ലൈംഗികാതിക്രമം: ഇരകള്‍ക്ക് നാലുലക്ഷമെങ്കിലും നല്‍കണം

ന്യൂഡല്‍ഹി: ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കു ചുരുങ്ങിയത് നാലുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചു. നഷ്ടപരിഹാരത്തിന്റെ ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. ലൈംഗിക പീഡനത്തിനും മറ്റു കുറ്റകൃത്യങ്ങള്‍ക്കും ഇരയായ, അതിജീവിച്ച വനിതകള്‍ക്കായി ദേശീയ നിയമ സേവന അതോറിറ്റി (എന്‍എഎല്‍എസ്എ)യുടെ നഷ്ടപരിഹാര പദ്ധതി-2018 ആണ് സുപ്രിംകോടതി അംഗീകരിച്ചത്. പോക്‌സോ നിയമ പ്രകാരം ചാര്‍ജ് ചെയ്യപ്പെടുന്ന കേസുകളില്‍ സര്‍ക്കാര്‍ നഷ്ടപരിഹാര പദ്ധതി ഉറപ്പാക്കുന്നതു വരെ ഈ വ്യവസ്ഥകള്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കും ബാധകമായിരിക്കുമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ലൈംഗിക പീഡനത്തിന് ഇരയാവുന്നവര്‍ക്ക് ഉടനടി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസിന് ശേഷം നല്‍കിയ ഒരു പൊതുതാല്‍പര്യ ഹരജിയിലാണു സുപ്രിംകോടതിയുടെ നടപടി. ഈ കേസില്‍ സുപ്രിംകോടതി നിയമിച്ച അമിക്കസ് ക്യൂറിയായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് നല്‍കിയ മുഴുവന്‍ നിര്‍ദേശങ്ങളും കോടതി അംഗീകരിക്കുകയായിരുന്നു.

RELATED STORIES

Share it
Top