെ കണക്ക് എന്നിവയിലുമാണു പഠനം.103 രാജ്യങ്ങളില്‍ 37ാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയില്‍ 52.8 കോടി ജനങ്ങള്‍ ദരിദ്രരാണ്. ഇത് ആഫ്രിക്കയിലെ സഹാറ മേഖലയിലെ രാജ്യങ്ങളേക്കാള്‍ കൂടുതലാണ്. 103 രാജ്യങ്ങളിലെ 50 ശതമാനം കുട്ടികളും ആരോഗ്യം, സാമ്പത്തികം, ജീവിത നിലവാര മേഖലകള്‍ കണക്കാക്കുമ്പോള്‍ ദരിദ്രരാണെന്ന് ഓക്‌സ്ഫഡ് പറയുന്നു. കണക്കുകള്‍ വേദനാജനകമാണെന്നും അന്താരാഷ്ട്ര സമൂഹം ദാരിദ്ര്യനിര്‍മാര്‍ജനം സുസ്ഥിര വികസന ലക്ഷ്യമായി കാണണമെന്നും ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി ഓക്‌സ്ഫഡിന്റെ അധ്യക്ഷ സബീന ആല്‍ക്കിറെ പറഞ്ഞു.

RELATED STORIES

Share it
Top