ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ വമ്പന്‍മാര്‍ വിയര്‍ത്തു; ഇനി നിര്‍ണായകംമോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഇനി നിര്‍ണായകമായ തീപാറും പോരാട്ടങ്ങള്‍. കഴിഞ്ഞ ദിവസം ഗ്രൂപ്പ് എച്ചില്‍ നടന്ന പോളണ്ട്-സെനഗല്‍ മല്‍സരത്തോടെയായിരുന്നു ഗ്രൂപ്പ്ഘട്ട ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ക്കു സമാപനം കുറിച്ചത്. ഇനിയുള്ള മല്‍സരങ്ങളിലെ തോല്‍വി പുറത്തേക്കുള്ള ടീമുകളുടെ വഴിതുറക്കുമെന്നതിനാല്‍ അരയും തലയും മുറുക്കിയാണ് ടീമുകള്‍ തയ്യാറെടുക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ 16 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ നിരവധി അപൂര്‍വ്വതകള്‍ക്കും റഷ്യ സാക്ഷ്യംവഹിച്ചിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ റഫറിയെ തീരുമാനമെടുക്കാന്‍ സഹായിക്കുന്ന വിവിആര്‍ സംവിധാനം ആദ്യമായി ലോകകപ്പില്‍ ഉപയോഗിച്ചത് ഇത്തവണയായിരുന്നു. ഗോളില്ലാ സമനിലകള്‍ എന്ന വിരസതയും ഇതുവരെ റഷ്യന്‍ ലോകകപ്പിലുണ്ടായിട്ടില്ല. എല്ലാ മല്‍സരങ്ങളിലും ചുരുങ്ങിയത് ഒരു ഗോളെങ്കിലും പിറന്നു വീണിട്ടുണ്ട്. ഗോള്‍രഹിത സമനിലകള്‍ ഇല്ലാതെ 20 മല്‍സരങ്ങള്‍ ലോകകപ്പില്‍ നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 1954ലെ ലോകകപ്പില്‍ ആണ് എല്ലാ മല്‍സരങ്ങളിലും ഒരു ഗോളെങ്കിലും ആദ്യത്തെ 20 മല്‍സരങ്ങളിലും പിറന്നത്. അന്ന് ആദ്യത്തെ 25 മല്‍സരങ്ങളിലും ഗോളുകള്‍ പിറന്നിരുന്നു.
38 ഗോളുകളാണ് ആദ്യ റൗണ്ട് പോരാട്ടങ്ങളില്‍ ആകെ പിറന്നു വീണത്. ഇതില്‍ ഒറ്റ മല്‍സരത്തില്‍ ഏറ്റവുമധികം ഗോളുകള്‍ അടിച്ചു കൂട്ടിയത് ആതിഥേയരായ റഷ്യ തന്നെയായിരുന്നു. ഏഷ്യന്‍ കരുത്തരായ സൗദി അറേബ്യക്കെതിരേ നടന്ന ആദ്യ മല്‍സരത്തില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് അവര്‍ സൗദിയെ തകര്‍ത്തത്. ഉദ്ഘാടന മല്‍സരത്തില്‍ത്തന്നെ ആതിഥേയര്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല എന്ന അപൂര്‍വതയും റഷ്യ കാത്തുസൂക്ഷിച്ചു. അതോടൊപ്പം ലോകകപ്പിലെ ആദ്യ ഗോളും റഷ്യന്‍ താരം സ്വന്തം പേരില്‍ കുറിച്ചു. 12ാം മിനിറ്റില്‍ റഷ്യന്‍താരം യൂറിന്‍ ഗാന്‍സിസ്‌കിയാണ് ഈ ലോകകപ്പിലെ തന്നെ ആദ്യ ഗോള്‍ കുറിച്ചത്. റഷ്യയുടെ അലക്‌സാണ്ടര്‍ ഗോളോവിനാണ് ഈ ലോകകപ്പിലെ ആദ്യ മഞ്ഞക്കാര്‍ഡിനര്‍ഹനായത്.  കഴിഞ്ഞ ദിവസം മൊറോക്കോയ്‌ക്കെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഗോളാണ് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ ഗോള്‍. നാലാം മിനിറ്റിലാണ് സൂപ്പര്‍താരം മൊറോക്കോ വല കുലുക്കിയത്. ആദ്യ റൗണ്ടില്‍ 50 തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തിട്ടുള്ളത്. ജപ്പാന്‍-കൊളംബിയ മല്‍സരത്തിലാണ് റഫറിക്ക് ആദ്യ ചുവപ്പുകാര്‍ഡ് പുറത്തെടുക്കേണ്ടി വന്നത്.
ആദ്യ റൗണ്ടില്‍ ദൗര്‍ഭാഗ്യത്തിന്റെ അഞ്ച് സെല്‍ഫ് ഗോളുകളാണ് പിറന്നുവീണത്. ഒമ്പത് പെനാല്‍റ്റികളാണ് ആദ്യ റൗണ്ടില്‍ അനുവദിക്കപ്പെട്ടത്. ഇതില്‍ ഏഴ് പെനാല്‍റ്റികളും ലക്ഷ്യംകണ്ടപ്പോള്‍ രണ്ടെണ്ണം ലക്ഷ്യത്തിലെത്താനായിട്ടില്ല. ഇതില്‍ ഒരു പെനാല്‍റ്റി പാഴാക്കിയതാവട്ടെ, അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയായിരുന്നു. ഫ്രീകിക്കിലൂടെ നാല് ഗോളുകളാണ് ഇതുവരെ പിറന്നു വീണത്. ഇതില്‍ ആദ്യ ഫ്രീകിക്ക് ഗോള്‍ കുറിക്കപ്പെട്ടത് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലായിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സെനഗലിന് മാത്രമാണ് ആദ്യ റൗണ്ടില്‍ വിജയിക്കാനായത്. ഈജിപ്ത്, മൊറോക്കോ, തുണീസ്യ, നൈജീരിയ ടീമുകള്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. അതേസമയം ആദ്യ റൗണ്ടില്‍ ഏഷ്യയില്‍ നിന്നും ഇറാന്‍, ജപ്പാന്‍ ടീമുകള്‍ക്ക് മാത്രമാണ് വിജയിക്കാനായത്. ഇതില്‍ കരുത്തരായ കൊളംബിയയെ തോല്‍പ്പിച്ചതോടെ ലാറ്റിനമേരിക്കന്‍ ടീമിനെ തോല്‍പ്പിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി ജപ്പാന്‍ മാറുകയും ചെയ്തു.

RELATED STORIES

Share it
Top