ലൈഫ് മിഷന്‍: ജില്ലയില്‍ 275 വീടുകള്‍ പൂര്‍ത്തിയായി

കണ്ണൂര്‍: ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന പാതിവഴിയിലായ 3109 വീടുകളുടെ പൂര്‍ത്തീകരണം ദ്രുതഗതിയി ല്‍ പുരോഗമിക്കുന്നു. ഇതില്‍ 275 വീടുകള്‍ പൂര്‍ത്തിയായി. 800ലേറെ വീടുകളുടെ മേല്‍ക്കൂര നിര്‍മാണം കഴിഞ്ഞു. ഇനി വാതിലുകളും ജനലുകളും വച്ചുപിടിപ്പിക്കല്‍, ടോയ്‌ലറ്റ് നിര്‍മാണം എന്നിവയാണ് അവശേഷിക്കുന്നത്.
ഈ വീടുകളുടെ നിര്‍മാണം ഫെബ്രുവരിയോടെ തീര്‍ക്കാനാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിച്ചുവരികയാണ്. മാര്‍ച്ച് അവസാനത്തോടെ മുഴുവന്‍ വീടുകളും പൂര്‍ത്തീകരിക്കുകയാണ് ജില്ലാ മിഷന്റെ ലക്ഷ്യം. തദ്ദേശ ഭരണസ്ഥാപനങ്ങള്‍, പട്ടികജാതി-പട്ടിക വര്‍ഗവകുപ്പുകള്‍, ന്യൂനപക്ഷം-ഫിഷറീസ് വകുപ്പുകള്‍ എന്നിവയ്ക്കു കീഴിലുള്ള വിവിധ പദ്ധതികളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാത്ത വീടുകളാണ് ജില്ലയില്‍ ലൈഫ് മിഷന്റെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്.
ത്രിതല പഞ്ചായത്തുകളും ബന്ധപ്പെട്ട വകുപ്പുകളും ഇതിനു ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വിഹിതമായ 2.50 കോടി രൂപയില്‍ രണ്ടുകോടി പഞ്ചായത്തുകള്‍ക്ക് കൈമാറാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഒന്നോ രണ്ടോ ദിവസത്തിനകം ഫണ്ട് പഞ്ചായത്തുകള്‍ക്ക് ലഭിക്കും. ലൈഫ് മിഷന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കുന്ന, വീടില്ലാത്തവര്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കുന്ന പദ്ധതി ഏപ്രിലില്‍ തന്നെ ആരംഭിക്കും.
നഗരസഭകളില്‍ 510 പേരും ഗ്രാമപ്പഞ്ചായത്തുകളില്‍ 4236 പേരുമായി  ജില്ലയില്‍ സ്വന്തമായി ഭൂമിയുള്ളവരായ ഭവനരഹിതരുടെ വിഭാഗത്തില്‍ ആകെ 4746 ഗുണഭോക്താക്കളാണുള്ളത്. ഇവര്‍ക്ക് വീടുവയ്ക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്നതിന്റെ ആദ്യപടിയായി മാര്‍ച്ച് പകുതിയോടെ കരാറില്‍ ഒപ്പുവയ്ക്കും. ഏപ്രിലില്‍ വീട് പണി ആരംഭിക്കും.
അതേസമയം ജില്ലയിലെ 8429 ഭൂരഹിതരായ ഭവനരഹിതര്‍ക്കായി ഭവനസമുച്ഛയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയുടെ പ്രാരംഭനടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. കടമ്പൂര്‍ പഞ്ചായത്തിലാണ് ആദ്യ ഭവനസമുച്ഛയം നിര്‍മിക്കുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി ഇതിനായി 15 ഏക്കര്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നഗരസഭകളില്‍ 4209 ഉം ഗ്രാമപഞ്ചായത്തുകളില്‍ 4220 ഉം പേരാണ് സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവരുടെ വിഭാഗത്തില്‍ ഉള്‍പെട്ടിട്ടുള്ളത്.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സംസ്ഥാന ലൈഫ് മിഷന്‍ ഡെപ്യൂട്ടി സി.ഇഒ സാബുക്കുട്ടന്‍ നായര്‍, പ്രോഗ്രാം മാനേജര്‍ ബി അനീഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ കെ എം രാമകൃഷ്ണന്‍, ലൈഫ് മിഷന്‍ കോ-ഓഡിനേറ്റര്‍ കെ എന്‍ അനില്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top