ലൈഫ് ഒന്നാംഘട്ടം: ജില്ലയില്‍ 2013 വീടുകള്‍ പൂര്‍ത്തിയായി

ഇടുക്കി: കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 2013 വീടുകള്‍ പൂര്‍ത്തീകരിച്ചു. കഴിഞ്ഞ 15 വര്‍ഷങ്ങളായി വിവിധ ഭവനനിര്‍മാണ പദ്ധതികളില്‍ ഉള്‍പ്പെട്ട് ഭാഗികമായി ധനസഹായം ലഭിച്ചതും എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതുമായ വീടുകളുടെ നിര്‍മാണമാണ് ലൈഫ് മിഷന്‍ ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്.
ഇങ്ങനെയുള്ള ഗുണഭോക്താക്കള്‍ക്ക് ലൈഫിന്റെ ഭവനനിര്‍മാണത്തിന് അനുവദിക്കുന്ന തുകയായ 4 ലക്ഷത്തിന് ആനുപാതികമായി ധനസഹായം നല്‍കിയാണ് പണി പൂര്‍ത്തീകരിക്കുന്നത്. ഇത്തരത്തില്‍ ജില്ലയില്‍ വിവധ വകുപ്പുകളിലായി ആകെ 4055 ഭവനങ്ങളാണ് പൂര്‍ത്തീകരിക്കാനുള്ളത്. ശേഷിക്കുന്ന 2042 ഭവനങ്ങളുടെ നിര്‍മാണം മെയ് 31നകം പൂര്‍ത്തീകരിക്കാന്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ലൈഫ് മിഷന്‍ ജില്ലാതല അവലോകനയോഗം തീരുമാനിച്ചു.
ലൈഫ് മിഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സാബുക്കുട്ടന്‍ നായര്‍ പദ്ധതി അവലോകനം ചെയ്തു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി. എം. മുഹമ്മദ് ജാ, ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ കെ പ്രവീണ്‍, എഡിസി(ജനറല്‍) എന്‍ ഹരി എന്നിവര്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപ്പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, പട്ടികജാതി വികസന വകുപ്പ്, പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നിവ വഴിയാണ് പദ്ധതിയുടെ നിര്‍വ്വഹണം നടക്കുന്നത്.
ഇതില്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ 985ല്‍ 599ഉം ഗ്രാമപഞ്ചായത്തുകളുടെ 741ല്‍ 461ഉം മുന്‍സിപ്പാലിറ്റിയുടെ 12ല്‍ 9ഉം പട്ടികജാതി വികസന വകുപ്പിന്റെ 793ല്‍ 128ഉം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 1521ല്‍ 816ഉം നിര്‍മ്മാണം പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ തൊടുപുഴ, കട്ടപ്പന എന്നിവ 100 ശതമാനം ലക്ഷ്യം കൈവരിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റിയും 100 ശതമാനം ലക്ഷ്യം കൈവരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ വണ്ടിപ്പെരിയാര്‍, കുമളി, വണ്ടന്‍മേട്, ഉടുമ്പന്‍ചോല, വാത്തിക്കുടി, ബൈസണ്‍വാലി, വെള്ളത്തൂവല്‍, കരിമണ്ണൂര്‍, ചക്കുപള്ളം, കുമാരമംഗലം, മണക്കാട് എന്നീ പഞ്ചായത്തുകള്‍ 100 ശതമാനം ലക്ഷ്യം പൂര്‍ത്തീകരിച്ചു.
യോഗത്തില്‍ വിവധ വകുപ്പുകളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥരും പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

RELATED STORIES

Share it
Top