സുവാരസ് ഗോളില്‍ ഉറുഗ്വേ; സൗദി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്


റോസ്‌റ്റോവ്: ഗ്രൂപ്പ് എയിലെ നിര്‍ണായക പോരാട്ടത്തില്‍ സൗദിയെ കീഴ്‌പ്പെടുത്തി ഉറുഗ്വേ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉറുഗ്വേ ജയിച്ചു കയറിയത്. ആദ്യ പകുതിയുടെ 23ാം മിനിറ്റില്‍ ലൂയിസ് സുവാരസാണ് ഉറുഗ്വേയ്ക്കായി ലക്ഷ്യം കണ്ടത്.
ഇരു കൂട്ടര്‍ക്കും ജയം നിര്‍ണായകമായ മല്‍സരത്തില്‍ 4-4-2 ഫോര്‍മാറ്റില്‍ ഉറുഗ്വേ ബൂട്ടണിഞ്ഞപ്പോള്‍ 4-5-1 ഫോര്‍മാറ്റിലായിരുന്നു സൗദിയുടെ പടപ്പുറപ്പാട്. ആദ്യ മല്‍സരത്തില്‍ റഷ്യയോട് 5-0ന് തോറ്റ സൗദി ജയം പിടിക്കാന്‍ പൊരുതി നോക്കിയെങ്കിലും ഉറുഗ്വേയുടെ കളിക്കരുത്തിനെ വെല്ലാനായില്ല. നൂറാം അന്താരാഷ്ട്ര മല്‍സരം കളിക്കാനിറങ്ങിയ സുവാരസിലൂടെ 23ാം മിനിറ്റില്‍ ഉറുഗ്വേ ലീഡെടുത്തു. കാര്‍ലോസ് സാഞ്ചസിന്റെ കോര്‍ണര്‍ കിക്കിനെ മാര്‍ക്ക് ചെയ്യപ്പൊതെ നിന്ന സുവാരസ് അനാസാസം വലയിലെത്തിക്കുകയായിരുന്നു. സുവരാസിന്റെ 52ാം അന്താരാഷ്ട്ര ഗോളായിരുന്നു ഇത്. ഉറുഗ്വേ 1-0ന് മുന്നില്‍. ആദ്യ പകുതി പിരിയുമ്പോള്‍ 1-0ന്റെ ലീഡ് നിലനിര്‍ത്തിയാണ് ഉറുഗ്വേ കളം പിരിഞ്ഞത്.
രണ്ടാം പകുതിയില്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുത്ത ഉറുഗ്വേയ്ക്ക് മുന്നില്‍ ഗോള്‍ മടക്കാനാവാതെ സൗദി വിയര്‍ത്തു. പിന്നീട് ഗോളകന്ന് നിന്നതോടെ ആദ്യ പകുതിയിലെ ഗോളിന്റെ കരുത്തില്‍ ഉറുഗ്വേ റഷ്യന്‍ ലോകകപ്പിലെ രണ്ടാം ജയവും സ്വന്തമാക്കി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 53 ശതമാനം സമയം പന്തടക്കത്തില്‍ സൗദി മുന്നിട്ട് നിന്നപ്പോള്‍ 13 ഗോള്‍ശ്രമങ്ങള്‍ നടത്തി ഉറുഗ്വേയും കൈയടി നേടി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സൗദി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

RELATED STORIES

Share it
Top