ലോകകപ്പ്: ചെട്ടിയാറമ്മലില്‍ ഒരു മാസം നീണ്ടുനില്‍ക്കും

കാളികാവ്: ചെറിയ പെരുന്നാള്‍ കഴിഞ്ഞെങ്കിലും വണ്ടൂര്‍ ചെട്ടിയാറമ്മലില്‍ മറ്റൊരു ആഘോഷമായ ലോകകപ്പാണ് ഒരു മാസം നീണ്ടു നില്‍ക്കുക. ഭ്രാന്തമായ ഫുട്‌ബോള്‍ ജ്വരം നെഞ്ചേറ്റിയ നാട്ടുകാര്‍ ആഘോഷത്തിമിര്‍പ്പിലാണ്. ഇവിടത്തുകാര്‍ നിര്‍മിച്ച ലോകകപ്പ് മാതൃക ഫുട്‌ബോള്‍ പ്രേമത്തിന്റെ സകല അടയാളങ്ങളും കോറിയിട്ടിട്ടുണ്ട്. പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ ചെട്ടിയാറമ്മലിലാണ് സ്വര്‍ണനിറം പൂശിയ ഭീമന്‍ കപ്പ് കാഴ്ചക്കാര്‍ക്ക് കൗതുകമായത്. 2002 ല്‍ നാട്ടുകാരനായ അലി ശരീഫാണ് ഇത് നിര്‍മിച്ചത്. എട്ടടി ഉയരത്തില്‍ കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ഇതിന് ഒരു ടണ്‍ ഭാരമുണ്ട് .ഓരോ ലോകകപ്പ് കാലത്തും ഇതിനെ വര്‍ണം പൂശി നാട്ടുകാര്‍ ആഘോഷ പൂര്‍വം ഉദ്ഘാടനം നടത്തും. 2002 ല്‍ അസിഫ് സഹീറും 2006ല്‍ ശബീറലിയും ഇത്തവണ മുന്‍ മോഹന്‍ ബഗാന്‍ താരം വാഹിദ് സാലിയാണ് ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം നാടിന്റെ ഉല്‍സവമാക്കിയാണ് നിര്‍വഹിക്കാറ്. കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ ഉറക്കമിളച്ച് പ്രത്യേകം തയ്യാറാക്കിയ ബിഗ് സ്‌ക്രീനിനു മുന്നില്‍ ചടഞ്ഞിരിക്കുന്നത് നാട്ടുകാരുടെ ഫുട്‌ബോള്‍ ഭ്രാന്തിന് തെളിവാണ്. കളി കാണുന്നതിന് തടസം വരാതിരിക്കാനുള്ള സജീകരണങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ലോകസമാധാനത്തിനും മാനസികോല്ലാസത്തിനും ഇത്തരം കായിക മല്‍സരങ്ങള്‍ കാരണമാകട്ടെയെന്ന് സംഘാടകര്‍ പറയുന്നത്. കെ സുലൈമാന്‍, പി നൗഷാദ്, ഇംതിയാസ്, സുലൈമാന്‍, പി സിറാജ്, കെ കെ അജ്മല്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

RELATED STORIES

Share it
Top