ലോകം കാത്തിരിക്കുന്നു; വീണ്ടുമൊരു ഒളിംപിക് ഗോളിനായിജലീല്‍ വടകര

കൊളംബിയ ആദ്യമായി കാലെടുത്തു വച്ച 1962ലെ ചിലി ഫുട്‌ബോള്‍ ലോകകപ്പിലെ ജൂണ്‍ മാസം മൂന്നാം തിയതി. പ്രാദേശിക സമയം മൂന്ന് മണി. ആദ്യ മല്‍സരത്തില്‍ ഉറുഗ്വായോട് 2-1ന് പരാജയപ്പെട്ട് സോവിയറ്റ് യുനിയനെതിരേ രണ്ടാം മല്‍സരത്തില്‍ ജയിക്കാനിറങ്ങി കൊളംബിയ. 3-1ന് പിന്നില്‍ നിന്ന ശേഷം 68ാം മിനിറ്റില്‍ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോസ് കോളിന്റെ ഡയറക്ട് കോര്‍ണര്‍ കിക്ക് സോവിയറ്റ് യൂനിയന്റെ വലയില്‍ ചേര്‍ന്നിരുന്നത് ചരിത്രത്തിന്റെ താളുകളില്‍ എഴുതിച്ചേര്‍ത്തതിങ്ങനെയാണ് - ലോകകപ്പില്‍ ഡയറക്ട് കോര്‍ണര്‍ കിക്കിലൂടെ കണ്ടെത്തിയ ആദ്യ ഗോള്‍. ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ടീമിനും സ്വന്തമാക്കാനാകാത്ത നേട്ടം മിഡ്ഫീല്‍ഡര്‍ മാര്‍ക്കോസ് കോളിലൂടെ കൊളംബിയ സ്വന്തം പേരിലാക്കി. അന്ന് ഒളിംപിക് ഗോള്‍ എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസത്തിന്റെ ഭാഗമായി പിന്നീട് കോളിന് ഒളിംപികോ എന്ന നാമധേയവും ലഭിച്ചു.  അന്ന് 1-4ന് പിന്നില്‍നിന്നശേഷമാണ് കൊളംബിയ 4-4ന് സമനിലപിടിച്ചത്. ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍ എന്നു പേരുകേട്ട ലെവ് യാഷിനെതിരേയായിരുന്നു ആ ഗോളുകള്‍. 56 വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യന്‍ ലോകകപ്പിലൂടെ വീണ്ടുമൊരു ഒളിംപിക് ഗോളിനായി കാത്തിരിക്കുകയാണ് കാല്‍പ്പന്ത് ആരാധകര്‍. അതും ഗ്രൂപ്പ് എച്ചിലെ കരുത്തരായ കൊളംബിയയിലൂടെ.  ലോകകപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ടത് ആകെ എട്ട് ടീമുകള്‍. ഇവരൊന്നും ഉള്‍പ്പെടാതെ കിരീടം ചൂടാ മല്ലന്‍മാരായി നില്‍ക്കുന്ന ടീമാണ് 2018ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ അവസാന ഗ്രൂപ്പായ ഗ്രൂപ്പ് എച്ച്്. കാപ്പികള്‍ നട്ടുണ്ടാക്കുന്നവര്‍ എന്നര്‍ഥം വരുന്ന ലോസ് കേഫ്‌റ്റെറോസും മൂന്ന് വര്‍ണരാജികളുടെ കൂട്ട് എന്നര്‍ഥം വരുന്ന ലാ ട്രൈക്കളറും വിളിപ്പേരായി സ്വീകരിച്ച കൊളംബിയന്‍ ടീമാണ് ഗ്രൂപ്പ് എച്ചിലെ വര്‍ണ രാശി. മറ്റ് ഗ്രൂപ്പിനെ അപേക്ഷിച്ച് എളുപ്പപ്പണി മാത്രമുള്ള ഗ്രൂപ്പ് എച്ചില്‍ ഏഷ്യന്‍ കരുത്തരായ ജപ്പാനും ആഫ്രിക്കന്‍ രാജ്യമായ സെനഗലും യൂറോപ്യന്‍ രാജ്യമായ പോളണ്ടുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഫിഫ ലോകറാങ്കിങില്‍ 16ാം സ്ഥാനത്തുള്ള കൊളംബിയക്ക് ആറ് സ്ഥാനങ്ങള്‍ മുന്നിലുള്ള പോളണ്ടാണ് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്. സെനഗല്‍ 28ാം റാങ്കിലും ജപ്പാന്‍ 60ാം റാങ്കിലുമാണ് നിലയുറപ്പിച്ചിട്ടുള്ളതെങ്കിലും അട്ടിമറികള്‍ നിത്യമാവുന്ന ലോകകപ്പില്‍ ഇനിയും തുടര്‍ന്നാല്‍ രണ്ടാമതൊരു ക്വാര്‍ട്ടര്‍ പ്രവേശനത്തിന് കൊളംബിയക്ക് ഖത്തര്‍ ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വരും.
ചരിത്രത്തില്‍ ധാരാളം ഏടുകള്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള രാജ്യമാണ് കൊളംബിയ. 1994ലെ ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരേ സെല്‍ഫ് ഗോളടിച്ച ആന്ദ്രെ എസ്‌കോബാറിനെ സ്വന്തം നാട്ടിലെ ആരാധകഭ്രാന്തര്‍ വെടിവെച്ചുകൊന്നതോടെയാണ് കൊളംബിയ ലോക ഭൂപടത്തില്‍ ഫുട്‌ബോളിന്‍മേലിലുള്ള ചോരക്കറയിലൂടെ ആദ്യമായി പ്രശസ്തിയാര്‍ജിക്കുന്നത്. പിന്നീട് ചോരപ്പാട് മുദ്രയോടെയാണ് ലോകം കൊളംബിയയെ ഉറ്റുനോക്കിയത്. എന്നാല്‍ കഴിഞ്ഞ ലോകകപ്പിലൂടെ ആദ്യമായി ഫുട്‌ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയ കൊളംബിയന്‍ ടീമിന് വെടിയുണ്ടകള്‍ മാറ്റി വച്ച് ആര്‍ഭാടപൂരിതമായ സ്വീകരണമാണ് നാട്ടില്‍ ലഭിച്ചത.് കൊളംബിയയുടെ നിലവിലെ ഗ്ലാമര്‍ താരം ജെയിംസ് റോഡ്രിഗസിന്റെ വീരോചിത പ്രകടന മികവാണ് കൊളംബിയയെ ബ്രസീലിയന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിലേക്ക് നയിക്കാന്‍ നയിച്ചത്. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ക്വാര്‍ട്ടറിലെ പോരാട്ടത്തിലൊതുങ്ങാതെ ആദ്യമായി ലോകകിരീടം സ്വന്തമാക്കാന്‍ മോഹിച്ച് ജൂണ്‍ രണ്ടാം വാരം കൊളംബിയ മോസ്‌കോ മൈതാനിയിലിറങ്ങും. 2014ലെ ലോകകപ്പ് ഗോള്‍ഡന്‍ ബൂട്ട് ചുംബിച്ച ബയേണ്‍ മ്യൂണിക്കിന്റെ അവിഭാജ്യ താരം ജെയിംസ് റോഡ്രിഗസ് തന്നെയാണ് കൊളംബിയയുടെ ആക്രമണ കുന്തമുന. 62 മല്‍സരങ്ങളിലായി  കൊളംബിയക്ക് വേണ്ടി ബൂട്ടണിഞ്ഞ റോഡ്രിഗസ് 21 ഗോളുകളാണ് അടിച്ചു കൂട്ടിയത്. കഴിഞ്ഞ ലോകകപ്പില്‍ ഇടം കണ്ടെത്താന്‍ കഴിയാതെ പോയ കൊളംബിയയുടെ എക്കാലത്തേയും ഗോള്‍ സ്‌കോറര്‍ റെഡിമേല്‍ ഫാല്‍ക്കാവോ എന്ന സ്‌ട്രൈക്കറുടെ തന്ത്രവും കൊളംബിയയുടെ ജയപരാജയങ്ങള്‍ക്ക് നിര്‍ണായകമാവും. സ്‌ട്രൈക്കിങ്  പൊസിഷനില്‍ റോഡ്രിഗസിന് കൂട്ടായി വിയ്യാ റയല്‍ താരം കാര്‍ലോസ് ബെക്കയും സെവിയ്യ താരം ലൂയിസ് മുറിയലും ടീമിനെ നയിച്ചാല്‍ എതിര്‍പോസ്റ്റിലേക്ക് കൊളംബിയ സുസജ്ജം. ഡേവിഡ് ഓസ്പിനയും കാര്‍ലോസ് സാഞ്ചസും റോഡ്രിഗസും കാമിലോ വാര്‍ഗസും കാര്‍ലോസ് ബെക്കയുമെല്ലാം 2006ലെ ലോകകപ്പില്‍ ടീമിനായി ഇറങ്ങിയതിനാല്‍ ഇത്തവണയും ഇവര്‍ക്ക് സീറ്റ് ലഭിക്കാനാണ് സാധ്യത. 85 തവണ ടീമിന് വേണ്ടി ഗോളിയുടെ ജഴ്‌സിയണിഞ്ഞ ആഴ്‌സനലിന്റെ ഡേവിഡ് ഓസ്പിനയാണ് നിലവിലെ ടീമില്‍ ഏറ്റവും പരിചയസമ്പത്തുള്ള താരം. പരിക്ക് വല്ലാതെ അലട്ടുന്ന സീസണില്‍ താരത്തിന് പകരക്കാരനായി ഡിപ്പോര്‍ട്ടീവോ താരം കാമിലോ വാര്‍ഗസും ടീമിലുണ്ട്. ലാലിഗ കപ്പിനുള്ള ബാഴ്‌സലോണന്‍ നിരയിലിടം നേടിയ ഡിഫന്‍ഡര്‍ യെറി മിനയും കൊളംബിയന്‍ ടീമിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. താരത്തിന് കൂട്ടായി ടോട്ടനത്തിന്റെ ഡേവിന്‍സന്‍ സാഞ്ചസും അവസാന ഇലവനിലുണ്ടാവാന്‍ സാധ്യതയുണ്ട്.  പച്ച നീല മഞ്ഞ എന്നീ മൂന്ന് വര്‍ണ വിസ്മയങ്ങളടങ്ങിയ ജഴ്‌സിയിലൂടെ ലോകഫുട്‌ബോളില്‍ വിസ്മയം തീര്‍ത്ത കൊളംബിയ എട്ടാം തവണയാണ് ലോകകപ്പിനെത്തുന്നത്. പോരിനൊപ്പം തന്നെ ലോകഫുട്‌ബോളില്‍ അവര്‍ സൃഷ്ടിച്ച ചില അദ്ഭുതനിമിഷങ്ങളും ചില വിസ്മയകാഴ്ചകളും ടീമിനുള്ള ആരാധകവൃത്തത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നു. 1990കളുടെ തുടക്കത്തില്‍ ഫുട്‌ബോള്‍ മാജിക്കുകള്‍ കൊണ്ടായിരുന്നു കൊളംബിയ ലോകത്തെ ഞെട്ടിച്ചത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ അര്‍ജന്റീനയ്‌ക്കെതിരായ 5-0 വിജയവും 1995ല്‍ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഹിഗ്വിറ്റ എന്ന ഗോള്‍കീപ്പര്‍ സ്‌കോര്‍പ്പിയന്‍ കിക്കിലൂടെ ഗോള്‍ രക്ഷിച്ചതും ആരാധകര്‍ അദ്ഭുതത്തോടെ കണ്ടുനിന്നു. 1990, 1994, 1998 ലോകകപ്പുകള്‍ക്ക് അവര്‍ യോഗ്യതനേടി. 1990ല്‍ രണ്ടാം റൗണ്ടിലെത്തി. 1993ല്‍  ഫിഫ ആദ്യമായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് മൂവര്‍ അവാര്‍ഡും കൊളംബിയ നാട്ടിലെത്തിച്ചു. 2001ല്‍ അവര്‍ ആദ്യമായി കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായി. 2014ല്‍ മികച്ച ഫെയര്‍ പ്ലേ അവാര്‍ഡും കൊളംബിയന്‍ രാജ്യത്തിന്റെ പേരിലായി. എന്നാല്‍, ആ മുന്നേറ്റം കാത്തുസൂക്ഷിക്കാന്‍ കൊളംബിയക്ക് പില്‍ക്കാലത്ത് കഴിഞ്ഞില്ല. 2002 മുതലുള്ള മൂന്നു ലേകകപ്പുകള്‍ക്ക് യോഗ്യത കിട്ടാതെപോയി. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം 2014ല്‍ കൊളംബിയ വീണ്ടും ലോകകപ്പിന് യോഗ്യത നേടി. അന്നവര്‍ ക്വാര്‍ട്ടറിലെത്തുകയും ചെയ്തു. അന്ന് ഗ്രീസിനെ 3-0ന് തകര്‍ത്തായിരുന്നു തുടക്കം. രണ്ടാം മല്‍സരത്തില്‍ ഐവറി കോസ്റ്റിനെ 2-1ന് അട്ടിമറിച്ചു. അവസാനമല്‍സരത്തില്‍ ജപ്പാനെയും തോല്‍പ്പിച്ച് ഗ്രൂപ്പ് ജേതാക്കളായി. 24 വര്‍ഷത്തിനുശേഷം ലോകകപ്പില്‍ കൊളംബിയ പ്രീക്വാര്‍ട്ടറില്‍. നോക്കൗട്ടില്‍ ഉറുഗ്വായെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തെങ്കിലും അവിടെ ബ്രസീലിനോട് 2-1ന് തോല്‍വി നേരിടേണ്ടി വന്നു. മാരിയോ യെപ്പിസിന്റെ ഒരു ഗോള്‍ റഫറി അനുവദിച്ചില്ല, ബ്രസീലിയന്‍ താരങ്ങളുടെ ഫൗളുകള്‍ കണ്ടതായി നടിച്ചില്ല, ഫൗള്‍ ചെയ്തിട്ടും ഒറ്റ ബ്രസീല്‍ താരത്തിനും മഞ്ഞക്കാര്‍ഡ് കാണിച്ചുമില്ല, ഇങ്ങനെ നീളുന്ന നിര്‍ഭാഗ്യത്തിന്റെ മൂടല്‍ മഞ്ഞുകള്‍ വീണ ക്വാര്‍ട്ടറിലായിരുന്നു കൊളംബിയയുടെ പോരാട്ടച്ചൂടിന്റെ അന്ത്യം. നാല് വര്‍ഷത്തിന് ശേഷം വീണ്ടും പോരാട്ടച്ചൂടുകളുടെ വിസ്മയലോകം പടുത്തുയര്‍ത്തി കൊളംബിയ റഷ്യയില്‍ കിരീടം ചൂടമോ എന്ന് കണ്ടറിയണം.

RELATED STORIES

Share it
Top