ലൈംഗികാതിക്രമം: ആരോപണവിധേയനായ കര്‍ദിനാള്‍ രാജിവച്ചു

വത്തിക്കാന്‍ സിറ്റി: ലൈംഗികാതിക്രമത്തില്‍ ആരോപണവിധേയനായ യുഎസിലെ മുഖ്യ പുരോഹിതന്റെ രാജി പോപ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അംഗീകരിച്ചതായി വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. 40 വര്‍ഷം മുമ്പ് 11 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് കര്‍ദിനാള്‍ തിയോഡര്‍ മാക് കാരി(88)ക്ക് രാജിവച്ചത്. കര്‍ദിനാളിനെതിരേ നിരവധിപേരാണ് രംഗത്തെത്തിയത്.
മാക് കാരിക്ക്  ജീവിതകാലം മുഴുവന്‍ പ്രാര്‍ഥനയും പ്രായശ്ചിത്ത കര്‍മവുമായി ജീവിക്കണമെന്നു മാര്‍പ്പാപ്പ ഉത്തരവിട്ടു. ചര്‍ച്ച് വിചാരണ തുടങ്ങാനിരിക്കെയാണ് പോപ്പിന്റെ നടപടി. അതേസമയം, വിചാരണയ്ക്കു മുമ്പ് ശിക്ഷ വിധിക്കുന്നത് കാത്തോലിക്കാ സഭയില്‍ ആദ്യമാണ്. യുഎസിലെ കാത്തോലിക് സഭയുടെ ഉന്നത പുരോഹിതന്മാരില്‍ ഒരാളാണ് മാക് കാരിക്ക്. കഴിഞ്ഞ ജൂണ്‍ 20ന് അദ്ദേഹത്തെ പൊതുപരിപാടികളില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു. മാക് കാരിക് ന്യൂയോര്‍ക്ക് സിറ്റി ബിഷപ്പായും നെവാര്‍ക്കിലും വാഷിങ്ടണ്‍ ഡിസിയിലും ആര്‍ച്ച് ബിഷപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതേസമയം  ഇറ്റാലിയന്‍ പുരോഹിതന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നു പരാതിപ്പെട്ട കന്യാസ്ത്രീക്ക് നീതി ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. 20 വര്‍ഷം മുമ്പ് യൂനിവേഴ്‌സിറ്റി ക്ലാസ് റൂമില്‍ വച്ചു പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ കുമ്പസാരം കേട്ട പുരോഹിതനും പീഡിപ്പിക്കുകയായിരുന്നു. അതിനാല്‍, പിന്നീടൊരിക്കലും കുമ്പസരിക്കണമെന്ന് അവര്‍ക്ക് തോന്നിയില്ലെന്നും അവര്‍ പറയുന്നു.  യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യന്‍ മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ നടന്നതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. തങ്ങളുടെ സുപ്പീരിയര്‍മാര്‍ക്ക് ഇതേക്കുറിച്ച് വിവരം ലഭിച്ചിട്ടും പീഡനം തടയാന്‍ നടപടിയെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.

RELATED STORIES

Share it
Top