ലോകകപ്പിനെ വരവേറ്റ് ദമ്മാമില്‍ അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സ് മല്‍സരംദമ്മാം: അടുത്ത മാസം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മേളയെ വരവേല്‍ക്കാന്‍ സൗദി കിഴക്കന്‍ പ്രവിശ്യയിലെ കായിക പ്രേമികള്‍ തയ്യാറെടുപ്പ് തുടങ്ങി. ഫുട്‌ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകളായ ബ്രസീലും അര്‍ജന്റീനയും ഏറ്റുമുട്ടുന്ന സ്വപ്‌ന ഫൈനലിന്റെ ഫാന്‍സ് മല്‍സരം സംഘടിപ്പിച്ചാണ് ദമ്മാമിലെ പ്രവാസി കാല്‍പന്ത് പ്രേമികള്‍ ആഹ്‌ളാദം പ്രകടിപ്പിച്ചത്. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് കീഴില്‍ ഖതീഫ് സ്റ്റേഡിയത്തില്‍ നടന്ന അത്യന്തം ആവേശകരമായ മല്‍സരത്തില്‍ ബ്രസീല്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അര്‍ജന്റീനയെ പരാജയപ്പെടുത്തി. മുന്‍ ഇന്ത്യന്‍ താരങ്ങളും സംസ്ഥാന, യൂനിവേഴ്സിറ്റി താരങ്ങളും അണിനിരന്ന മല്‍സരം കാണികള്‍ക്ക് ആവേശം പകര്‍ന്നു. ആദ്യ പകുതിയില്‍ റിയാസ്, അയൂബ് എന്നിവരാണ് ഗോളുകള്‍ നേടിയത്. നഷീദ് സി ടി, സകീര്‍ വള്ളക്കടവ്, തമീം കളി നിയന്ത്രിച്ചു. വിജയികള്‍ക്ക് ലോകകപ്പ് മാതൃകയിലുള്ള കപ്പ് ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് സമ്മാനിച്ചു. ചടങ്ങില്‍ ഡിഫ പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി, സിഫ്‌കോ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുസ്സലാം കണ്ണിയന്‍ സംസാരിച്ചു. മുഹമ്മദ് നജാത്തി, ജാഫര്‍ കൊണ്ടോട്ടി, അബ്ദുല്‍ റസാഖ് തെക്കേപ്പുറം, അനില്‍ കുറിച്ചിമുട്ടം, സുബൈര്‍ ഉദിനൂര്‍ അതിഥികളായി പങ്കെടുത്തു. മണി പത്തിരിപ്പാല, റിയാസ് പറളി, സമീര്‍ സാം, റിയാസ് പട്ടാമ്പി, സഹീര്‍ മജ്ദാല്‍, സഫീര്‍ മണലൊടി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top