ലൈഫ് പദ്ധതി, ഭവന പൂര്‍ത്തീകരണത്തില്‍ പുരോഗതി

മലപ്പുറം: ഒന്നാംഘട്ടം ലൈഫ് മിഷന്റെ ഭാഗമായി ജില്ലയില്‍ വര്‍ഷങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുന്ന ഭവനങ്ങളുടെ പൂര്‍ത്തീകരണം കൈവരിക്കുന്നതിനു ജില്ലയില്‍ കാര്യമായ പുരോഗതി ഉണ്ടായതായി വിലയിരുത്തപ്പെട്ടു. ജില്ലാതല അവലോകന യോഗത്തിലാണു വിലയിരുത്തിയത്. നിലവില്‍ ഗ്രാമപഞ്ചായത്തുകളില്‍ 479, ബ്ലോക്ക് പഞ്ചായത്തുകളില്‍ ഐഎവൈ, വിവിധ വകുപ്പുപദ്ധതികളിലായി 975, മുന്‍സിപ്പാലിറ്റികളില്‍ 361, ജില്ലാ പഞ്ചായത്തില്‍ 6 ഉള്‍പ്പെടെ 3069 ഭവനങ്ങളാണ് പൂര്‍ത്തീകരിക്കാനുളളത്. മൊത്തം 1599 വീടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു.
മെയ് 31 നകം മുഴുവന്‍ വീടുകളും പൂര്‍ത്തീകരിക്കപ്പെടും. എല്ലാ വകുപ്പുകള്‍ക്കും ടാര്‍ജറ്റുകള്‍ വീതിച്ചു നല്‍കിയിട്ടുണ്ട്. ലൈഫ്മിഷന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുണഭോക്തൃസംഗമങ്ങള്‍ വിവിധ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലായി നടന്നുവരുന്നു.  ജില്ലയിലെ ഭൂമിയുള്ള 14657 ഗുണഭോക്താക്കള്‍ക്കും വര്‍ഷം 4 ലക്ഷം രൂപവീതം നല്‍കും.
40,000 രൂപ വീതം മുന്‍കൂര്‍ തുക എല്ലാ ഗുണഭോക്താക്കള്‍ക്കും നല്‍കും. 6 മാസത്തിനകം വീടുകള്‍ പൂര്‍ത്തീകരിക്കണം. ഭാഗികമായി നിര്‍മ്മാണം നടന്നു കഴിഞ്ഞ ഗുണഭോക്താക്കള്‍ ഇതിനോടകം നിര്‍മ്മിച്ച ഭവനഭാഗം പൊളിച്ചു നീക്കേണ്ടതില്ല.     ഗുണഭോക്താവ് ഒരു തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുകയും ഭൂമി മറ്റൊരു തദ്ദേശസ്വയം ഭരണസ്ഥാപനത്തിലുമാണെങ്കില്‍ അദ്ദേഹത്തിന് ഭൂമിസ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കും.  അതുപോലെ ഭൂമിയില്ലാത്ത പട്ടികയിലുള്ള ഗുണഭോക്താവിന് പിന്നീട് ഭൂമി ലഭ്യമായാല്‍ ബന്ധപ്പെട്ട പട്ടികയിലേക്ക് മാറ്റാവുന്നതാണ്.
റേഷന്‍ കാര്‍ഡില്ലാത്ത അഗതികളെ ലൈഫ് പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശവും യോഗത്തില്‍ നല്‍കിയിട്ടുണ്ട്. ലൈഫ് ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ തൊഴില്‍ നല്‍കുന്നതിനും സ്വയം തൊഴില്‍ ആരംഭിക്കുന്നതിനും  കുടുംബശ്രീ’യുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും. മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സൗജന്യ വൈദ്യൂതി കണക്ഷന്‍ ലഭ്യമാക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി 90 ദിവസത്തെ തൊഴില്‍ ദിനങ്ങളും സൗജന്യഗൃഹനിര്‍മാണ വസ്തുക്കളും നല്‍കും.
കിണര്‍/കക്കൂസ് എന്നിവ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചു നല്‍കും.ജില്ലാ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് കുമാര്‍ മീണ, ലൈഫ് മിഷന്‍ സ്റ്റേറ്റ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിനു ഫ്രാന്‍സിസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി ജി വിജയകുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം ശ്രീഹരി, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍,  മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, ഗ്രാമപ്പഞ്ചായത്ത് നിര്‍വഹണ ഉദ്യോഗസ്ഥന്‍മാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top