ലൈഫ് പാര്‍പ്പിട പദ്ധതിഗുണഭോക്താക്കളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചില്ല

തൃശൂര്‍: സംസ്ഥാനത്തു നടപ്പാക്കുന്ന ലൈഫ് പാര്‍പ്പിട പദ്ധതിയിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഇതുവരെ പ്രഖ്യാപിച്ചില്ല. പദ്ധതി ആരംഭിക്കാത്തതും അതിനാവശ്യമായ തുക സംസ്ഥാന സര്‍ക്കാരിനു കണ്ടെത്താന്‍ കഴിയാത്തതുമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭൂരഹിതരും ഭൂമിയുള്ളവരുമായ ഗുണഭോക്താക്കള്‍ കടുത്ത ആശങ്കയില്‍. ഗുണഭോക്താക്കളുടെ ആശങ്ക ദൂരീകരിക്കണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എ മുഖ്യമന്ത്രി, തദ്ദേശമന്ത്രി, ലൈഫ് മിഷന്‍ സിഇഒ എന്നിവര്‍ക്ക് പ്രത്യേകം കത്ത് നല്‍കി.
സംസ്ഥാനത്തെ 1,034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഭൂമിയുള്ളവരും ഭൂമിയില്ലാത്തവരുമായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ വീട് നിര്‍മിച്ചുകൊടുക്കുന്ന പദ്ധതിയാണ് ലൈഫ് മിഷന്‍ ഏറ്റെടുത്തിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും നഗരസഭകളും അവരുടെ തനത് ഫണ്ടും സര്‍ക്കാര്‍ നല്‍കുന്ന വികസന ഫണ്ടുകളും ഉപയോഗിച്ച് നിശ്ചിത തുക സബ്‌സിഡിയായി നല്‍കിക്കൊണ്ടാണ് പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കിയിരുന്നത്. ഇതോടൊപ്പം കേന്ദ്രസര്‍ക്കാരിന്റെ പാര്‍പ്പിട പദ്ധതിയായിരുന്ന ഐഎവൈ, പിഎംഎവൈ, പട്ടികജാതി-വര്‍ഗ വകുപ്പുകള്‍ നല്‍കുന്ന പദ്ധതികള്‍ ഇവയെല്ലാം നടപ്പാക്കിയിരുന്നു. എന്നാല്‍, ലൈഫ് മിഷന്‍ പ്രഖ്യാപിച്ചതോടെ 2016-2017 സാമ്പത്തികവര്‍ഷം മുതല്‍ മേല്‍സൂചിപ്പിച്ച പദ്ധതികള്‍ ഒന്നാകെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
ലൈഫ് മിഷന്‍ നിലവില്‍ വന്നതിനുശേഷം സംസ്ഥാനത്ത് ഗ്രാമപ്പഞ്ചായത്തുകളില്‍ ഒരു വീടുപോലും നിര്‍മിക്കാനുള്ള സഹായം സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 2018 മാര്‍ച്ച് 6ന് നിയമസഭയില്‍ തദ്ദേശമന്ത്രി നിലവില്‍ ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കളുടെ പട്ടികയിലുള്ള മുഴുവന്‍ ആളുകള്‍ക്കും 2018-2019 സാമ്പത്തികവര്‍ഷം ഭവനം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. നിയമസഭയില്‍ തന്നെ നല്‍കിയ വിവരമനുസരിച്ച് 1,43,742 ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്നതിന് 42,000 കോടി രൂപ ആവശ്യമാണെന്നും ഇതിനാവശ്യമായ തുക ബജറ്റ് വിഹിതം, കേന്ദ്രാവിഷ്‌കൃത വിഹിതം, വായ്പ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം എന്നിവയില്‍ നിന്ന് കണ്ടെത്തുമെന്നാണു സൂചിപ്പിച്ചിട്ടുള്ളത്. പദ്ധതി പ്രഖ്യാപിച്ച് രണ്ടുവര്‍ഷമായിട്ടും ഗുണഭോക്താക്കളെ നിശ്ചയിക്കാനോ ആവശ്യമായ തുക കണ്ടെത്താനോ ഇതേവരെ ലൈഫ് മിഷന് കഴിഞ്ഞിട്ടില്ല. ഭൂമിയില്ലാത്ത ആളുകള്‍ക്ക് ഭവനസമുച്ചയം നിര്‍മിക്കുന്ന പദ്ധതിക്കായി കൊല്ലം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കാസര്‍കോട് എന്നീ ഏഴ് ജില്ലകളെ മാത്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടെയും നിര്‍മാണം ആരംഭിച്ചിട്ടില്ല. ഫലത്തില്‍ ഭൂമിയുള്ളവര്‍ക്കും ഭൂമിയില്ലാത്തവര്‍ക്കും വീട് ഇല്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ഈ പദ്ധതിമൂലം കേന്ദ്രസര്‍ക്കാരിന്റെ പിഎംഎവൈ പദ്ധതി പോലും സംസ്ഥാനത്ത് നടപ്പാക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ലൈഫ് മിഷന്‍ പദ്ധതിയിലേക്കാവശ്യമായ ഗുണഭോക്താക്കളുടെ പട്ടിക അടിയന്തരമായി പ്രസിദ്ധീകരിക്കുകയും അംഗീകരിച്ച ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചതുപോലെ ഈ സാമ്പത്തികവര്‍ഷം തന്നെ (2018-2019) വീട് നിര്‍മിച്ചുനല്‍കുമെന്ന ഉറപ്പ് പാലിച്ച് ഭവനരഹിതരുടെ ആശങ്ക അകറ്റണമെന്നും സര്‍ക്കാരിന് ഈ പദ്ധതി നടപ്പാക്കാന്‍ കഴിയാത്തപക്ഷം അതിനു തയ്യാറുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നേരിട്ട് ഏല്‍പ്പിക്കാന്‍ തയ്യാറാവണമെന്നും അനില്‍ അക്കര എംഎല്‍എ കത്തില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top