ലോകത്തിലെ ഏറ്റവും വലിയ താക്കോല്‍ അഭയാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു

ദോഹ: ലോകത്തിലെ ഏറ്റവും വലിയ താക്കോല്‍ അനാഛാദനം ചെയ്ത് ഖത്തര്‍ മറ്റൊരു ഗിന്നസ് റെക്കോഡ് കൂടിയിട്ടു. കഴിഞ്ഞ ദിവസം കത്താറ ആംഫി തിയേറ്ററില്‍ നടന്ന ചടങ്ങിന് ആയിരങ്ങളാണ് ഒരുമിച്ചു കൂടിയത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വര്‍ക്ക് ഷോപ്പില്‍ പ്രാദേശിക കമ്പനിയായ ഡെല്‍റ്റ ഫാബ്‌കോ നിര്‍മിച്ച താക്കോലിന് 7 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമാണുള്ളത്. 10 വര്‍ഷം മുമ്പ് സൈപ്രസില്‍ സൃഷ്ടിക്കപ്പെട്ട റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 5.5 മീറ്റര്‍ ഉയരവും 2.6 മീറ്റര്‍ വീതിയുമുള്ളതായിരുന്നു ഇവഗൊറാസ് ജ്യോര്‍ജിയോ നിര്‍മിച്ച ആ താക്കോല്‍.
പൂര്‍ണമായും സ്റ്റീലില്‍ തീര്‍ത്ത താക്കോല്‍ പൂര്‍ത്തിയാക്കാന്‍ 45 ദിവസമെടുത്തതായി സംഘാടകര്‍ പറഞ്ഞു. പരിപാടിയെ ചിലര്‍ പണവും സമയവും പാഴാക്കാനുള്ളതായി വിലയിരുത്തിയപ്പോള്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ തങ്ങള്‍ സാമ്പത്തിക നേട്ടമൊന്നുമുണ്ടാക്കുന്നില്ലെന്ന് സംഘാടകര്‍ പ്രതികരിച്ചു. ലഭിക്കുന്ന തുകയില്‍ പകുതി ഖത്തര്‍ റെഡ് ക്രസന്റിനും പകുതി പരിപാടിയുടെ നടത്തിപ്പ് ചെലവിനും വിനിയോഗിക്കും.
1948ല്‍ ഇസ്രായേല്‍ സ്ഥാപിക്കപ്പെട്ട നഖ്ബ ദിനമാണ് താക്കോല്‍ പുറത്തിറക്കാന്‍ തിരഞ്ഞെടുത്തത്. ആ ദിനത്തില്‍ തങ്ങളുടെ രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ട ഫലസ്തീനികള്‍ ഒരു നാള്‍ തിരിച്ച് പോകാനാവുമെന്ന പ്രതീക്ഷയില്‍ തങ്ങളുടെ വീടിന്റെ താക്കോലുകള്‍ കാത്തു സൂക്ഷിച്ചിരുന്നു. താക്കോല്‍ കൈയിലുണ്ടെങ്കില്‍ ഒരു നാള്‍ നമുക്ക് ജനിച്ച മണ്ണിലേക്കും പിറന്ന വീട്ടിലേക്കും മടങ്ങിപ്പോവാമെന്നുള്ള സന്ദേശം തലമുറകളെ ഓര്‍മിപ്പിക്കുകയാണ് ഈ താക്കോലെന്ന് സംഘാടകര്‍ പറയുന്നു.
2013ല്‍ അറബ് ഐഡൊള്‍ മല്‍സരത്തില്‍ വിജയിയായ ഫലസ്തീന്‍ ഗായകന്‍ മുഹമ്മദ് അസഫിന്റെ സംഗീത മേള, ഫലസതീന്‍ ദലൂന ബാന്‍ഡിന്റെ പരമ്പരാഗത നൃത്ത, സംഗീത മേള എന്നിവയും പരിപാടിയോട് അനുബന്ധിച്ച് നടന്നു. ഇനിയുള്ള ദിവസങ്ങളില്‍ താക്കോല്‍ അര്‍ദ് കാനാന്‍ റസ്‌റ്റോറന്റിന്റെ കവാടത്തിന് സമീപമുള്ള കത്താറയിലെ 26 ബി കെട്ടിടത്തില്‍ പ്രദര്‍ശനത്തിന് വെക്കും.
ഏറ്റവും വലിയ സോക്കര്‍ ബോള്‍, ഏറ്റവും നീളം കൂടിയ എസ്‌യുവി വാഹന വ്യൂഹം, ഏറ്റവും വലിയ പതാക തുടങ്ങിയ ഗിന്നസ് റെക്കോഡുകള്‍ ഇതിനകം ഖത്തറിന് സ്വന്തമാണ്.

RELATED STORIES

Share it
Top