ലോകകപ്പ് ട്രോഫിക്കുമുണ്ട് കഥ പറയാന്‍വിഷ്ണു സലി

കാല്‍പന്ത് ഉല്‍സവത്തിന് കൊടിയേറാന്‍ ഇനി 27 നാളുകള്‍. ഫുട്‌ബോളിനെ കാല്‍ക്കരുത്തുകൊണ്ട് കീഴടക്കാന്‍ പ്രതിഭാസമ്പന്നര്‍ മുഖാമുഖം പോരടിക്കുമ്പോള്‍ ആ കാഴ്ചയെ ഉല്‍സവം എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍. ജീവിതവും മരണവും  കാല്‍പന്തില്‍ വിടരുമ്പോള്‍ ലോകത്തിന്റെ കണ്ണും മനസും ആ പന്തിലേക്ക് ചുരുങ്ങുന്നു. ലോകകപ്പ് ഫുട്‌ബോള്‍ എന്ന ഉല്‍സവത്തിന് ശേഷം കിരീടം ചൂടുന്നവര്‍ക്ക് സമ്മാനിക്കുന്ന ട്രോഫികള്‍ക്കും ഒരു കഥ പറയാനുണ്ട്. ഇന്ന് ലോകകപ്പ് ഫുട്‌ബോള്‍ ട്രോഫിയുടെ ചരിത്രത്തിനൊപ്പം കളി പറയാം.1930ലാണ് ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ സംഘടിപ്പിച്ചത്. ഉറുഗ്വേ ആതിഥേയത്വം വഹിച്ച ആ ലോകകപ്പില്‍ ഉറുഗ്വേ തന്നെ കിരീടവും ചൂടി. അന്ന് അവര്‍ക്ക് സമ്മാനിച്ചത് യൂള്‍സ് റിമെ എന്ന സ്വര്‍ണക്കപ്പാണ്. എന്നാല്‍ പ്രഥമ ലോകകപ്പ് മുതല്‍ നല്‍കി വന്ന ട്രോഫിക്ക് യൂള്‍സ് റിമെ ട്രോഫി എന്ന പേര് നല്‍കിയത് 1950 ലോകകപ്പിലായിരുന്നു. ലോകജനതയുടെ മനസില്‍ കുടിയിരുത്തപ്പെട്ട ഫുട്‌ബോള്‍ ലോകകപ്പിന്റെ എല്ലാമെല്ലാമായിരുന്ന യൂള്‍സ് റിമെയുടെ സംഭാവനകളുടെ സ്മരണയ്ക്കായാണ് ലോകകപ്പ് ട്രോഫിക്ക് യൂള്‍സ് റിമെ ട്രോഫി എന്ന പേരിട്ടത്.
1920 ല്‍ ഫുട്‌ബോള്‍ എന്ന കായിക വിനോദം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന സമയം. അന്ന് ആന്റെവെര്‍പ് ഒളിംപിക്‌സില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടക്കുമ്പോള്‍ പാരിസിലെ വക്കീലായിരുന്ന യൂള്‍സ് റിമെയ്ക്കായിരുന്നു ഫിഫയുടെ താല്‍ക്കാലിക ചുമതല. റെഡ്സ്റ്റാര്‍  പാരിസ് എന്ന ഫുട്‌ബോള്‍ ക്ലബ്ബിന്റെ സ്ഥാപകന്‍ കൂടിയായ യൂള്‍സ് റിമെ തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഫുട്‌ബോളിനൊപ്പമാണ് ചിലവഴിച്ചത്.  ഫ്രാന്‍സ് ഫുടബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്, ഫ്രാന്‍സ് ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച യൂള്‍സ് റിമെ 1920ല്‍ ഫിഫയുടെ തലപ്പത്തേക്കുമെത്തി. 1954വരെ ഫിഫയുടെ ആചാര്യനായി യൂള്‍സ് റിമെയുണ്ടായിരുന്നു. ഒളിംപിക്‌സ് എന്നതില്‍ മാത്രം ഒതുങ്ങാതെ പ്രഫഷനല്‍ കളിക്കാര്‍ക്ക് കൂടി കളിക്കാന്‍ അവസരം നല്‍കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുക എന്നതായിരുന്നു യൂള്‍സ് റിമെയുടെ സ്വപ്നം. ഇതിന് പിന്തുണയുമായി മറ്റ് ദേശീയ ഫുട്‌ബോള്‍ സംഘടകളുമെത്തിയതോടെയാണ് 1930ല്‍ ഫുട്‌ബോള്‍ ലോകകപ്പ് സാധ്യമായത്.
1930ല്‍ ലോകകപ്പ് നടത്തുക എന്ന ആശയത്തിന് നേരത്തെ മുതലേ ആലോചന തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 1928ല്‍ ഫിഫ ആംസ്റ്റര്‍ഡാമില്‍ ഒരു യോഗം ചേര്‍ന്നു. അന്ന് ലോകകപ്പ് നടത്തുവാന്‍ ഔദ്യോഗിക തീരുമാനം ഉണ്ടായി. കൂടാതെ ചാംപ്യന്‍മാര്‍ക്ക് സമ്മാനിക്കാന്‍ മനോഹരമായ ട്രോഫി നിര്‍മിക്കാനും യോഗത്തില്‍ തീരുമാനിച്ചു. അങ്ങനെ ട്രോഫി നിര്‍മിക്കാന്‍ വേണ്ടി യൂള്‍സ് റിമെ പ്രശ്‌സതനായ ഫ്രഞ്ചു ശില്‍പ്പി അബേല്‍ ലാഫഌറെ എല്‍പ്പിക്കുകയും ചെയ്തു. അങ്ങനെയാണ് ഐതിഹ്യദേവത വിക്ടോറിയ ഇരുകൈകള്‍കൊണ്ടും ലോകത്തെ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന സ്വര്‍ണശില്‍പ്പം രൂപം കൊണ്ടത്. അഷ്ടകോണാകൃതിയിലുള്ള അടിത്തറയില്‍ 30 സെന്റീ മീറ്റര്‍ ഉയരമുള്ള നാല് കിലോഗ്രാം തൂക്കമുള്ള രീതിയിലായിരുന്നു ട്രോഫിയുടെ നിര്‍മാണം.
1930, 1934, 1938 ലോകകപ്പില്‍ കിരീടം ചൂടിയവര്‍ക്ക് ഈ ട്രോഫിയാണ് സമ്മാനിച്ചത്. പിന്നീട് ലോകമഹായുദ്ധത്തിന് ശേഷം ലോകകപ്പ് മുടങ്ങി. പിന്നീട് 1950ല്‍ ലോകകപ്പ് പുനരാരംഭിക്കാന്‍ ഫിഫയുടെ തീരുമാനമുണ്ടായി. ഇതിന്റെ ഭാഗമായി 1946ല്‍  ലക്‌സംബര്‍ഗില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ ലോകകപ്പ് എന്ന ടൂര്‍ണമെന്റിന് ജീവന്‍ നല്‍കിയ യൂള്‍സ് റിമെയുടെ പേര് ട്രോഫിക്ക് നല്‍കാന്‍ ഫിഫയുടെ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ മൂന്ന് തവണ ലോകകപ്പ് ജയിക്കുന്ന രാഷ്ട്രത്തിന് യൂള്‍സ് റിമെ ട്രോഫി സ്ഥിരമായി നല്‍കാനും തീരുമാനിച്ചു. 1958, 1962, 1970 ലോകകപ്പുകളില്‍ കപ്പുയര്‍ത്തി ബ്രസീല്‍ യൂള്‍സ് റിമെ ട്രോഫി അലമാരയിലെത്തിച്ചതോടെയാണ് പുതിയ ട്രോഫിക്കായുള്ള ആലോചന ഉയര്‍ന്നത്. ഇതിനുവേണ്ടി ഫിഫ പരസ്യങ്ങളും നല്‍കി. അങ്ങനെ വന്ന ഡിസൈനുകളില്‍ നിന്ന് ഇറ്റലിയിലെ കലാകാരനായ സില്‍വിയോ ഗസാനികയുടെ ഡിസൈന്‍ ഫിഫ അംഗീകരിക്കുകയായിരുന്നു. 36.80 സെന്റീ മീറ്റര്‍ ഉയരവും 18 കാരറ്റ് സ്വര്‍ണത്തില്‍ 6.175 കിലോഗ്രാം തൂക്കവുമുള്ള പുത്തന്‍ ഫിഫാ ലോകകപ്പ് അങ്ങനെയാണ് പിറവിയെടുത്തത്.

RELATED STORIES

Share it
Top