ലൈംഗികാതിക്രമം: തനുശ്രീ ദത്ത പരാതി നല്‍കി

മുംബൈ: നടന്‍ നാനാ പടേക്കര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ചു ബോളിവുഡ് നടി തനുശ്രീ ദത്ത പോലിസില്‍ പരാതി നല്‍കി. 2008ല്‍ 'ഹോണ്‍ ഓകെ പ്ലീസ്' എന്ന സിനിമയുടെ സെറ്റില്‍ വച്ച് നടന്‍ തന്നോടു ലൈംഗികാതിക്രമം കാണിച്ചെന്നാണു തനുശ്രീയുടെ പരാതി.
വസ്ത്രാലങ്കാര വിദഗ്ധനായിരുന്ന ഗണേഷ് ആചാര്യക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. മുംബൈയിലെ അന്ധേരി മേഖലയിലെ ഒഷിവാര പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.
റിപബ്ലിക് ചാനലിന് കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തിലും നടി തനിക്ക് നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പടേക്കര്‍ക്കു പുറമെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്കെതിരേയും തനുശ്രീ ആരോപണം ഉന്നയിച്ചു.
2005ല്‍ 'ചോക്കലേറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ സീനില്‍ ഇല്ലാതിരുന്നിട്ട് കൂടി വസ്ത്രങ്ങളഴിച്ച് നടന്‍ ഇര്‍ഫാന്‍ ഖാന് മുന്നില്‍ നൃത്തം ചെയ്യാന്‍ അഗ്നിഹോത്രി ആവശ്യപ്പെട്ടെന്നായിരുന്നു തനുശ്രീ ആരോപിച്ചത്.
ആരോപണം തെറ്റാണെന്നും നടി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് നാനാ പടേക്കര്‍ വക്കീല്‍ നോട്ടീസ് അയച്ചതായി പറഞ്ഞിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണു തനുശ്രീ ഇതിനോടു പ്രതികരിച്ചത്.

RELATED STORIES

Share it
Top