ലോകം കാത്തിരുന്ന മല്‍സരം ഇന്ന്; പറങ്കിപ്പടയ്ക്ക് ഇന്ന് ജല്ലിക്കെട്ട്മല്‍സരം രാത്രി 11.30 മുതല്‍ സോണി ഇഎസ്പിന്‍, സോണി ടെന് 2 ചാനിലില്‍

മോസ്‌കോ: 2018ലെ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങളില്‍ ലോകം ഉറ്റുനോക്കുന്ന പോര്‍ച്ചുഗല്‍-സ്‌പെയിന്‍ മല്‍സരത്തിന് കിക്കോഫെടുക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകത്തില്‍ സ്പാനിഷ് ആരാധകരും പോര്‍ച്ചുഗല്‍ ആരാധകരും മാത്രമല്ല മറ്റ് ടീമുകളുടെ ഫുട്‌ബോള്‍ പ്രേമികളും ഈ മല്‍സരത്തിനായി കാത്തിരിക്കുന്നു. റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ ഈ പോരാട്ടത്തെ വെല്ലുന്ന മറ്റൊരു മല്‍സരമില്ല. ബി ഗ്രൂപ്പ് ചാംപ്യന്‍മാരെ നിശ്ചയിക്കുന്ന പ്രധാന പോരും ഇതാണ്. ലോക റാങ്കിങില്‍ നാലാം സ്ഥാനത്തുള്ള പോര്‍ച്ചുഗല്‍ സ്‌പെയിനുമായി കൊമ്പുകോര്‍ക്കുമ്പോള്‍ വിജയം അപ്രതീക്ഷിതം. രണ്ടും വമ്പന്‍മാര്‍. സ്‌പെയിന്‍ 10ാം സ്ഥാനത്താണെങ്കിലും കരുത്തരുടെ പട്ടികയില്‍ ഇടം പിടിച്ചവരാണവര്‍. 2010ലെ കിരീടം ഒരിക്കല്‍ കൂടി ചൂടാന്‍ സ്‌പെയിന്‍ കച്ച കെട്ടി ഇറങ്ങുമ്പോള്‍ 1966ല്‍ നേടിയ മൂന്നാം സ്ഥാനം കിരീടനേട്ടത്തിലെത്തിക്കാനാണ് റോണോയും ടീമും ഇറങ്ങുക. 2006ല്‍ നാലാം സ്ഥാനം കരസ്ഥമാക്കിയതാണ് ഈയിടെയുള്ള പോര്‍ച്ചുഗല്‍  ടീമിന്റെ പ്രകടനം. 2016 ല്‍ സ്പാനിഷ് ടീം കോച്ചായി സ്ഥാനമേറ്റ ജുലന്‍ ലോപെറ്റഗുയിയെ ടീം പുറത്താക്കിയത് ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പുതുതായി പരിശീലകവേഷം ധരിച്ച മുന്‍ സ്പാനിഷ് താരം ഫെര്‍ണാണ്ടോ ഹെയ്‌റോയുടെ കളി തന്ത്രത്തിനായിരിക്കും സ്പാനിഷ് നിര ഇന്നു മുതല്‍ കാതോര്‍ക്കുക. സ്്പാനിഷ് ടീമിനൊപ്പം മൂന്ന് ലോകകപ്പുകളില്‍ ജഴ്‌സിയണിഞ്ഞ ഹെയ്‌റോ ഈ ലോകകപ്പുകള്‍ നല്‍കിയ അനുഭവങ്ങള്‍ എതിര്‍ ടീമിനെതിരേ പയറ്റാനുള്ള ശ്രമത്തിലാണ്.
എന്നാല്‍ കഴിഞ്ഞ ലോകകപ്പിന് ശേഷം സെപ്തംബറില്‍ പോളോ ബെന്റൊയെ ടീം അധികൃതര്‍ ഒഴിവാക്കിയ ശേഷം തല്‍സ്ഥാനത്തേക്ക് വന്ന സാന്റോസിന്റെ കീഴില്‍ മികച്ച പ്രകടനമാണ് പറങ്കിപട തുടര്‍ന്നു കൊണ്ടിരിക്കുന്നത്. സാന്റോസിന് കീഴില്‍ 51 മല്‍സരങ്ങള്‍ കളിച്ച പോര്‍ച്ചുഗല്‍ 33 ജയവും ഒമ്പത് സമനിലയുമാണ് കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ടീമിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട് പോര്‍ച്ചുഗീസുകാരനായ സാന്റോസ്. അവസാനമായി ഇരു ടീമുകളും തമ്മില്‍ പേരടിച്ച അഞ്ച് മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയം കാളക്കൂറ്റന്‍മാര്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടെണ്ണത്തില്‍ പോര്‍ച്ചുഗലും ജയം കണ്ടു. 2002ലെ യുറോ കപ്പ് സെമിഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗണ്ടില്‍ പോര്‍ച്ചുഗലിനെ സ്‌പെയിന്‍ പരാജയപ്പെടുത്തിയ മല്‍സരവും ഇതില്‍ ഉള്‍പ്പെടും.
കഴിഞ്ഞ രണ്ട് തവണ യൂറോ ചംപ്യന്‍മാരാണ് പോര്‍ചുഗലും സ്‌പെയിനും. 2012ല്‍ സ്‌പെയിന്‍ കിരീടം അക്കൗണ്ടിലാക്കിയപ്പോള്‍ നാല് വര്‍ഷത്തിന് ശേഷം പോര്‍ച്ചുഗലും കിരീടത്തില്‍ മുത്തമിട്ടു. സ്പാനിഷ് നിരയില്‍ സൂപ്പര്‍ ഡിഫന്‍ഡര്‍ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം കളിക്കുന്ന കാര്യം സംശയത്തിലാണ്.  റൊണാള്‍ഡോ റയല്‍ മാഡ്രിഡിലെ തന്റെ സഹതാരങ്ങളുമായി കൊമ്പുകോര്‍ക്കുന്നു എന്ന വിശേഷണവും ഈ പോരാട്ടത്തിനുണ്ട്. സ്പാനിഷ് നിരയിലെ സൂപ്പര്‍ ഗോളി ഡേവിഡ് ഡി ജിയയുടെ പ്രകടനമികവും സ്പാനിഷ് ടീമിന് ജയ സാധ്യത കല്‍പ്പിക്കുന്നുണ്ട്. ഈ മല്‍സരത്തില്‍ ജയിക്കുന്ന ടീമിന് പിന്നീടുള്ള മല്‍സരങ്ങളില്‍ സമനില പാലിച്ചാലും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാം. പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചുറ്റിപ്പറ്റി ടീം നിലനില്‍ക്കുമ്പോള്‍ താരത്തെ പൂട്ടാന്‍ കെല്‍പ്പുള്ള പ്രതിരോധത്തിന്റെ ഒരു പിടി താര നിര തന്നെയുണ്ട് സ്‌പെയിനിന്. അങ്ങനെ വന്നാല്‍ ജയത്തിന്റെ തുലാസ് സ്‌പെയിനിന്റെ ഭാഗത്താവും.

RELATED STORIES

Share it
Top