ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായി ഇന്ത്യ തുടരുന്നു

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യമായി ഇന്ത്യ തുടരുന്നുവെന്ന് റിപോര്‍ട്ട്.  2013-17 കാലഘട്ടത്തില്‍ പ്രധാന ആയുധങ്ങളുടെ ഇറക്കുമതിയില്‍ ലോകത്ത് ഒന്നാമതെത്തിയത് ഇന്ത്യയാണെന്ന് സ്‌റ്റോക്‌ഹോം ഇന്റര്‍നാഷനല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കഴിഞ്ഞദിവസം പുറത്തുവിട്ട് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2013-17 കാലഘട്ടത്തില്‍ ആഗോള തലത്തില്‍ 12 ശതമാനം ആയുധ ഇറക്കുമതിയുണ്ടായപ്പോള്‍ ഇന്ത്യയില്‍ 24 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഈ കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്നുള്ള ആയുധ ഇറക്കുമതി തൊട്ടു മുമ്പുള്ള അഞ്ചു വര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനം വര്‍ധിച്ചു. എന്നാല്‍, 2013-17 കാലഘട്ടത്തില്‍ അമേരിക്കയില്‍ നിന്ന് പാകിസ്താനിലേക്കുള്ള ആയുധ കയറ്റുമതിയില്‍ 2008-12 കാലഘട്ടത്തെ അപേക്ഷിച്ച് 76 ശതമാനം കുറവായിരുന്നു. ഇക്കാലയളവില്‍ ചൈനയില്‍ നിന്ന് ഏറ്റവുമധികം ആയുധങ്ങള്‍ ലഭിച്ചത് പാകിസ്താനാണ്.
2013-17 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് ഏറ്റവും വലിയ ആയുധ ഇറക്കുമതി നടത്തിയത് റഷ്യയാണ്. ഇക്കാലയളവില്‍ ഇന്ത്യയുടെ മൊത്തം ആയുധ ഇറക്കുമതിയുടെ 62 ശതമാനവും റഷ്യയില്‍ നിന്നായിരുന്നു.
ആഗോളതലത്തിലുള്ള ആയുധ ഇറക്കുമതിയില്‍ 12 ശതമാനം ഇന്ത്യയിലേക്കായിരുന്നുവെന്നും റിപോര്‍ട്ട് പറയുന്നു.
ഒരു വശത്ത് പാകിസ്താനും, മറുവശത്ത് ചൈനയും വളര്‍ത്തുന്ന സംഘര്‍ഷാവസ്ഥയാണ് ഇന്ത്യയെ വലിയ തോതില്‍ ആയുധങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്ക് ആയുധം കൈമാറുന്നതില്‍ ഒന്നാം സ്ഥാനത്ത് റഷ്യയാണെങ്കില്‍ രണ്ടാം സ്ഥാനത്ത്  അമേരിക്കയും മൂന്നാം സ്ഥാനത്ത്  ഇസ്രായേലുമാണെന്നും റിപോര്‍ട്ടില്‍  വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top