ലൈഫ് മിഷന്‍ പദ്ധതി: 28 പഞ്ചായത്തുകള്‍ക്ക് നൂറുമേനി

കണ്ണൂര്‍: ഭവന രഹിതര്‍ക്ക് വീടുവച്ച് നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ 1,990 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. നിര്‍മാണം പാതിവഴിയിലായ വീടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളുടേയും വിവിധ വകുപ്പുകളുടെയും കീഴിലുള്ള വിവിധ പദ്ധതികളില്‍ നിര്‍മാണം പൂര്‍ത്തിയാവാതെ കിടന്ന വീടുകളാണ് ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് (644), പട്ടികജാതി വകുപ്പ് (54), പട്ടികവര്‍ഗ വകുപ്പ് (783), ഗ്രാമപ്പഞ്ചായത്ത് (361), മുന്‍സിപ്പാലിറ്റി (95), ഫിഷറീസ് വകുപ്പ് (25), കോര്‍പറേഷന്‍ (27), ന്യൂനപക്ഷ ക്ഷേമ വകുപ്പ് (1) എന്നിവയ്ക്കു കീഴിലായാണ് ഇത്രയും വീടുകള്‍ പൂര്‍ത്തീകരിച്ചത്. ജില്ലയിലെ 28 ഗ്രാമപ്പഞ്ചായത്തുകള്‍ മാര്‍ച്ച് 31നകം ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തീകരിച്ച് നിശ്ചിത സമയത്തു തന്നെ 100 ശതമാനം ലക്ഷ്യം കൈവരിച്ചു. കരിവെള്ളൂര്‍ പെരളം (6), പെരിങ്ങോം വയക്കര (4), ചെറുതാഴം (8), പട്ടുവം (3), കുറുമാത്തൂര്‍ (6), പരിയാരം (3), ചപ്പാരപ്പടവ് (1), ഉദയഗിരി (1), ആലക്കോട്(1), ഇരിക്കൂര്‍ (2), മലപ്പട്ടം (1), പയ്യാവൂര്‍ (3), കുറ്റിയാട്ടൂര്‍ (1), പാപ്പിനശ്ശേരി (7), കടമ്പൂര്‍ (5), മുണ്ടേരി (3), പെരളശ്ശേരി (1), പിണറായി (3), ന്യൂ മാഹി (2), അഞ്ചരക്കണ്ടി (1), വേങ്ങാട് (1), കതിരൂര്‍ (5), ചൊക്ലി (3), മൊകേരി (2), പന്ന്യന്നൂര്‍ (3), കീഴല്ലൂര്‍(3), പായം (9), കൊട്ടിയൂര്‍ (2) എന്നീ പഞ്ചായത്തുകളാണ് നേട്ടം കൈവരിച്ചത്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തും മാര്‍ച്ച് 31നു മുമ്പ് ലൈഫ് പദ്ധതിയിലെ മുഴുവന്‍ വീടുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കി.
ആകെ 2912 വീടുകളാണ് ആദ്യഘട്ടത്തില്‍ ജില്ലയില്‍ പൂര്‍ത്തീകരിക്കാനുള്ളത്. ഇവയിലേറെയും നിര്‍മാണത്തിന്റെ അന്തിമഘട്ടത്തിലാണെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ എന്‍ അനില്‍ അറിയിച്ചു. ലൈഫ് മിഷന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന, വീടില്ലാത്തവര്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കുന്ന പദ്ധതി ഈമാസം തന്നെ ആരംഭിക്കും. ജില്ലയില്‍ സ്വന്തമായി ഭൂമിയുള്ളവരായ ഭവനരഹിതരുടെ വിഭാഗത്തില്‍ ആകെ 4679 ഗുണഭോക്താക്കളാണുള്ളത്. ഇവര്‍ക്ക് വീടുവയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നതിന്റെ ആദ്യപടിയായി ഇവരുമായി കരാറില്‍ ഒപ്പുവയ്ക്കും. വീടുനിര്‍മാണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.
ജില്ലയിലെ 8432 ഭൂരഹിതരായ ഭവനരഹിതര്‍ക്കായി ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ പ്രാരംഭനടപടികള്‍ ആരംഭിച്ചു. കടമ്പൂര്‍ പഞ്ചായത്തിലാണ് ആദ്യ ഭവനസമുച്ചയം നിര്‍മിക്കുന്നത്. പയ്യന്നൂര്‍, കണ്ണപുരം നഗരസഭ, കണ്ണപുരം, കുറുമാത്തൂര്‍, ചിറക്കല്‍, കൂടാളി, മൊകേരി ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി ഭവനസമുച്ചങ്ങള്‍ക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുമുണ്ട്.

RELATED STORIES

Share it
Top