ലൈംഗിക പീഡനം: പി കെ ശശിക്കെതിരേ കേസെടുക്കാനാവില്ല: ഐജിയുടെ റിപോര്‍ട്ട്

പാലക്കാട്: ലൈംഗിക പീഡനത്തിന്റെ പേരില്‍ ആരോപണവിധേയനായ സിപിഎം ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരേ കേസെടുക്കാനാവില്ലെന്ന് തൃശൂര്‍ റേഞ്ച് ഐജിയുടെ റിപോര്‍ട്ട്. കെഎസ്‌യു, യുവമോര്‍ച്ച എന്നിവ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന പോലിസ് മേധാവിക്ക് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്.
പെണ്‍കുട്ടിയെ നേരില്‍ക്കണ്ടു വിവരങ്ങള്‍ തേടിയിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി ലഭിച്ചിട്ടുള്ളത്. പാലക്കാട് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ഐജി റിപോര്‍ട്ട് സമര്‍പ്പിച്ചത്. ഡിജിപിക്ക് ലഭിച്ച ഒരുപറ്റം പരാതികള്‍ പ്രകാരമായിരുന്നു പ്രാഥമിക അന്വേഷണം. ഇരയോ ബന്ധുക്കളോ പറയാതെ മൂന്നാമതൊരാള്‍ പരാതി ഉന്നയിച്ചാല്‍ ഇത്തരം കേസുകളില്‍ പരാതി സ്വീകരിക്കാനാവില്ല എന്നാണ് പോലിസിനു ലഭിച്ച നിയമോപദേശം.ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശി പാര്‍ട്ടി ഓഫിസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയതാണ് സംഭവത്തിന് ആധാരം.

RELATED STORIES

Share it
Top