ലൈഫ് മിഷന്‍: ആലപ്പുഴ ജില്ലയില്‍ 431 വീടുകള്‍ പൂര്‍ത്തിയായി

ആലപ്പുഴ: ജില്ലയിലെ ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 427 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. വിവിധ പദ്ധതികളില്‍ മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ സഹായം ലഭ്യമായതും വിവിധ കാരണങ്ങളാല്‍ പൂര്‍ത്തീകരിക്കാത്തതുമായ 3318 ഭവനങ്ങളാണ് ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്തിരുന്നത്.
വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഫിഷറീസ്, ന്യൂനപക്ഷക്ഷേമ വകുപ്പുകളുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് നിര്‍മ്മാണത്തിന് ഒന്നോരണ്ടോഗഡു ധനസഹായം കൈപ്പറ്റിയെങ്കിലും സാമ്പത്തിക പരാധീനതയാല്‍ പണിപൂര്‍ത്തീകരിക്കാനാവാതെ ഇപ്പോഴും ഷീറ്റുമറച്ച കുടിലുകളിലടക്കം കഴിയുന്ന ഒട്ടേറെ കുടുംബങ്ങള്‍ക്കാണ് ലൈഫ്മിഷന്‍ സഹായമായത്. ധനസഹായം ആനുപാതികമായി നാലു ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചുനല്‍കിയാണ് ലൈഫ് മിഷന്‍ പദ്ധതി ഏറ്റെടുത്തത്.
സര്‍ക്കാര്‍ ധനസഹായംകൊണ്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഭവനങ്ങള്‍ക്കായി ഭവനനിധി രൂപീകരിച്ചും ഒട്ടേറെ സംഘടനകളുടേയും വ്യക്തികളുടേയും സഹായം സ്വീകരിച്ചുമാണ് ജില്ലയില്‍ ഈ വീടുകളുടെ നിര്‍മ്മാണം നടന്നു വരുന്നത്. പണം ലഭ്യമാക്കിയാലും സ്വന്തമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനാകാത്ത ഒട്ടേറേ കുടുംബങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ വീടുകളുടെ നിര്‍മ്മാണം ഇനിയും പൊതുസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്. രണ്ടാം ഘട്ടത്തില്‍ ഭൂരഹിതഭവനരഹിതരുടേയും ഭൂമിയുള്ള ഭവനരഹിതരുടേയും പട്ടികയ്ക്ക് ആലപ്പുഴ നഗരസഭ ഒഴികെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളും അംഗീകാരം നല്കി കഴിഞ്ഞു. ഇതുവരെ അംഗീകാരം നല്കിയതില്‍ 19384 ഭൂരഹിതഭവനരഹിതരും 14460 ഭൂമിയുള്ള ഭവനരഹിതരും ആണ് ജില്ലയിലുള്ളത്. ഭൂമിയുള്ള എല്ലാ ഭവനരഹിതര്‍ക്കും വീട് നിര്‍മ്മിച്ച് നല്കും. ഭൂരഹിതഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് 10 പ്ലോട്ടുകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജില്ല കളക്ടര്‍ ടി. വി. അനുപമ, പ്രോജക്ട് ഡയറക്ടര്‍  കെ.ആര്‍.ദേവദാസ്, ജില്ല കോഓര്‍ഡിനെറ്റര്‍  പി. പി. ഉദയസിംഹന്‍ എന്നിവരുടെ  നേതൃത്വത്തിലും കര്‍ശന നിരീക്ഷണത്തിലുമാണ് മുന്നോട്ടു പോകുന്നത്.

RELATED STORIES

Share it
Top