ലീഗ് വിഭാഗീയത: ഡോക്ടറുടെ സ്ഥലംമാറ്റം ട്രൈബ്യൂണല്‍ റദ്ദാക്കി

തിരൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയിലെ ആര്‍എംഓയും രക്തബാങ്ക് മെഡിക്കല്‍ ഓഫിസറും തിരൂര്‍ ജയില്‍ മെഡിക്കല്‍ ഓഫിസറുമായിരുന്ന ഡോ. അലി അഷ്‌റഫിനെ സ്ഥലം മാറ്റാന്‍ തിരൂര്‍ എംഎല്‍എയും മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറിയും പാര്‍ട്ടിയിലെ ഒരുവിഭാഗവും നടത്തിയ ശ്രമങ്ങള്‍ വിഫലമായി. അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഡോക്ടര്‍ ഇന്നലെ അനുകൂല കോടതി വിധിയുമായി വന്ന് ചാര്‍ജെടുക്കുകയും ചെയ്തു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം മന്ത്രിയിലും ആരോഗ്യവകുപ്പിലും സമ്മര്‍ദ്ദം ചെലുത്തിയാണ് രണ്ടുമാസം മുമ്പ് ഡോ. അലി അഷ്‌റഫിനെ കുറ്റിപ്പുറം ആശുപത്രിയിലേയ്ക്കു സ്ഥലം മാറ്റിയത്.
ട്രൈബ്യൂണല്‍ നിര്‍ദേശപ്രകാരം സ്ഥലം മാറ്റം ഉത്തരവ് പിന്‍വലിക്കുന്നതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. ഇത് മൂന്നാംതവണയാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഡോ. അലി അഷ്‌റഫിനെ മാറ്റാന്‍ വിഫലശ്രമം നടത്തിയത്. ജില്ലാ ആശുപത്രിയിലെ സിടി സ്‌കാന്‍ മെഷീന്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രവര്‍ത്തന രഹിതമായി പെട്ടിയില്‍തന്നെ വിശ്രമിക്കുകയായിരുന്നു. ഇതുസ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയതാണ് ഡോക്ടര്‍ക്കെതിരെ ഒരുവിഭാഗം തിരിയാന്‍ കാരണം. സ്വകാര്യ സ്‌കാനിങ് സ്ഥാപനങ്ങളുടെ താല്‍പര്യ സംരക്ഷണമായിരുന്നു 2013 ഒന്നരക്കോടി രൂപ ചെലവിട്ടുവാങ്ങിയ സകാനിങ് മെഷീനുകള്‍ സ്ഥാപിക്കാതിരിക്കാനുള്ള താല്‍പര്യം. ആറ് നിയോജകമണ്ഡലങ്ങളിലെ പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ ജില്ലാ ആശുപത്രിയില്‍ സ്‌കാനിങ് മെഷീന്‍ ഉണ്ടായിട്ടും സ്ഥാപിക്കാത്തത് വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.
ഇത് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അലി അഷ്‌റഫിനെ ലീഗിലെ ഒരുവിഭാഗം ഇടപെട്ട് കുറ്റിപ്പുറത്തേയ്ക്കുമാറ്റിയത്. എന്നാല്‍ അന്യായമായ സ്ഥലമാറ്റ ഉത്തരവിനെതിരെ അലി അഷ്‌റഫ് ട്രൈബ്യൂണലില്‍ പരാതിപ്പെട്ട് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. ആശുപത്രിയിലെ ഒപി വാര്‍ഡ് പ്രവര്‍ത്തനം കുത്തഴിഞ്ഞ് രോഗികള്‍ വലയുകയാണ്. രക്തദാന ക്യാംപുകള്‍ മുടങ്ങിയതു കാരണം അടിയന്തിര ഘട്ടത്തില്‍പോലും രക്തം കിട്ടാത്ത അവസ്ഥയുണ്ട്. ജയിലിലാവട്ടെ പ്രതിവാര വൈദ്യപരിശോധനയും മുടങ്ങി. ഡോ. അലി അഷ്‌റഫ് ജയിലിലെത്തി രോഗികളെ പരിശോധിക്കാത്തതിനാല്‍ ചികില്‍സ ലഭിക്കാതെ തടവുകാരന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
തിരൂര്‍ ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ആതവനാട് സ്വദേശിയുടെ മൃതദേഹം അഴുകിയതിനെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ബന്ധുക്കളും നാട്ടുകാരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയുമായി ബന്ധപ്പെട്ട ഗുരുതരമായ വീഴ്ചകളില്‍നിന്നും തലയൂരാന്‍ ആര്‍എംഒയെ ബലിയാടാക്കി നടത്തിയ ശ്രമമാണ് ട്രൈബ്യൂണല്‍ വിധിയിലൂടെ പാളിയത്. മുസ്‌ലിംലീഗിലെ ഒരുവിഭാഗത്തിന്റെ തെറ്റായ ഇടപെടലാണ് ഇതിനെല്ലാം കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

RELATED STORIES

Share it
Top