ലോകം യോഗയെ പുണര്‍ന്നിരിക്കുന്നുവെന്ന് പ്രധാനമന്ത്രിഡെറാഡൂണ്‍: ലോകത്തിന് ഇന്ത്യയുടെ ഏറ്റവും  വലിയ സംഭാവനയാണ് യോഗയെന്നും,ലോകം യോഗയെ പുണര്‍ന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകം മുഴുവനും എല്ലാ വര്‍ഷവും അതിന്റെ സൂചനകളാണ് നല്‍കുന്നത്. യോഗാ ദിനം ലോകത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണെന്നും അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായ ചടങ്ങില്‍ പങ്കെടുത്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരേയും ഷാങ്ഹായി മുതല്‍ ഷിക്കാഗോ
വരേയും ജക്കാര്‍ത്ത മുതല്‍ ജോഹന്നാസ്ബര്‍ഗ് വരേയും യോഗ മാത്രമാണുള്ളത്. ലോകത്തെ പരസ്പരം ചേര്‍ത്തു നിര്‍ത്തുന്ന ശക്തിയായി യോഗ ഇന്ന് മാറിയിരിക്കുന്നു. ഒരു വ്യക്തിയുടെ ശരീരത്തേയും, മനസിനേയും തലച്ചോറിനേയും ചേര്‍ത്ത് നിര്‍ത്തി സമാധാനം നല്‍കുകയാണ് യോഗ ചെയ്യുന്നതെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രി നേതൃത്വം നല്‍കിയ യോഗാ ദിനാചരണത്തില്‍ അമ്പതിനായിരത്തില്‍പരം പേരാണ് ഒരുമിച്ച് പങ്കെടുത്തത്. ഡെറാഡൂണിലെ വനഗവേഷക കേന്ദ്രത്തിലായിരുന്നു പരിപാടി. ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കേന്ദ്രങ്ങളിലും വിവിധ ലോക രാജ്യങ്ങളിലും യോഗ ദിന പരിപാടികള്‍ നടക്കുന്നുണ്ട്.
2014 ലായിരുന്നു ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ഡെറാഡൂണില്‍ നടക്കുന്ന മോദിയുടെ യോഗാദിനാചരണത്തിനായി 3000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിനിയോഗിച്ചിരിക്കുന്നത്. 60 സിസിടിവി ക്യാമറകളും സ്ഥാപിച്ച് ശക്തമായി സുരക്ഷയ്ക്ക് കീഴിലാണ് പരിപാടി.

RELATED STORIES

Share it
Top