ലൈസന്‍സ് ഇല്ലാത്ത സെക്യൂരിറ്റി ഏജന്‍സികള്‍ പ്രവര്‍ത്തനം നിര്‍ത്തണം

തിരുവനന്തപുരം: സാധുവായ ലൈസന്‍സ് ഇല്ലാത്ത സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍ ഉടന്‍ പ്രവര്‍ത്തനം നിര്‍ത്തി നിയമാനുസൃത ലൈസന്‍സ് നേടാന്‍ സംസ്ഥാന കണ്‍ട്രോളിങ് അതോറിറ്റിയെ സമീപിക്കണമെന്നും ആഭ്യന്തര (എസ്എസ്ബി) വകുപ്പ് അറിയിച്ചു.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തനം തുടരുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പോലിസ് നിയമനടപടി കൈക്കൊള്ളുമെന്നും അറിയിച്ചു. ദി പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് (റെഗുലേഷന്‍) ആക്റ്റ് 2005 സെക്ഷന്‍ 2(സി)യില്‍ നിര്‍വചിക്കുന്ന പ്രകാരമുള്ള ലൈസന്‍സുള്ളവര്‍ക്കാണ് പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളത്.
കേരള പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് റൂള്‍സ് 2010 നിലവില്‍ വന്നശേഷം ലൈസന്‍സിനായി കണ്‍ട്രോളിങ് അതോറിറ്റിക്ക് അപേക്ഷിച്ചവരും ഇതുവരെ ലൈസന്‍സ് ലഭിക്കാത്തതുമായ ഏജന്‍സികള്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ രേഖകള്‍ സഹിതം കണ്‍ട്രോളിങ് അതോറിറ്റിയെ അടിയന്തരമായി സമീപിക്കണം.
നിയമാനുസൃത ലൈസന്‍സുള്ള ഏജന്‍സികളില്‍ നിന്നു മാത്രമേ വ്യക്തികളും സ്ഥാപനങ്ങളും പ്രൈവറ്റ് സെക്യൂരിറ്റി ഗാര്‍ഡുമാരുടെ സേവനം ഉപയോഗപ്പെടുത്താവൂ. സെക്യൂരിറ്റി ഗാര്‍ഡുമാരെയും സൂപ്പര്‍വൈസര്‍മാരെയും ജോലിക്കായി നിയോഗിക്കുമ്പോള്‍ പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് ചട്ടങ്ങളിലെ ചട്ടം നാലു പ്രകാരമുള്ള നടപടിക്രമങ്ങള്‍ അനുവര്‍ത്തിക്കണം. സെക്യൂരിറ്റി ഗാര്‍ഡുമാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പ്രകാരമുള്ള മിനിമം വേതനം ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഉറപ്പാക്കണം. ഏജന്‍സികള്‍ വീഴ്ച വരുത്തിയാല്‍ നിയമനടപടികള്‍ കൈക്കൊള്ളും.
നിയോഗിക്കുന്ന ഗാര്‍ഡ്/സൂപ്പര്‍വൈസര്‍മാര്‍ക്ക് മതിയായ പരിശീലനം ഏജന്‍സികള്‍ ഉറപ്പാക്കണം. ഏജന്‍സികള്‍ ലൈസന്‍സോ പകര്‍പ്പോ ശ്രദ്ധയില്‍പ്പെടുംവിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണം.
സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികള്‍ നിയോഗിക്കുന്ന ഗാര്‍ഡ്/സൂപ്പര്‍വൈസര്‍മാരുടെ യൂനിഫോം പോലിസിന്റെയോ കര, നാവിക, വ്യോമ, മറ്റു കേന്ദ്ര സേനകളുടെ യൂനിഫോമോ അങ്ങനെ തോന്നിപ്പിക്കുന്നതോ ആവരുത്. ഏജന്‍സികള്‍ പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സീസ് (റെഗുലേഷന്‍) ആക്റ്റ് 15ാം വകുപ്പില്‍ നിര്‍ദേശിക്കുന്ന രജിസ്റ്ററുകള്‍ കൃത്യമായി സൂക്ഷിക്കുകയും അധികാരികള്‍ ആവശ്യപ്പെടുമ്പോ ള്‍ പരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്യണമെന്നും ആഭ്യന്തര  വകുപ്പ് നിര്‍ദേശിച്ചു.

RELATED STORIES

Share it
Top