ലോകം ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണെന്ന് വിഎസിന് മറുപടിയായി ബല്‍റാം

പാലക്കാട്: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിമര്‍ശനമുന്നയിച്ച ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന് മറുപടിയുമായി വിടി ബല്‍റാം. എംഎല്‍എ വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകള്‍ മനസിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലെ വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന വിഎസിന്റെ വാക്കുകള്‍ വലിയ ഇരട്ടത്താപ്പാണെന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാല്‍ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തില്‍ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ. അച്യുതാനന്ദന്‍ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം. കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയെക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെക്കുറിച്ചൊക്കെ നിയമസഭയില്‍ അങ്ങ് നടത്തിയ ഹീനമായ അധിക്ഷേപങ്ങള്‍ സഭാരേഖാകളില്‍ ഉണ്ടോ എന്നറിയില്ല, എന്നാല്‍ ഇപ്പുറത്തിരുന്ന് നേരില്‍ കേട്ട ഞങ്ങളുടെയൊക്കെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്.രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന് നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തില്‍ നിന്നുയര്‍ന്നുവന്ന പാര്‍ട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയില്‍ എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമുള്ള വിഎസിന്റെ  വാചകങ്ങള്‍ സാഹിത്യത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും ബല്‍റാം പരഹസിക്കുന്നു. സര്‍ക്കാര്‍ ചിലവില്‍ കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല,  ലോകം ഞങ്ങള്‍ ചെറുപ്പക്കാരുടേത് കൂടിയാണെന്നും അദ്ദേഹംഫേസ്ബുക്കില്‍ കുറിക്കുന്നു.
.

RELATED STORIES

Share it
Top