ലോകകപ്പിലെ വല്യേട്ടനാവാന്‍ അല്‍ഹാദിരി

മോസ്‌കോ: ഇന്നത്തെ സൗദിക്കെതിരായ മല്‍സരത്തില്‍ ഗോള്‍വല കാക്കാനിറങ്ങിയാല്‍ ഈജിപ്ഷ്യന്‍ ഗോള്‍ കീപ്പര്‍ അല്‍ഹാദിരി ചരിത്രനേട്ടം കുറിക്കും. ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോഡാണ് 45കാരനായ അല്‍ഹാദിരി സ്വന്തമാക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും കോച്ച് ഹെക്ടര്‍കൂപ്പര്‍ അല്‍ഹാദിരിക്ക് അവസരം നല്‍കിയിരുന്നില്ല. ഇതിനെതിരേ ഈജിപ്ത് ആരാധകര്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്തിരുന്നു. സൗദിക്കെതിരേ കളിക്കാനിറങ്ങിയാല്‍ കൊളംബിയയുടെ ഫാറിഡ് മോണ്‍ഡ്രാനെ പിന്തള്ളി ഹദാരി റെക്കോഡ് പുസ്തകത്തില്‍ കയറും. നാലു വര്‍ഷം മുമ്പ് ബ്രസീല്‍ ലോകകപ്പിലെ ഗ്രൂപ്പ് മല്‍സരത്തിന്റെ അവസാന അഞ്ചു മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് മോണ്‍ഡ്രാന്‍ റെക്കോഡിട്ടത്. അന്ന് 43 വയസ്സും മൂന്നു ദിവസവുമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
1996ല്‍ ദക്ഷിണ കൊറിയക്കെതിരേയാണു ഹദാരി അരങ്ങേറ്റം കുറിച്ചത്. ഈജിപ്തിനായി ഇതു വരെ 156 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. ബെല്‍ജിയത്തിനെതിരായ ലോകകപ്പ് സന്നാഹ മല്‍സരത്തിലാണ് അവസാനമായി കളിച്ചത്. എന്നാല്‍ റെക്കോഡ് നേട്ടമൊന്നുമല്ല; ഈജിപ്തിന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് വിജയം മാത്രമാണു തന്റെ ലക്ഷ്യമെന്നായിരുന്നു അല്‍ഹാദിരിയുടെ പ്രതികരണം. ഒരു നാടിന്റെ മൊത്തം ആഗ്രഹമാണത്. ലോകകപ്പിനു ശേഷം വിരമിക്കുമോ എന്ന ചോദ്യത്തിനു കളിച്ചാലും ഇെല്ലങ്കിലും തന്റെ രാജ്യത്തെ താന്‍ സേവിക്കും എന്നാണു ഹാദിരി മറുപടി നല്‍കിയത്.

RELATED STORIES

Share it
Top