ലീഗ് വിമതയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധം

യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടു കൊളച്ചേരി: കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണത്തെച്ചൊല്ലി യുഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം നേതൃത്വം ഇടപെട്ട് പരിഹരിച്ചെങ്കിലും മുസ്‌ലിം ലീഗിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പിരിച്ചുവിട്ടു. നൂഞ്ഞേരി വാര്‍ഡിലെ ലീഗ് പ്രതിനിധി കെ സി പി ഫൗസിയ 2017 ജൂണില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് മല്‍സരിച്ച പന്ന്യങ്കണ്ടി വാര്‍ഡിലെ കെ എം പി സറീന വിജയിച്ചിരുന്നു. കോണ്‍ഗ്രസിലെ രണ്ടു വനിതാ അംഗങ്ങളുടെയും സിപിഎം, ബിജെപി പ്രതിനിധികളുടെയും പിന്തുണയോടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി കെ താഹിറയെ ആണ് അന്നു പരാജയപ്പെടുത്തിയത്.
തുടര്‍ന്ന് സറീനയെ ലീഗില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഈ ഹരജി കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ, കഴിഞ്ഞ മാസം ഒമ്പതിന് യുഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയെങ്കിലും അവിശ്വാസപ്രമേയം പരിഗണിക്കുന്നതിന് തലേനാള്‍ സറീന രാജിവച്ചു. ഇതുസംബന്ധിച്ച് പാര്‍ട്ടി രഹസ്യ നീക്കുപോക്ക് നടത്തിയെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും ദിവസംമുമ്പ് ചേര്‍ന്ന പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം സറീനയുടെ മാപ്പപേക്ഷ പരിഗണിക്കുകയും ജില്ലാ കമ്മിറ്റി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. സറീനയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കരുതെന്ന യൂത്ത് ലീഗിന്റെ ആവശ്യം തള്ളിയാണു ഈ നടപടി. പാര്‍ട്ടിയെയും മുന്നണി സംവിധാനത്തെയും വെല്ലുവിളിച്ച് രാഷ്ട്രീയ എതിരാളികള്‍ക്കൊപ്പം ചേര്‍ന്ന് പ്രസിഡന്റായ വ്യക്തിയെ യാതൊരു ഉപാധികളും കൂടാതെ തിരിച്ചെടുത്തതാണ് യൂത്ത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
സറീനയ്‌ക്കെതിരായ കേസ് പിന്‍വലിക്കുമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് സംശയിക്കുന്നതായും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു. കീഴ്ഘടകങ്ങളിലോ സഹസംഘടനാ നേതൃത്വങ്ങളോടോ ആലോചിക്കാതെ പാര്‍ട്ടിവിരുദ്ധമായ തീരുമാനമെടുത്ത പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയെ പിരിച്ചുവിടണമെന്നാണ് ഇവരുടെ ആവശ്യം.

RELATED STORIES

Share it
Top