ലോകകപ്പ് ലൈവ് അപ്‌ഡേറ്റ്: ഫ്രാന്‍സ് - അര്‍ജന്റീന


കസാന്‍: റഷ്യന്‍ ലോകകപ്പില്‍ ഇനി മിശിഹയുടെ മാന്ത്രികതയില്ല. ആവേശ പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെ മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ തോല്‍വിയോടെ അര്‍ജന്റീന റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. ദിദിയര്‍ ദെഷാംപ്്‌സിന്റെ ഫ്രഞ്ച് വീരന്‍മാരുടെ ആക്രമണ വീര്യത്തിന് മുന്നില്‍ നീലപ്പട അവസാന നിമിഷം വരെ പൊരുതിനോക്കിയെങ്കിലും വിജയം എത്തിപ്പിടിക്കാന്‍ സാധിച്ചില്ല. എംബാപ്പ ഇരട്ട ഗോളുകളുമായി ഫ്രാന്‍സ് നിരയെ പടനയിച്ചപ്പോള്‍ പവാര്‍ഡും അന്റോണിയും ഗ്രിസ്മാനും ഫ്രാന്‍സിന് വേണ്ടി ഗോളുകള്‍ നേടി. എയ്ഞ്ചല്‍ ഡി മരിയയും മെര്‍ക്കാഡോയും സെര്‍ജിയോ അഗ്യൂറോയുമാണ് അര്‍ജന്റീനയുടെ സ്‌കോറര്‍മാര്‍.
നിര്‍ണായ പ്രീക്വാര്‍ട്ടറില്‍ 4-3-3 ഫോര്‍മാറ്റില്‍ അര്‍ജന്റീന ബൂട്ടണിഞ്ഞപ്പോള്‍ ഒലിവര്‍ ജിറൗഡിനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മാറ്റിലാണ് ഫ്രാന്‍സ് ബൂട്ടണിഞ്ഞത്. മല്‍സരത്തിന് വിസില്‍ ഉയര്‍ന്നപ്പോള്‍ മുതല്‍ ആക്രമണ ഫുട്‌ബോളാണ് ഫ്രാന്‍സ് പുറത്തെടുത്തത്. മല്‍സരത്തിന്റെ ആദ്യ മിനിറ്റില്‍ത്തന്നെ അര്‍ജന്റീനയുടെ ടാഗ്ലിയാഫിക്കോയെ ജിറൗഡ് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. രണ്ട് മിനിറ്റിനുള്ളില്‍ മൈതാനത്തിന്റെ മധ്യഭാഗത്ത്‌വച്ച് അര്‍ജന്റീനയുടെ ബനേഗയെ പോള്‍ പോഗ്ബയും ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. പന്തടക്കത്തില്‍ ആധിപത്യം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നെങ്കിലും മിന്നല്‍ വേഗതകൊണ്ട് ഫ്രഞ്ച് പട നിരന്തരം അര്‍ജന്റീനയെ വിറപ്പിച്ചു. ഒമ്പതാം മിനിറ്റില്‍ ഫ്രാന്‍സിന് ലീഡെടുക്കാന്‍ സുവര്‍ണാവസരം ലഭിച്ചെങ്കിലും നിര്‍ഭാഗ്യം ടീമിന് വിനയായി.
അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്മാന്‍ തൊടുത്ത ഫ്രീകിക്ക് ക്രോസ്ബാറില്‍ തട്ടി പുറത്തുപോവുകയായിരുന്നു. 11ാം മിനിറ്റില്‍ അര്‍ജന്റീനന്‍ ആരാധകര്‍ക്ക് തിരിച്ചടി നല്‍കി ഫ്രാന്‍സിന് അനുകൂലമായി പെനല്‍റ്റി വിധിച്ചു. ഇടത് വിങിലൂടെ പന്തുമായി മുന്നേറിയ എംബാപ്പെയെ ബോക്‌സിനുള്ളില്‍ റോഹോ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് ഫ്രാന്‍സിന് പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ഗ്രിസ്മാന്റെ ഷോട്ട് അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ അര്‍മാനിയെ മറികടന്ന് വലയില്‍ പതിച്ചതോടെ ഫ്രാന്‍സിന്റെ അക്കൗണ്ടില്‍ ആദ്യ ഗോള്‍ പിറന്നു. 1-0ന് ഫ്രാന്‍സ് മുന്നില്‍.
തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ത്തന്നെ കളിക്കളത്തില്‍ ഫൗളുകളും നിറഞ്ഞു. 19ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ എംബാപ്പയെ ടാഗ്ലിയോഫിക്ക് ഫൗള്‍ ചെയ്ത് വീഴ്ത്തിയതിന് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ഒപ്പം ടാഗ്ലിയോഫിക്ക് മഞ്ഞക്കാര്‍ഡും ബോക്‌സിന് തൊട്ടുമുന്നില്‍ നിന്ന് പോഗ്ബയെടുത്ത മിന്നല്‍ ഷോട്ട് അര്‍ജന്റീനയുടെ ഗോള്‍പോസ്്റ്റിന് മുകളിലൂടെ പറന്നു. മല്‍സരത്തില്‍പന്തടക്കത്തില്‍ ആധിപത്യം അര്‍ജന്റീനന്‍ താരങ്ങള്‍ സുരക്ഷിതമാക്കിയെങ്കിലും ഗോള്‍ശ്രമങ്ങളെല്ലാം ഫ്രാന്‍സിന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. 26ാം മിനിറ്റില്‍ വലത് വിങിലൂടെ മുന്നേറി ഗ്രിസ്മാന്‍ തൊടുത്ത ഷോട്ട് അര്‍മാനി പിടിച്ചെടുത്ത് രക്ഷപെടുത്തി. 28ാം മിനിറ്റില്‍ ഗോള്‍മടക്കാന്‍ മെര്‍ക്കാഡോയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന് സാധിച്ചില്ല. മെര്‍ക്കാഡോയുടെ ഷോട്ട് ഉംറ്റിയുടെ കൈയില്‍ തട്ടിയെങ്കിലും റഫറി അനുവദിച്ചില്ല. കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീന ഗോള്‍മടക്കി. 41ാം മിനിറ്റില്‍ ബനേഗ നല്‍കിയ പാസിനെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന എയ്ഞ്ചല്‍ ഡി മരിയ തകര്‍പ്പന്‍ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. മല്‍സരം 1-1 എന്ന നിലയിലേക്ക്. ആദ്യ പകുതി പിന്നിടുമ്പോഴും 1-1 സമനില പങ്കിട്ടാണ് ഇരു കൂട്ടരും പിരിഞ്ഞത്. ആദ്യ പകുതിയില്‍ 62 ശതമാനം പന്തടക്കവും അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു.
രണ്ടാം പകുതിയില്‍ ഒരു മാറ്റവുമായാണ് അര്‍ജന്റീന ഇറങ്ങിയത്. ആദ്യ പകുതിയില്‍ മഞ്ഞക്കാര്‍ഡ് കണ്
റോഹോയെ പുറത്തിരുത്തി പകരം ഫാസിയോയ്ക്ക് സാംപോളി അവസരം നല്‍കി. രണ്ടാം പകുതിയിലും ആക്രമണം വിടാതെയാണ് ഫ്രാന്‍സ് കളിച്ചത്. 47ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് ഡിമരിയയെ ഫൗള്‍ ചെയ്തതിന് ഫ്രീകിക്ക് ലഭിച്ചത് അര്‍ജന്റീന മുതലാക്കി. ലയണല്‍ മെസ്സിയുടെ ഇടങ്കാല്‍ ഷോട്ട് മെര്‍ക്കാഡോയുടെ കാലില്‍ തട്ടി വലയിലാവുകയായിരുന്നു. മല്‍സരം 2-1ന് അര്‍ജന്റീനയ്‌ക്കൊപ്പം.56ാം മിനിറ്റില്‍ ഗോള്‍മടക്കാന്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. അര്‍ജന്റീനന്‍ ഗോള്‍കീപ്പര്‍ അര്‍മാനിയ്ക്ക് പറ്റിയ പിഴവിനെ പിടിച്ചെടുത്ത് ഗ്രിസ്മാന്‍ ബോക്‌സിലേക്ക് കയറിയെങ്കിലും പന്തിനെ നിയന്ത്രിച്ച് നിര്‍ത്താനായില്ല. 57ാം മിനിറ്റില്‍ നീലപ്പടയുടെ ആരാധകരെ നിരാശരാക്കി ഫ്രഞ്ച് പട സമനില പിടിച്ചു. ഫെര്‍ണാണ്ടസിന്റെ ക്രോസിനെ ഒരു ഹാഫ് വോളിയിലൂടെ പവാര്‍ഡ് വലയിലെത്തിക്കുകയായിരുന്നു. മല്‍സരം 2-2 എന്ന നിലയിലേക്ക്.
64ാം മിനിറ്റില്‍ അര്‍ജന്റീനന്‍ ആരാധകരെ കണ്ണീരിലാഴ്ത്തി ഫ്രഞ്ച് പട ലീഡെടുത്തു. എംബാപ്പയുടെ തകര്‍പ്പന്‍ ഷോട്ട്  അര്‍മാനിയെയും മറികടന്ന് ഗോള്‍വലയിലേക്ക് പറന്നിറങ്ങി. 3-2ന് ഫ്രാന്‍സ് മുന്നില്‍. 66ാം മിനിറ്റില്‍ പെരെസിന് പിന്‍വലിച്ച് അഗ്യൂറോയെ അര്‍ജന്റീന കളത്തിലിറക്കി തന്ത്രം മെനഞ്ഞു. എന്നാല്‍ അര്‍ജന്റീനന്‍ ആരാധകര്‍ക്ക് വീണ്ടും ഷോക്ക് നല്‍കി ഫ്രാന്‍സ് വീണ്ടും ലീഡുയര്‍ത്തി. 68ാം മിനിറ്റില്‍ ജിറൗഡിന്റെ പാസില്‍ എംബാപ്പ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി ഫ്രാന്‍സിന്റെ അക്കൗണ്ടില്‍ നാലാം ഗോള്‍ ചേര്‍ക്കുകയായിരുന്നു.
രണ്ട് ഗോളിന്റെ ലീഡെടുത്തതോടെ ആധിപത്യത്തോടെ പന്ത് തട്ടിയ ഫ്രഞ്ച് പടയ്ക്ക് മുന്നില്‍ നീലപ്പട നന്നായി വിയര്‍ത്തു. 75ാം മിനിറ്റില്‍  പാവോണിനെ തിരിച്ചുവിളിച്ച് പകരം മെസയെ അര്‍ജന്റീന കളത്തിലിറക്കി. 78ാം മിനിറ്റില്‍ പന്തുമായി ഗ്രിസ്മാന്‍ മുന്നോട്ട് കുതിച്ചെങ്കിലും മുന്നോട്ട് കയറി പിടിച്ച് അര്‍മാനി അര്‍ജന്റീനയെ രക്ഷിച്ചു. 84ാം മിനിറ്റില്‍ ലയണല്‍ മെസ്സി മികച്ച മുന്നേറ്റം നടത്തിയെങ്കിലും മെസ്സിയുടെ ദുര്‍ബല ഷോട്ട് ഗോള്‍കീപ്പര്‍ പിടിച്ചെടുത്തു. 93ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ അര്‍ജന്റീന ഒരു ഗോളുകൂടി മടക്കിയെങ്കിലും വിജയത്തിലേക്ക് അത് മതിയാവുമായിരുന്നില്ല. കസാന്‍ മൈതാനത്തെ ആവേശ മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ ഉയര്‍ന്നപ്പോള്‍ 4-3ന്റെ ജയത്തോടെ ഫ്രഞ്ച് പട ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍ ലയണല്‍ മെസ്സിയുടെ നീലപ്പടയ്ക്ക് ക്വാര്‍ട്ടര്‍ കാണാതെ പുറത്തുപോവേണ്ടി വന്നു.

RELATED STORIES

Share it
Top