ലെസ്സി ഷോപ്പുകള്‍ക്ക് നോട്ടീസ്: ഗോഡൗണും മൂന്നു കടകളും പൂട്ടിച്ചു

കൊച്ചി: ജില്ലയില്‍ ലെസ്സി കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ ഒരു ഗോഡൗണടക്കം മൂന്ന് കടകള്‍ അടച്ച് പൂട്ടി. ഇടപ്പള്ളി കുന്നുംപുറത്തിനടുത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിന്റെ പ്രവര്‍ത്തനമാണ് ഭക്ഷ്യസുരക്ഷ വകുപ്പ്് നിര്‍ത്തിവയ്പ്പിച്ചത്.
40 ഓളം ഔട്ട്‌ലെറ്റുകളിലേക്ക് ലെസ്സി എത്തിച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. ലൈസന്‍സില്ലാത്തതിന്റെ പേരിലാണ് പ്രവര്‍ത്തനം നിര്‍ത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥന്‍ സക്കീര്‍ ഹുസയ്ന്‍ പറഞ്ഞു. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനു സമീപം പ്രവര്‍ത്തിച്ചിരുന്ന രണ്ടും കലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്നും ലെസ്സി ഷോപ്പുകള്‍ അനധികൃതമായി പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് പൂട്ടിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്കയച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായ സക്കീര്‍ ഹുസയ്ന്‍, ടി ബി ദിലീപ്, ജോസ് ലോറന്‍സ് എന്നിവരുടെ നേത്യത്വത്തിലായിരുന്നു ഇന്നലെ പരിശോധന നടന്നത്.
കൊച്ചിയിലെ എല്ലാ ലെസ്സി വില്‍പനശാലകളിലും പരിശോധന ഊര്‍ജിതപ്പെടുത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും തീരുമാനം.
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലെ ലെസ്സി ഷോപ്പുകള്‍ക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വിവിധ പേരുകളില്‍ പത്ത് ലെസി ഷോപ്പുകളാണ് നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്നത്.
അവിടങ്ങളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഗ്ലാസുകള്‍ മാറ്റി സാധാരണ കുപ്പി ഗ്ലാസുകള്‍ ഉപയോഗിക്കണമെന്ന് അറിയിച്ചാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. കാലിയാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ റോഡുകളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. വിദ്യാര്‍ഥികള്‍ ലെസ്സി കഴിച്ച് റോഡുകളിലേക്കും സ്‌കൂള്‍ കോളജ് പരിസരങ്ങളിലേക്കും പ്ലാസ്റ്റിക് ഗ്ലാസുകള്‍ വലിച്ചെറിയുന്നതായും മഴ പെയ്യുമ്പോള്‍ അവയില്‍ വെള്ളം കെട്ടിക്കിടന്ന്  കൊതുക് പെരുകുന്നതായും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നോട്ടീസ് കൈപ്പറ്റി 48 മണിക്കൂറിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കണമെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ മൂന്നു ലെസ്സി ഷോപ്പുകള്‍ക്ക് മാത്രമാണ് നഗരസഭ നോട്ടീസ് നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്.  ലെസ്സി ഷോപ്പുകളെല്ലാം ഹൈടെക് മാതൃകയിലാണ്.  എന്നാല്‍ ലെസിയും മറ്റു ശീതള പാനീയങ്ങളുടെയും നിര്‍മാണ യൂനിറ്റ് കുപ്പത്തൊട്ടി പോലെയുള്ളതാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന സംഘം കണ്ടെത്തിയിരുന്നു.
കൃതിമ തൈര് ഉണ്ടാക്കുന്നതിനുള്ള വെള്ളം എടുക്കുന്നത് ശുചിമുറിയില്‍ നിന്നാണെന്ന് കണ്ടെത്തി. അതുപോലെ ഇവ കഴിക്കുന്നവര്‍ക്ക് ഹാനികരമായ മാറാരോഗങ്ങള്‍ക്കും ഇടയാക്കുന്ന അസംസ്‌കൃത വസ്തുക്കളും ഈ കേന്ദ്രത്തില്‍ കണ്ടെത്തിയിരുന്നു.
പത്ത് ലക്ഷം മുതല്‍ 15 ലക്ഷം വരെ നല്‍കിയാണ് ലെസ്സി ഷോപ്പുകളുടെ ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നത്. കൂടാതെ നല്ലൊരു സംഖ്യ മുറി വാടകയും നല്‍കണം. ശീതളപാനീയങ്ങളില്‍ കൂട്ടുന്നതിനുള്ള വ്യത്യസ്ഥ പൗഡറുകളും പ്ലാസ്റ്റിക് ഗ്ലാസുകളും നല്‍കുന്നതും കമ്പനിയാണ്. അതിന് പണം ഫ്രാഞ്ചൈസികള്‍ വേറേയും നല്‍കണം.
യഥാര്‍ഥ ലെസ്സി ഷോപ്പുകള്‍ ഏതാണെന്ന് ഉപഭോക്താക്കള്‍ക്ക് അറിയില്ല. പല കമ്പനികളുടെ പേരിലും ലസ്സി ഷോപ്പുകള്‍ ഉണ്ട്. ഇവിടങ്ങളിലേക്ക് ആവശ്യമായ തൈര്, അസംസ്‌കൃത വസ്തുക്കള്‍, ചോക്ലേറ്റ് പൗഡറുകള്‍ എന്നിവയെല്ലാം എത്തിക്കുന്ന കേന്ദ്രങ്ങള്‍ എവിടെയാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും അറിയില്ല.
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ലെസി ഷോപ്പുകളും നിരീക്ഷണത്തില്‍. അടുത്ത നാളുകളായി കൂണുകള്‍ പോലെയാണ് മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും വിവിധ പേരുകളില്‍ ലെസി ഷോപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ ആഢംബര രീതിയിലാണ് ലെസ്സി ഷോപ്പുകളുടെ പുറമെ നിന്നുള്ള കാഴ്ച.
ലെസ്സി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പൊടിയും മറ്റ്  ജൂസുകള്‍ എന്നിവയില്‍ കൃത്രിമം ഉണ്ടോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. യുവാക്കളെ വീണ്ടും ആകര്‍ഷിക്കാന്‍ ജൂസുകളില്‍ മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ളവ ചേര്‍ന്നിട്ടുണ്ടോ എന്നും സംശയം ഉടലെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഴുവന്‍ ലെസി ഷോപ്പുകളും നിരീക്ഷിച്ച് വരുന്നത്.

RELATED STORIES

Share it
Top