ഹാട്രിക്ക് റോണോ; സ്‌പെയിന്‍ പോര്‍ച്ചുഗല്‍ മല്‍സരം സമനിലയില്‍


സോച്ചി: സോച്ചി: ലോകം കാത്തിരുന്ന പോരാട്ടം സമനിലയില്‍. ഗ്രൂപ്പ് ബിയില്‍ നടന്ന പോര്‍ച്ചുഗല്‍ - സ്‌പെയിന്‍ പോരാട്ടം 3-3 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മല്‍സരത്തില്‍ പറങ്കിപ്പടയ്ക്ക് വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹാട്രിക്ക് നേടിയപ്പോള്‍ ഡീഗോ കോസ്റ്റ, നാച്ചോ എന്നിവര്‍ സ്പാനിഷ് നിരയ്ക്ക് വേണ്ടിയും ലക്ഷ്യം കണ്ടു.

തുടക്കം മുതല്‍ ആക്രമണം
ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫിക്‌സ്ചര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന മല്‍സരം ഓരോ നിമിഷവും ആരാധകരെ ഹരം കൊള്ളിക്കുന്നതായിരുന്നു. ഹിരേറോ എന്ന പുതിയ പരിശീലകന്റെ കീഴില്‍ 4-2-31 ഫോര്‍മാറ്റില്‍ സ്പാനിഷ് ടീം ബൂട്ടണിഞ്ഞപ്പോള്‍ അതേ ഫോര്‍മാറ്റില്‍ത്തന്നെ ഇറങ്ങിയാണ് പോര്‍ച്ചുഗലും കളി മെനഞ്ഞത്. സ്‌പെയിന്‍ നിരയില്‍ വജ്രായുധമായി ഡീഗോ കോസ്റ്റയെ കോച്ച് വിന്യസിച്ചപ്പോള്‍ പറങ്കിപ്പടയുടെ മുന്നില്‍ റൊണാള്‍ഡോയും സ്ഥാനം പിടിച്ചു.  തുടക്കം മുതല്‍ ആക്രമണം കണ്ട മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ത്തന്നെ സ്പാനിഷ് നിരയ്ക്ക് ഷോക്ക് നല്‍കി പോര്‍ച്ചുഗല്‍ അക്കൗണ്ട് തുറന്നു. ഇടത് വിങിലൂടെ ബോക്‌സിലേക്ക് മുന്നേറിയ റൊണാള്‍ഡോയെ സ്പാനിഷ് ഡിഫന്‍ഡര്‍ നാച്ചോ ഇടംകാല്‍ വച്ച് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനല്‍റ്റിയെ റൊണാള്‍ഡോ ഡിജിയയേയും മറികടന്ന് വലയിലെത്തിക്കുകയായിരുന്നു. 1966ന് ശേഷം ലോകകപ്പില്‍ പോര്‍ച്ചുഗല്ലിന്റെ ഏറ്റവും വേഗമേറിയ ഗോളുകൂടിയായിരുന്നു ഇത്.

ഗോള്‍ മടക്കി സ്‌പെയിന്‍
തുടക്കത്തിലേ ലീഡ് വഴങ്ങിയെങ്കിലും ശക്തമായ തിരിച്ചുവരവാണ് സ്പാനിഷ് നിര നടത്തിയത്. ടിക്ക ടാക്ക ശൈലിയുടെ മനോഹാരിതയെ മൈതാനത്ത് കാട്ടിക്കൊടുത്ത സ്പാനിഷ് നിര 24ാം മിനിറ്റില്‍ ഗോള്‍ മടക്കി.
അത്‌ലറ്റികോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റയുടെ വകയായിരുന്നു സ്‌പെയിന്റെ ആദ്യ ഗോള്‍. ഹൈ ബോളിന് പിടിച്ചെടുത്ത് ബോക്‌സിലേക്ക് കയറി കോസ്റ്റ തൊടുത്ത ഷോട്ട് പോര്‍ച്ചുഗീസ് ഗോളി പാട്രീഷിയോയെയും നിസ്സഹായനാക്കി ഗോള്‍വലയില്‍ പതിക്കുകയായിരുന്നു.
ലോകകപ്പിലെ ആദ്യ ഗോള്‍ലൈന്‍ സാങ്കേതിക വിദ്യയും ഈ മല്‍സരത്തിലൂടെ പിറന്നു. 26ാം മിനിറ്റില്‍ സ്പാനിഷ് മധ്യനിര താരം ഇസ്‌കോ തൊടുത്ത ബുള്ളറ്റ് ഷോട്ട് വോളി ക്രോസ് ബാറില്‍ തട്ടി ഗോള്‍ലൈനില്‍ വീണ്് പുറത്തേക്ക് തെറിച്ചു. എന്നാല്‍ റഫറിയുടെ വാച്ചിലെ ഡിജിറ്റല്‍ വാച്ചിലൂടെ പന്ത് ഗോള്‍ലൈന്‍ കടന്നിട്ടില്ലെന്ന് വ്യക്തമാവുകയായിരുന്നു.

വീണ്ടും റോണാള്‍ഡോ
കളിക്കണക്കുകളില്‍ പോര്‍ച്ചുഗലിനേക്കാള്‍ സ്‌പെയിന്‍ നിര ഏറെ മുന്നിലായിരുന്നു. പന്തടക്കത്തിലും ഗോള്‍ ശ്രമങ്ങളിലുമെല്ലാം വ്യക്തമായ ആധിപത്യം സ്പാനിഷ് കാളകള്‍ക്കൊപ്പം നിന്നു. എന്നാല്‍ 44ാം മിനിറ്റില്‍ കണക്കുകളെയെല്ലാം തട്ടിത്തെറിപ്പിച്ച് റൊണാള്‍ഡോ സ്പാനിഷ് നിരയുടെ നെഞ്ചിലേക്ക് രണ്ടാം വെടിയുതിര്‍ത്തു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിന് തൊട്ടരികില്‍വച്ച് റൊണാള്‍ഡോ തൊടുത്ത ഇടം കാല്‍ ഷോട്ട് സ്പാനിഷ് ഗോളി ഡിജിയയുടെ കാലില്‍ തട്ടി വലയില്‍ പതിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 2-1ന്റെ ലീഡുമായാണ് പോര്‍ച്ചുഗല്‍ കളം പിരിഞ്ഞത്.

വീണ്ടും ഡീഗോ കോസ്റ്റ
രണ്ടാം പകുതിയില്‍ കുറുകിയ പാസുകളുമായി പറങ്ക ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ച സ്‌പെയിന്‍ നിര 55ാം മിനിറ്റില്‍ സമനില പിടിച്ചു. ഇത്തവണയും ഡീഗോ കോസ്റ്റയാണ് സ്പാനിഷ് ടീമിന്റെ രക്ഷകനായത്. ഡേവിഡ് സില്‍വയുടെ ഫ്രീകിക്കിനെ വലത് മൂലയില്‍ നിന്ന് ബുസ്‌കെറ്റ്‌സ് ഹെഡ്ഡറിലൂടെ ബോക്‌സിലേക്ക് മറിച്ച് നല്‍കിയപ്പോള്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ കോസ്റ്റ പന്ത് വലയിലെത്തിച്ചു. മല്‍സരം 2-2 എന്ന നിലയില്‍. പിന്നീടുള്ള സമയത്ത് പോര്‍ച്ചുഗലിനെ മൈതാനത്ത് കാഴ്ചക്കാരാക്കുന്ന തരത്തിലായിരുന്നു സ്‌പെയിന്റെ പ്രകടനം. പറങ്കിപ്പടയ്ക്ക് പന്ത് തൊടാന്‍ പോലും അവസരം നല്‍കാതെ മുന്നേറിയ സ്‌പെയിന്‍ 58ാം മിനിറ്റില്‍ ലീഡും സ്വന്തമാക്കി. ബോക്‌സിന് പുറത്തുനിന്നും അപ്രതീക്ഷിതമായി ലഭിച്ച പന്തിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ നാച്ചോ വലയിലെത്തിക്കുകയായിരുന്നു. 3-2 സ്‌പെയിന്‍ മുന്നില്‍.

കിങ് റോണോ
നിലവിലെ ലോക ഫുട്‌ബോളിലെ ഏറ്റവും കേമന്‍ താന്‍ തന്നെയാണ് ഒരിക്കല്‍ക്കൂടി റൊണാള്‍ഡോ തെളിയിച്ചു. കാരണം ടീമിന് നിര്‍ണായക സമനില നേടിക്കൊടുത്ത ഫ്രീ കിക്കിന്റെ മനോഹാരിത വര്‍ണനക്കതീതം. 88ാം മിനിറ്റില്‍ പിക്വെ റൊണാള്‍ഡോയെ ഫൗള്‍ ചെയ്തതിന് പോര്‍ച്ചുഗലിന് അനുകൂലമായി ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഫ്രീ കിക്ക്. കിക്കെടുക്കാന്‍ ഫ്രീ കിക്കുകളുടെ രാജകുമാരന്‍ റൊണാള്‍ഡോയും. വലത് കാലിലേക്ക് തന്റെ കളിമികവ് ആവാഹിച്ച് റൊണാള്‍ഡോ തൊടുത്ത ഷോട്ട് മഴവില്ല് കണക്കെ സ്പാനിഷ് പ്രതിരോധത്തെ വകഞ്ഞ് മാറ്റി ഗോള്‍പോസ്റ്റിന്റെ ഇട് മൂലയിലേക്ക് പറന്നിറങ്ങി. റഷ്യന്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്ക് സ്വന്തം പേരില്‍ കുറിച്ച റൊണാള്‍ഡോ പോര്‍ച്ചുഗലിന് നിര്‍ണായകമായ സമനിലയും സമ്മാനിച്ചു. റൊണാള്‍ഡോയും 51ാം ഹാട്രിക്കും ദേശീയ ടീമിനുവേണ്ടിയുള്ള 84ാം ഗോളുകൂടിയായിരുന്നു ഇത്്. സ്‌പെയിന്‍ ടീമിനെതിരേ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആദ്യമായാണ് ഗോള്‍ നേടുന്നത്. മല്‍സരം സമനിലയില്‍ കലാശിച്ചതോടെ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലും സ്‌പെയിനും ഓരോ പോയിന്റുകള്‍ വീതം പങ്കിട്ടു. ഇറാനെ തോല്‍പ്പിച്ച മൊറോക്കോയാണ് മൂന്ന് പോയിന്റുകളുമായി ഗ്രൂപ്പിലെ തലപ്പത്ത്.
1:13:32 AMറൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; മല്‍സരം 3-3 സമനിലയില്‍
88ാം മിനിറ്റില്‍ ക്രസ്റ്റിയാനോ റൊണാള്‍ഡോയുടെ ഫ്രീ കിക്കില്‍ പോര്‍ച്ചുഗല്‍ 3-3 സമനില പിടിച്ചു. പിക്വെയുടെ ഫൗളിലാണ് പോര്‍ച്ചുഗലിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചത്. റൊണാള്‍ഡോയുടെ 51ാം ഹാട്രിക്ക് കൂടിയാണിത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ 84ാം ഗോളും.
12:44:16 AM

സ്‌പെയിന് ലീഡ്; സ്‌പെയിന് 3- പോര്‍ച്ചുഗല്‍ 2
58ാം മിനിറ്റില്‍ നാച്ചോ സ്‌പെയിനിനുവേണ്ടി മൂന്നാം ഗോള്‍ നേടി. റൊണാള്‍ഡോയെ ഫൗള്‍ ചെയ്ത് പെനല്‍റ്റി വഴങ്ങിയതിന്റെ പ്രായശ്ചിതം നാച്ചോ ഗോള്‍ വലകുലുക്കി തീര്‍ത്തു.
12:39:55 AMഗോള്‍ മടക്കി സ്‌പെയിന്‍; മല്‍സരം 2-2 എന്ന നിലയില്‍

ഇനിയസ്റ്റയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കിലൂടെ ഉയര്‍ന്നുവന്ന പന്തിനെ ഡീഗോ കോസ്റ്റ പോര്‍ച്ചുഗല്‍ വല കുലുക്കി. മല്‍സരം 2-2 എന്ന നിലയില്‍.
12:15:01 AMആദ്യ പകുതിയില്‍ പോര്‍ച്ചുഗല്‍ 2-1 മുന്നില്‍
ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ പോര്‍ച്ചുഗല്‍ 2-1 സ്‌പെയിനെതിരേ മുന്നിട്ട് നില്‍ക്കുന്നു. പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ( 4,44) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഡീഗോ കോസ്റ്റയാണ് (24) സ്‌പെയിനുവേണ്ടി വലകുലുക്കിയത്.


12:11:42 AM

റൊണാള്‍ഡോ മാജിക്ക് വീണ്ടും; പോര്‍ച്ചുഗല്‍ 2-1 മുന്നില്‍. 44ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോളില്‍ സ്‌പെയിനെതിരേ പോര്‍ച്ചുഗല്‍ മുന്നില്‍.
12:02:57 AM

35ാം മിനിറ്റില്‍ ഇനിയസ്റ്റയുടെ ഗോള്‍ ശ്രമം വിഫലമാവുന്നു. ഇനിയസ്റ്റയുടെ ഇടം കാല്‍ ഷോട്ട് ഗോള്‍ പോസ്റ്റിന് അരികിലൂടെ കടന്നുപോയി.
11:51:47 PMസ്‌പെയിന്‍ ഗോള്‍ മടക്കി. 24ാം മിനിറ്റില്‍ ഡീഡോ കോസ്റ്റയാണ്് സ്‌പെയിന് വേണ്ടി ഗോള്‍ നേടിയത്. മല്‍സരം 1-1 സമനിലയില്‍.
11:35:45 PMക്രിസ്റ്റ്യനോ റൊണാള്‍ഡോയുടെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഗോള്‍. ദേശീയ ടീമിന് വേണ്ടി റൊണാള്‍ഡോയുടെ 82ാം ഗോള്‍.
11:31:38 PM
പോര്‍ച്ചുഗലിന് പെനല്‍റ്റി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പെനല്‍റ്റി ബോക്‌സില്‍ നാച്ചോ ഫെര്‍ണാണ്ടസ് വീഴ്ത്തിയതിന് പോര്‍ച്ചുഗലിന് അനുകൂല പെനല്‍റ്റി വലയില്‍. പോര്‍ച്ചുഗല്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്നു.
11:27:53 PM

ഇരു ടീമും 4-2-3-1 ഫോര്‍മാറ്റില്‍. പോര്‍ച്ചുഗല്ലിനെ റൊണാള്‍ഡോ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ കോസ്റ്റയെ മുന്നില്‍ നിര്‍ത്തി സ്‌പെയിന്‍ കളി മെനയുന്നു.
11:22:20 PM

Portugal starting XI: Rui Ptaricio, Soares, Pepe, Fonte, Guerreiro, Carvalho, Moutinho, Fernandes, Silva, Guedes, Ronaldo
Spain starting XI: De Gea, Nacho, Pique, Ramos, Jordi Alba, Busquets, Koke, Silva, Isco, Iniesta, Costa
11:14:52 PMലൈവ് അപ്‌ഡേറ്റ്‌സ്: സ്‌പെയിന്‍ - പോര്‍ച്ചുഗല്‍

RELATED STORIES

Share it
Top