ലേബര്‍ ക്യാംപില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നരകജീവിതം

ചെറുപുഴ: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ലേബര്‍ ക്യാംപില്‍  ഇതരസംസ്ഥാന തൊഴിലാളികള്‍ വീര്‍പ്പുമുട്ടുന്നു. ചെറുപുഴ പഞ്ചായത്തിന്റെ പുതിയ കെട്ടിടം നിര്‍മിക്കുന്ന സ്ഥലത്തെ ലേബര്‍ ക്യാംപിലാണ് തൊഴിലാളികളെ കുത്തിനിറച്ച് പാര്‍പ്പിച്ചിരിക്കുന്നത്.
നിന്നുതിരിയാന്‍ ഇടമില്ലാത്ത കുടുസ്സുമുറിയില്‍ താമസിക്കുന്നത് പതിനഞ്ചോളം തൊഴിലാളികള്‍. എല്ലാവര്‍ക്കും ഒരുമിച്ച് കിടക്കാന്‍ സ്ഥലമില്ല. ഇതിനാല്‍ പലരും രാത്രിയില്‍ വെളിയിലാണു കിടന്നുറങ്ങുന്നത്. സിമന്റ് തറയില്‍ പായ വിരിച്ചാണു കിടപ്പ്.
ആവശ്യത്തിന് ഫാന്‍ ഇല്ല. ചൂട് കൂടുമ്പോള്‍ ഇവ ഒന്നുമാവില്ല. സാധനങ്ങള്‍ സൂക്ഷിക്കാന്‍ അലമാരയോ പെട്ടിയോ ഇല്ല. ഭക്ഷണങ്ങള്‍ വയ്ക്കുന്നത് പുറത്തെ വൃത്തിഹീനമായ സ്ഥലത്തും. മണ്ണെണ്ണ സ്റ്റൗവില്‍ പാചകം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ തന്നെ ചെയ്യണം. മഴ പെയ്താല്‍ ഭക്ഷണം മുടങ്ങും. പേരിന് ഒരു ശുചിമുറി ഉണ്ടെങ്കിലും വൃത്തിഹീനം തന്നെ. വെള്ളം ലഭിക്കാനും ബുദ്ധിമുട്ടുണ്ട്. മാലിന്യം സംസ്‌കരിക്കാന്‍ ആധുനിക സംവിധാനമില്ല. കൊതുകും മറ്റുമായി പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുമ്പോഴും ആരോഗ്യവകുപ്പും കണ്ടില്ലെന്ന് നടിക്കുകയാണ്.

RELATED STORIES

Share it
Top