ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി തവയുമായി ഭക്ഷ്യമേള

കോഴിക്കോട്: കാലിക്കറ്റ് ഫുഡ് ക്ലബ് സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റ് 12 മുതല്‍ 15 വരെ ബീച്ച് ഓപണ്‍ സ്‌റ്റേജിന് മുന്‍വശത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാല് മുതല്‍ 10 വരെ നടക്കുന്ന മേളയില്‍ തെക്കെപുറം വിഭവങ്ങള്‍, തലശ്ശേരി പലഹാരങ്ങള്‍, വിവിധതരം കേക്കുകള്‍, വൈവിധ്യമായ ചായകള്‍, നാനാതരം പത്തിരികള്‍, ബിരിയാണികള്‍ തുടങ്ങിയവ രുചിക്കാനാവും.
തോണിയില്‍ നിരത്തിവച്ച മല്‍സ്യങ്ങളില്‍ നിന്ന് ഇഷ്ടപ്പെട്ടവ അവിടെ വച്ച് തന്നെ പൊരിച്ച് തിന്നാന്‍ സൗകര്യമുണ്ടായിരിക്കും. കേക്ക് ഫെസ്റ്റില്‍ പൊട്ടിക്കരയുന്ന കേക്ക് മുതല്‍ ഐസ്‌ക്രീം കേക്ക് വരെ അണിനിരക്കും. പുകയുന്ന ഐസ്‌ക്രീം, പൊരിച്ച ഐസ്‌ക്രീം, ചക്ക, സീതപ്പഴം തുടങ്ങിയ വിവിധതരം പഴങ്ങളുടെ ഐസ്‌ക്രീമുകളും ഫെസ്റ്റിലുണ്ടാവും.
പുതുമയാര്‍ന്നതും വ്യത്യസ്തമായതുമായ ഇരുപത്തിനാലോളം  സ്റ്റാളുകള്‍ മേളയിലുണ്ടാവും.  പ്രമുഖ കാര്‍ട്ടൂണിസ്റ്റും ഗിന്നസ് റെക്കോര്‍ഡ് ഉടമയുമായ എം ദിലീഫ് രൂപകല്‍പ്പന ചെയ്ത ആറ് മീറ്ററോളം വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ചപ്പാത്തി തവ മേളയില്‍ പ്രദര്‍ശിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ സുബൈര്‍ കൊളക്കാടന്‍, റമീസ് അലി, എച്ച്എച്ച് മസൂദ്, ഹബീബ് റഹ്മാന്‍, കാര്‍ട്ടൂണിസ്റ്റ് എം ദിലീഫ് പങ്കെടുത്തു.

RELATED STORIES

Share it
Top