ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 17 സിപിഎമ്മുകാര്‍ക്ക് കഠിനതടവ്

കണ്ണൂര്‍: മുസ്‌ലിംലീഗ്-സിപിഎം സംഘര്‍ഷത്തിനിടെ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായ ലീഗ് നേതാവിനെ വധിക്കാന്‍ ശ്രമിക്കുകയും വീടിനു തീയിടുകയും ചെയ്ത കേസില്‍ 17 സിപിഎം പ്രവര്‍ത്തകര്‍ക്ക് അഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് അനുഭവിക്കണമെന്നും കണ്ണൂര്‍ സബ് ജഡ്ജി ബിന്ദു സുധാകര്‍ വിധിച്ചു.
സിപിഎം പ്രവര്‍ത്തകരും മാവിച്ചേരി ചെനയന്നൂര്‍, കാലിപൊയില്‍ നിവാസികളായ 17 പേരെയാണ് ശിക്ഷിച്ചത്. കുഞ്ഞിപ്പറമ്പ് പുത്തന്‍വീട് ശ്രീജിത്ത്(28), വലിയവളപ്പില്‍ വിജയന്‍(63), കൊളത്തടിയില്‍ വല്‍സന്‍(59), വലിയവളപ്പില്‍ ദിലീപ്കുമാര്‍(39), മടപ്പള്ളി ഹൗസില്‍ സുജീഷ്(31), ബിജു കെ വിജേഷ്(37), മണിയില്‍ പ്രമേഷ് എന്ന രമേശ്(36), മൂളിയില്‍ വീട്ടില്‍ ദിനേശന്‍(38), കൊയിലേരിയന്‍ ഹൗസില്‍ കെ പി ബാലകൃഷ്ണന്‍ (44), കുമ്പക്കര ഹൗസില്‍ രാമകൃഷ്ണന്‍ (39), ഒറ്റപ്പുരയില്‍ ഹൗസില്‍ നാരായണന്‍(44), മടപ്പള്ളി രാജന്‍(59), മടപ്പള്ളി ഹൗസില്‍ എം വി ഗംഗാധരന്‍(49), ചെല്ലന്‍ നാരായണന്‍(44), പോത്തരണ്ടില്‍ ഹൗസില്‍ പ്രവീണ്‍(39), കനടത്തില്‍ ലികേഷ് (34), പുത്തന്‍വീട്ടില്‍ സുനില്‍കുമാര്‍(37) എന്നിവരെയാണ് ശിക്ഷിച്ചത്.
2009 നവംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. കാഞ്ഞിരങ്ങാട് ചെനയന്നൂരിലെ പ്രാദേശിക മുസ്്‌ലിംലീഗ് നേതാവും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ കെ കെ മുഹമ്മദ് കുഞ്ഞിയെ വെട്ടിപ്പരിക്കേല്‍പിക്കുകയും വീടാക്രമിക്കുയും ചെയ്യുകയായിരുന്നു. രണ്ടു റബര്‍ തോട്ടങ്ങള്‍ വെട്ടിനശിപ്പിച്ച ശേഷം പ്ലൈവുഡ് സ്ഥാപനം തീവച്ചു നശിപ്പിക്കുകയായിരുന്നു. മുഹമ്മദ് കുഞ്ഞിയുടെ വീടിനു നേരെ നിരന്തരം ആക്രമണമുണ്ടായതിനാല്‍ മാസങ്ങളോളം പോലിസ് സംരക്ഷണത്തിലാണു കുടുംബം കഴിഞ്ഞിരുന്നത്. അതിനിടെ, ശിക്ഷാവിധിക്കു പിന്നാലെ കേസിലെ സാക്ഷിയുടെ വീടിനു നേരെ അക്രമമുണ്ടായി.

RELATED STORIES

Share it
Top