ലോകകപ്പിലെ തോല്‍വി; അഫ്രീദി വിരമിക്കുന്നു

Shahid-Afridi.

കറാച്ചി; ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനല്‍ കാണാതെ ടീം പുറത്തായതിനെ തുടര്‍ന്ന് പാക് നായകന്‍ ഷാഹിദ് അഫ്രീദി വിരമിക്കാനൊരുങ്ങുന്നു. തന്റെ വിരമിക്കല്‍ തീരുമാനം പാകിസ്താനില്‍ വച്ച് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മല്‍സര ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും താരം വിരമിക്കല്‍ സൂചന നല്‍കിയിരുന്നു. ടീമിന്റെ പുറത്താവലിനെ തുടര്‍ന്ന് പാകിസ്താനില്‍ ക്യാപ്റ്റനെതിരേ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.പാക് ക്രിക്കറ്റ് ബോര്‍ഡ്  രാജി ആവശ്യപ്പെട്ടേക്കുമെന്ന ഘട്ടത്തിലാണ് അഫ്രീദി വിരമിക്കല്‍ തീരുമാനം കൈക്കൊള്ളാന്‍ പോവുന്നത്. മുന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം 35 കാരനായ നായകനെതിരേ രംഗത്ത് വന്നിരുന്നു.
ഇന്ത്യയില്‍ വച്ച് നടത്തിയ വിവാദ പ്രസ്താവനകളുടെ പേരിലും ഒരു കാലത്ത് പാകിസ്താന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ അഫ്രീദി ഏറെ പഴി കേട്ടിരുന്നു. സ്വന്തം രാജ്യത്തേക്കാള്‍ സ്‌നേഹം ഇന്ത്യയില്‍ ലഭിക്കുന്നുവെന്നും പാകിസ്താന്‍-ന്യൂസിലന്റ് മല്‍സരം കാണാന്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ കശ്മീരികള്‍ എത്തിയിരുന്നു എന്നും തുടങ്ങിയ പ്രസ്താവനകളാണ് അഫ്രീദിയുടെ അക്കൗണ്ടിലെ മോശം പേരിന് ഇത്തവണ സാക്ഷ്യം വഹിച്ചത്.

RELATED STORIES

Share it
Top