ലൈഫ് മിഷന്‍ രണ്ടാം ഘട്ടം അപേക്ഷകര്‍ 30നകം കരാര്‍ ഒപ്പിടണമെന്ന് ജില്ലാ കലക്ടര്‍

പാലക്കാട്: ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തില്‍ വീടിന് അപേക്ഷ നല്‍കിയവര്‍ 30നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കരാര്‍ ഒപ്പിട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബു നിര്‍ദേശിച്ചു. വീടിന്് അര്‍ഹരായവരുടെ അന്തിമ പട്ടിക പഞ്ചായത്തുകളും നഗരസഭകളും 15നകം സമര്‍പ്പിക്കണം. ലൈഫ് പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദേശം. ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള 8605 വീടുകളില്‍ 4596 വീടുകളാണ് പൂര്‍ത്തിയായത്. ബാക്കിയുള്ളവ മെയ് 31നകം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍  നിര്‍ദേശിച്ചു.
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ 32330, ഭൂമിയുള്ള ഭവനരഹിതര്‍ 21471 അടക്കം ആകെ 53801 പേരാണ് 2018-19ല്‍ വീടിനായി അപേക്ഷിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് അര്‍ഹതയില്ലാത്തവരെ ഒഴിവാക്കി അന്തിമ പട്ടിക തയാറാക്കി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 22നകം കെട്ടിടാനുമതി ലഭ്യമാക്കണം. എങ്കില്‍ മാത്രമെ 30നകം കരാര്‍ നല്‍കാന്‍ അപേക്ഷകര്‍ക്ക് കഴിയുകയുള്ളുവെന്നും കലക്ടര്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ക്ക് വൈദ്യുതി, വെള്ളം, ഗാസ് കണക്ഷന്‍ എന്നിവ നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടപടിയെടുക്കാനും നിര്‍ദേശിച്ചു. വീട് നിര്‍മാണത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയും നിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ് യൂനിറ്റുകള്‍ക്ക്  സഹായം നല്‍കുകയും ചെയ്യുന്നത് വഴി ലൈഫ് മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം ഗിരീഷ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി രാജ്‌മോഹന്‍,ദാരിദ്ര്യനിര്‍മാര്‍ജന വിഭാഗം പ്രൊജക്ട് ഡയറ്ടര്‍ പി സി ബാലഗോപാല്‍, മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top