ലൈസന്‍സില്ലാത്ത അറവുശാലകളും കോഴിക്കടകളും അടച്ചുപൂട്ടും

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ലൈസന്‍സില്ലാത്ത അറവുശാലകളും കോഴിക്കടകളും അടച്ചു പൂട്ടാന്‍ അധികൃതരുടെയും കടക്കാരുടെയും നേതൃത്വത്തില്‍ നടന്ന സംയുക്ത യോഗത്തില്‍ തീരുമാനമായി.
പ്രദേശത്ത് കോഴിയുടെയും മറ്റു മൃഗങ്ങളുടെയും മാലിന്യം വിവിധ പ്രദേശങ്ങളിലെ പാതയോരത്ത് തള്ളുന്നതായുള്ള ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറവുശാല ഉടമകളുടെ സംയുക്ത യോഗം ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നത്. ഗ്രാമപ്പഞ്ചായത്തില്‍ ലൈസന്‍സില്ലാത്തവ എത്രയും പെട്ടെന്ന് ലൈസന്‍സെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
അതാത് ദിവസത്തെ അറവ് മാലിന്യം സംസ്‌കരിക്കാന്‍ ഉടമകള്‍ സംവിധാനം ഏര്‍പ്പെടുത്തണം. കടകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. ലൈസന്‍സ് ഇല്ലാത്തവ അടച്ചു പൂട്ടാന്‍ നടപടി സ്വീകരിക്കും. ഇടിമുഴിക്കല്‍ അങ്ങാടിയില്‍ ദേശീയ പാതയോരത്തെ മല്‍സ്യക്കച്ചവടം കര്‍ശനമായി നിരോധിക്കാന്‍ തീരുമാനിച്ചു.യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ അസീസ് പാറയില്‍, സി ശിവദാസന്‍, അസിസ്റ്റന്റ് സെക്രട്ടറി ഷീജ അഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഗിരീഷ് സംസാരിച്ചു, വാര്‍ഡ് മെംബര്‍മാരും കച്ചവടക്കാരും പങ്കെടുത്തു.

RELATED STORIES

Share it
Top