ലേക് പാലസ് റിസോര്‍ട്ട്: കലക്ടറുടെ ഉത്തരവിന് സ്റ്റേ

കൊച്ചി: ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ മുല്ലക്കലില്‍ നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കണമെന്ന കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിലത്തിന്റെ ഉടമ ചെങ്ങന്നൂര്‍ സ്വദേശിനി ലീലാമ്മ ഈശോ സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
മുന്‍മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായുള്ള ലേക് പാലസ് റിസോര്‍ട്ടിനു വേണ്ടി നിലം നികത്തിയെന്നാരോപിച്ച് ജയപ്രസാദ് നല്‍കിയ പരാതിയില്‍ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം നടപടിക്ക് ഒരുങ്ങി. ഇതു പുനപ്പരിശോധിക്കണമെന്ന് ഹരജിക്കാരി അപേക്ഷ നല്‍കിയത് കമ്മീഷണറുടെ പരിഗണനയിലാണ്. ഇതിനിടെ ജൂണ്‍ 1ന് നികത്തിയ നിലം പൂര്‍വസ്ഥിതിയിലാക്കാന്‍ ആലപ്പുഴ കലക്ടര്‍ ഉത്തരവിട്ടു. ഇതു നടപ്പാക്കാന്‍ നടപടിയും തുടങ്ങി. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ക്ക് നല്‍കിയ അപേക്ഷ തീര്‍പ്പാവാതെ നിലം നികത്തിയത് പൂര്‍വസ്ഥിതിയിലാക്കാനുള്ള കലക്ടറുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്നും അപേക്ഷ തീര്‍പ്പാവുന്നതു വരെ കലക്ടറുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നുമാണ് ഹരജിയിലെ ആവശ്യം.

RELATED STORIES

Share it
Top