ലൈഫ് മിഷന്‍: ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ മികച്ച നേട്ടം

മലപ്പുറം: സംസ്ഥാന ലൈഫ് മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല അവലോകന യോഗം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.  ലൈഫ് മിഷന്‍ സ്റ്റേറ്റ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സാബുകുട്ടന്‍ നായര്‍, പ്രൊജക്ട് മാനേജര്‍ അനീഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി ജി വിജയകുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോഓന്‍ഡിനേറ്റര്‍ എം ശ്രീഹരി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍  പങ്കെടുത്തു.ഒന്നാംഘട്ടം ലൈഫ്മിഷന്റെ ഭാഗമായി ജില്ലയില്‍ പൂര്‍ത്തിയാകാത്ത ഭവന നിര്‍മാണം മാര്‍ച്ച് 31 നകം  പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ 490, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഐഎവൈ, വിവിധ വകുപ്പുപദ്ധതികളിലായി 1966 ഉം മുന്‍സിപ്പാലിറ്റികളില്‍ 732 ഉം ജില്ലാ പഞ്ചായത്തില്‍ ആറും ഉള്‍പ്പെടെ 3,194 ഭവനങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്. ലൈഫ്മിഷന്റെ ഭാഗമായി 50 ശതമാനം തുക അഡ്വാന്‍സ് ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ നല്‍കണമെന്ന് എല്ലാ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കി. 216 ഭവനങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിക്കപ്പെട്ടു. 370 ഭവനങ്ങള്‍ മേല്‍കൂര സ്റ്റേജില്‍ എത്തിയും ട്രഷറി നിയന്ത്രണം ഒഴിവാകുന്നതോടെ 1000 ത്തോളം  വീടുകള്‍ താമസം പൂര്‍ത്തീകരിക്കും. ജില്ലയില്‍ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ 577 വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്‍ വിവിധ എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഐകള്‍ എന്നിവയുടെ സഹായത്തോടെ 355 വീടുകള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി. രണ്ടാംഘട്ട ലൈഫ് മിഷനില്‍ ജില്ലയില്‍ 11 ഗ്രാമപ്പഞ്ചായത്തുകളും രണ്ട് നഗരസഭകളും ലൈഫ് മിഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. മറ്റു സ്ഥലങ്ങളില്‍ ഗ്രാമസഭകള്‍, വാര്‍ഡ്‌സഭകള്‍ നടന്നു വരുന്നു. ഡാറ്റ എന്‍ട്രിയില്‍ റേഷന്‍കാര്‍ഡ് ഇരട്ടിപ്പ്മൂലം സംഭവിച്ച തെറ്റുകള്‍ തിരുത്തുന്നതിന് ലൈഫ്മിഷന്‍ പിഎയുവില്‍ പ്രൊജക്ട് ക്ലിനിക് നല്‍കി തെറ്റുകള്‍ പരിഹരിക്കുന്നതിന് അവസരം നല്‍കി. വിവിധ ഗ്രാമപ്പഞ്ചായത്തുകള്‍ അവസരം ഉപയോഗപ്പെടുത്തി.

RELATED STORIES

Share it
Top