ലേലം ചെയ്‌തെടുത്ത പത്തു സെന്റ് ഭൂമി സ്വന്തമാക്കാനാവാതെ ഹംസ

നിലമ്പൂര്‍: മുഴുവന്‍ പണവും കൊടുത്ത് ലേലം ചെയ്‌തെടുത്ത പത്ത് സെന്റ് ഭൂമി സ്വന്തമാക്കാനാവാതെ ഹംസകുട്ടി വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. 2012 ലാണ് ഞെട്ടിക്കുളം ഗ്രാമീണ ബാങ്ക് സ്വകാര്യവ്യക്തിയില്‍ നിന്നു ജപ്തി ചെയ്ത പത്ത് സെന്റ്് ഭൂമി കുറുമ്പലങ്ങോട് വില്ലേജില്‍ നിന്നു പാതാറിലെ നാരങ്ങാതൊടിക ഹംസകുട്ടി 2.75 ലക്ഷം രൂപക്ക് ലേലം ചെയ്ത് വാങ്ങിയത്. ലേല ദിവസം 41,250 രൂപയും പിന്നീട്ട് ദഹസില്‍ദാര്‍ മുമ്പാകെ ബാക്കി തുകയും നല്‍കി. എന്നാല്‍, എട്ട് വര്‍ഷമായിട്ടും ഭൂമി ഹംസയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയിട്ടില്ല. അതുക്കൊണ്ടുതന്നെ മേല്‍ പറഞ്ഞ സ്ഥലത്ത് പ്രവേശിക്കാനും ഇവിടെ വീടുവച്ച് താമസിക്കാനോ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭൂമി ജപ്തി ചെയ്ത നടപടിക്കെതിരേ ഭൂവുടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതാണ് ഹംസകുട്ടിക്ക് തിരിച്ചടിയായത്.
ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കുകയോ അല്ലെങ്കില്‍ താന്‍ നല്‍കിയ പണം തിരിച്ചുനല്‍ക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫിസ് മുതല്‍ കലക്ടറുടെ ഓഫിസ് വരെ ഹംസക്കുട്ടി കയറിയിറങ്ങി നടക്കുകയാണ്. വകുപ്പ് മന്ത്രിയേയും സമീപിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിഷയം കോടതിയിലായതിനാല്‍ വിധി വരുന്നതുവരെ മറ്റൊന്നും ചെയ്യാന്‍ നിവൃത്തിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിദ്യാര്‍ഥികളായ മൂന്ന് കുട്ടികളും ഭാര്യയുമടങ്ങുന്ന ഹംസക്കുട്ടിയുടെ നിര്‍ധന കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.
ലേലം ചെയ്‌തെടുത്ത ഭൂമി തന്റെ്് പേരില്‍ എന്ന് രജിസ്റ്റര്‍ ചെയ്ത് നല്‍കാനാവുമെന്നുള്ള ഉറപ്പ് അധികൃതരില്‍ നിന്നു ലഭിക്കുന്നുമില്ല. കുടുംബവകയുള്ള സ്വത്ത് വിറ്റുകിട്ടിയ പണമാണ് ലേലത്തില്‍ നല്‍കിയത്. ഭൂമി തനിക്ക് ലഭ്യമാക്കാനുള്ള നടപടി ഉണ്ടാവണമെന്ന ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ഹംസക്കുട്ടി സിവില്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

RELATED STORIES

Share it
Top