ലൈംഗികാരോപണം: ബോളിവുഡ് നടന്‍ ജിതേന്ദ്രയ്ക്ക്എതിരേ കേസ്‌

സിംല: പ്രശസ്ത ബോളിവുഡ് നടന്‍ ജിതേന്ദ്രയ്‌ക്കെതിരേ ലൈംഗികാരോപണ പരാതി. ജിതേന്ദ്രയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സ്ത്രീയാണ് 50 വര്‍ഷം മുമ്പ് നടന്‍ പീഡിപ്പിച്ചുവെന്ന് ഹിമാചല്‍പ്രദേശ് ഡിജിപിക്ക് രണ്ടുപേജുള്ള പരാതി നല്‍കിയത്. നടന്‍ ജിതേന്ദ്രയുടെ യഥാര്‍ഥ പേര് രവി കപൂര്‍ എന്നാണ്. ഈ പേരാണ് സ്ത്രീ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. തനിക്ക് 18ഉം ജിതേന്ദ്രയ്ക്ക് 28ും വയസ്സുള്ളപ്പോഴാണ് നടന്‍ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതെന്നു യുവതി പരാതിയില്‍ പറയുന്നു. 1971 ജനുവരിയിലായിരുന്നു സംഭവം. തന്റെ പിതാവിനെ ഒരു പരിപാടിക്കെന്ന വ്യാജേന വിളിച്ചുകൊണ്ടുപോവുകയായിരുന്നു. തനിക്കും ക്ഷണമുണ്ടായിരുന്നു. തങ്ങള്‍ ഒരുമിച്ച് കാറിലാണ് പോയത്. തുടര്‍ന്ന് സിംലയിലെ ഒരു സിനിമാ സെറ്റിലെത്തി. അവിടെ നിന്ന് തന്നെ മാത്രം ഒരു ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. യാത്രാക്ഷീണംമൂലം ഹോട്ടലിലെത്തിയ ഉടനെ താ ന്‍ കിടന്നു. അവിടെവച്ചാണ് തന്നെ ലൈംഗികമായി പീഡിപ്പിച്ചത്. ജിതേന്ദ്ര അന്ന് നന്നായി മദ്യപിച്ചിരുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. ഇത്രയും കാലം ഈ സംഭവം പുറത്തുപറയാതിരുന്നത് ഭയംമൂലമായിരുന്നു. മാത്രമല്ല, ജിതേന്ദ്ര സ്വാധീനം ഉപയോഗിച്ച് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചേക്കാമെന്നും താ ന്‍ സംശയിച്ചുവെന്നും പിതാവിന്റെ മരണശേഷമാണ് എല്ലാം വെളിപ്പെടുത്തുന്നതെന്നും സ്ത്രീ വ്യക്തമാക്കി. പരാതി ലഭിച്ചിട്ടുണ്ടെന്നും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും സിംല എസ്പി കുശാല്‍ ശര്‍മ സ്ഥിരീകരിച്ചു. അതേസമയം 50 വര്‍ഷം മുമ്പ് പീഡിപ്പിച്ചുവെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും ജിതേന്ദ്രയുടെ അഭിഭാഷകനായ റിസ്‌വാന്‍ സിദ്ദീഖി പറഞ്ഞു. ഒരു കോടതിയും കേസ് അംഗീകരിക്കില്ല. ഇത്തരം കേസുകളില്‍ മൂന്നുവര്‍ഷത്തിനകം പരാതി സമര്‍പ്പിക്കണമെന്നാണു നിയമമെന്നും സിദ്ദീഖി ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top