പോളണ്ടിനെ വീഴ്ത്തി സെനഗലിന് ഗംഭീര തുടക്കം


മോസ്‌കോ: ഫുട്‌ബോളിലെ ലോകോത്തര ടീമുകളുടെ വീഴ്ചകള്‍ തുടര്‍ക്കഥയായതോടെ അതില്‍പെട്ട് പോളിഷ് ടീമും. ആഫ്രിക്കന്‍ കറുത്ത കുതിരകളാവാന്‍ വേണ്ടി വന്ന സെനഗലാണ് ലെവന്‍ഡോവ്‌സ്‌കിയെയും കൂട്ടരെയും 2-1ന് കെട്ടുകെട്ടിച്ചത്. കളത്തില്‍ ലോക 27ാം നമ്പര്‍ ടീമാണ് കളിച്ചതെന്ന പ്രതീതി ജനിപ്പിക്കാത്ത വിധത്തിലാണ് പോളണ്ടിനെതിരേ സെനഗല്‍ നിറഞ്ഞുകളിച്ചത്. സെനഗലിന് വേണ്ടി എംബായെ നിയാങ് ഗോള്‍ കണ്ടെത്തിയപ്പോള്‍ ഡിഫന്‍ഡര്‍ തിയാഗോ റെയ്ഞ്ചല്‍ സിയോണെകിന്റെ സെല്‍ഫ് ഗോള്‍ ടീമിന്റെ രണ്ടാം ഗോളും സമ്മാനിച്ചു. പോളണ്ടിന് വേണ്ടി ക്രൈച്ചോവിയാക്കാണ് ആശ്വാസ ഗോള്‍ നേടിയത്.
സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ വജ്രായുധമാക്കി സെനഗല്‍ 4-2-3-1 എന്ന ശൈലിയില്‍ കളത്തിലിറങ്ങിയപ്പോള്‍ സ്റ്റോക് താരം മാമെ ദിയുഫും ടോറിനോ താരം എംബായെ നിയാനെയും മുന്നില്‍ നിര്‍ത്തി 4-4-2 എന്ന ശൈലിയിലാണ് സെനഗല്‍ ബൂട്ട് കെട്ടിയത്. തുടക്കത്തില്‍ തന്നെ പോളണ്ടാണ് ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ പിന്നീട് പോളിഷ് ഗോള്‍ പോസ്റ്റിലേക്ക് സെനഗലിന്റെ പ്രത്യാക്രമണവും ഉടലെടുത്തതോടെ പോരാട്ടത്തിന്റെ മാറ്റ് കുത്തനെ ഉയര്‍ന്നു. അക്കൗണ്ട് തുറക്കാനായി ഇരുടീമും നിറഞ്ഞ് കളിച്ചെങ്കിലും പോളണ്ട് ആദ്യ ഗോള്‍ നേട്ടം സെനഗലിന് കനിഞ്ഞു നല്‍കി. 38ാം മിനിറ്റില്‍ സനഗല്‍ സ്‌ട്രൈക്കര്‍ നടത്തിയ ഉഗ്രന്‍ തന്ത്രത്തില്‍ പോളിഷ് ഡിഫന്‍ഡര്‍ തിയാഗോ റെയ്ഞ്ചല്‍ സിയോണെകിന്റെ കാലില്‍ തട്ടി പന്ത് പോളണ്ട് വലയിലേക്ക്. സെനഗല്‍ 1-0ന് മുന്നില്‍.
പിന്നീടുള്ള ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിലെ 51ാം മിനിറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലെവന്‍ഡോവ്‌സ്‌കി തൊടുത്ത മികച്ചൊരു ഫ്രീകിക്ക് സെനഗല്‍ പോസ്റ്റിലേക്ക് ലക്ഷ്യം വച്ചെങ്കിലും ഗോളി ഖാദിം എന്‍ഡിയായെയുടെ അത്യുഗ്രന്‍ സേവില്‍ പേളണ്ടിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് ഫലം കണ്ടില്ല. തുടര്‍ന്ന് 60ാം മിനിറ്റില്‍ എംബായെ നിയാങിന്റെ ഷോട്ടിലൂടെ സെനഗല്‍ രണ്ട് ഗോള്‍ കണ്ടെത്തിയതോടെ പോളിഷ് പട തോല്‍വി മണത്തു. പോളണ്ടിന്റെ പ്രതിരോധ മികവില്‍ നിന്ന് കയ്യില്‍ ലഭിച്ച പന്ത് നിയാങ്ക് ഒറ്റയാള്‍ പോരാട്ടത്തിലൂടെ ഗോള്‍ പോസ്റ്റിലേക്ക് മുന്നേറിയപ്പോള്‍ ഗോളി മുന്നോട്ട് കയറി വന്നതോടെ ഗോളിയെയും കടന്ന് ഗോളില്ലാപോസ്റ്റില്‍ പന്ത് കയറ്റേണ്ട ആവശ്യമേ താരത്തിന് വന്നുള്ളൂ. 70ാം മിനിറ്റില്‍ പോളിഷ് താരം അര്‍കാദിയുഷ് മിലിക്കിന് മികച്ചൊരു പ്രകടനത്തിലൂടെ സെനഗല്‍ പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തേക്ക് പറന്നു. അതോടെ ടീമിന്റെ ഗോള്‍ വരള്‍ച്ച തുടര്‍ന്നു. എന്നാല്‍ 86ാം മിനിറ്റില്‍ കാമില്‍ ഗ്രോസിക്കിയെടുത്ത ഫ്രീകിക്കിനെ ക്രൈച്ചോവിയാക്ക് മനോഹരമായി ഹെഡ്ഡര്‍ ചെയ്തതോടെ പോളണ്ട് അക്കൗണ്ട് തുറന്നു. ശേഷം ഗോള്‍ വഴങ്ങാതിരിക്കാന്‍ സെനഗല്‍ പ്രതിരോധം കടുപ്പിച്ചതോടെ അവസാന വിസില്‍ മുഴങ്ങും വരെ പോളിഷ് ടീമിന് സമനില കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ 2-1ന്റെ ജയം സെനഗലിനൊപ്പം നിന്നു.
10:16:35 PM

സെനഗലിനെതിരേ പോളണ്ട് ഒരു ഗോള്‍ഡ മടക്കി
വന്‍ നാണക്കേടില്‍ നിന്ന് രക്ഷനേടി പോളണ്ട്. സെനഗലിനെതിരേ 86ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. ക്രൈച്ചോവിയാക്കാണ് പോളണ്ടിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. മല്‍സരത്തില്‍ 2-1ന് സെനഗല്‍ ലീഡ് ചെയ്യുന്നു.
9:50:56 PM
പോളണ്ടിനെതിരേ സെനഗല്‍ രണ്ട് ഗോളിന് മുന്നില്‍. 60ാം മിനിറ്റില്‍ നിയാങാണ് സെനഗലിന് വേണ്ടി വലകുലുക്കിയത്. പന്ത് പിടിച്ചെടുക്കാന്‍ മുന്നോട്ട് കയറിയ ഗോളിയെയും മറികടന്ന് പന്തുമായി കുതിച്ച് നിയാങ് അനായാസം വലകുലുക്കുകയായിരുന്നു.
9:18:20 PM


ആദ്യ പകുതിക്ക് വിസില്‍ ഉയരുമ്പോള്‍ പോളണ്ടിനെതിരേ സെനഗല്‍മുന്നില്‍. 38ാം മിനിറ്റില്‍ പോളണ്ട് താരം തിയാഗോ റേഞ്ചലിന്റെ സെല്‍ഫ് ഗോളാണ് സെനഗലിന്റെ അക്കൗണ്ട് തുറന്നത്.
8:57:36 PM

മല്‍സരം 27 മിനിറ്റ് പിന്നിടുമ്പോഴും ഇരു കൂട്ടര്‍ക്കും വലകുലുക്കാനാവുന്നില്ല. 60 ശതമാനം സമയവും പന്തടക്കത്തില്‍ പോളണ്ട് മുന്നിട്ട് നില്‍ക്കുന്നു. മൂന്ന് തവണ പോളണ്ട് ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി ഒരു തവണ മാത്രമാണ് സെനഗലിന് പോളണ്ട് ഗോള്‍മുഖത്തേക്ക് പന്തെത്തിക്കാനായത്.


മോസ്‌കോ: ഗ്രൂപ്പ് എച്ചില്‍ കരുത്തരായ പോളണ്ടും സെനഗലും തമ്മിലുള്ള മല്‍സരം പുരോഗമിക്കുന്നു. ലെവന്‍ഡോസ്‌കിയെ മുന്നില്‍ നിര്‍ത്തി 4-2-3-1 ഫോര്‍മാറ്റില്‍ പോളണ്ട് കളത്തിലിറങ്ങിയപ്പോള്‍ 4-4-2 ശൈലിയിലാണ് സെനഗല്‍ ബൂട്ടണിഞ്ഞത്. ലിവര്‍പൂള്‍ താരം സാദിയോ മാനെയാണ് സെനഗലിന്റെ കുന്തമുന.

RELATED STORIES

Share it
Top