ലൈംഗികാതിക്രമത്തില്‍ സഹികെട്ട് നിഫ്റ്റിലെ വിദ്യാര്‍ഥിനികള്‍

തളിപ്പറമ്പ്: കേന്ദ്ര മാനവവിഭശേഷി മന്ത്രാലയത്തിനു കീഴിലെ ഫാഷന്‍ ടെക്‌നോളജി പഠനകേന്ദ്രമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (നിഫ്റ്റ്)യുടെ ധര്‍മശാല കാംപസ് പരിസരത്ത് വിദ്യാര്‍ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം പതിവായി. അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി സമീപത്തെ കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളും അണിചേര്‍ന്നു. നിഫ്റ്റിന്റെ രാജ്യത്തെ 15 കാംപസുകളിലൊന്ന് കേരളത്തില്‍ ധര്‍മശാലയിലാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠനം നടത്തുന്നുണ്ട്. എന്നാല്‍, കാംപസിനു വെളിയില്‍ വിദ്യാര്‍ഥിനികളെ പൂവാലസംഘം നിരന്തരമായി അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പരാതി.
ഇതരസംസ്ഥാന വിദ്യാര്‍ഥിനികളാണ് അതിക്രമത്തിന് ഇരയാവുന്നരില്‍ ഏറെയും. ഭയം കാരണം ഇവര്‍ സംഭവം പുറത്തുപറയാന്‍ മടിക്കുകയാണ്. കഴിഞ്ഞ ദിവസം നിഫ്റ്റിലെ ഒരു വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ സംഘം കടന്നുപിടിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുമാസം മുമ്പും സമാനമായ സംഭവം അരങ്ങേറി. വാനിലെത്തിയ സംഘം ഇതരസംസ്ഥാന വിദ്യാര്‍ഥിനിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. സഹപാഠികള്‍ പ്രതിരോധിച്ചതിനാലാണ് വിദ്യാര്‍ഥിനി അന്നു രക്ഷപ്പെട്ടത്. വിഷയം നിഫ്റ്റ് അധികൃതരുടെയും പോലിസിന്റെയും ജില്ലാ കലക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായിരുന്നില്ല. സമീപത്തെ ഹോസ്റ്റലിലേക്കും ഹോട്ടലുകളിലേക്കും പോകുന്ന വഴിയിലും വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുകയാണ് പൂവാലന്‍മാര്‍. അതിക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് നിഫ്റ്റിലെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവര്‍ ദേശീയപാതയോരത്ത് തെരുവുനാടകവും അവതരിപ്പിച്ചു.
ഇന്നലെ നിഫ്റ്റിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തി.

RELATED STORIES

Share it
Top