ലീഗിലെ പടലപ്പിണക്കംപ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവയ്ക്കണമെന്ന് മണ്ഡലം കമ്മിറ്റി

മലപ്പുറം: പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭരണത്തിലുണ്ടായ പടലപ്പിണക്കത്തില്‍ പ്രസിഡന്റും വൈ. പ്രസിഡന്റും പുറത്തേക്ക്. ഇന്നലെ നടന്ന മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ അന്വേഷണ റിപോര്‍ട്ടിലാണ് ഇരുവരും രാജിവയ്ക്കണമെന്ന് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് കമ്മിറ്റിയോട് ശുപാര്‍ശ ചെയ്തത്.
വാര്‍ഡ് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ശിപാര്‍ശ. ഇത് സംബന്ധിച്ച് ഔദ്യോഗിക തീരുമാനം നാളെ ഉണ്ടാവുമെന്നാണ് വിവരം. പ്രസിഡന്റും വൈ.പ്രസിഡന്റടക്കമുള്ള 13ഓളം അംഗങ്ങളും തമ്മിലുള്ള അസ്വസ്ഥത ഭരണസമിതിയില്‍ മാസങ്ങളായി നിലനില്‍ക്കുന്നുണ്ട്.
ഇത് മൂലം ബോര്‍ഡ് യോഗത്തില്‍ നിന്നും പ്രസിഡന്റിന്റെ ഇറങ്ങിപ്പോക്കിനും പ്രസിഡന്റിനൊപ്പം തുടനാവില്ലെന്ന് കാണിച്ച് 13 ഓളം അംഗങ്ങളുടെ പരാതിക്കും കാരണമായിരുന്നു. പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണക്കാരന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണെന്നും ആരോപണമുണ്ട്. അടുത്ത പ്രസിഡന്റ് പുരുഷനായിരിക്കും ഇൗ സ്ഥാനം ലഭിക്കാനുള്ള കളിയാണെന്നുമാണ് സാധാരണ പ്രവര്‍ത്തകര്‍ പറയുന്നത്.
വൈ. പ്രസിഡന്റടക്കമുള്ള ചില പാര്‍ട്ടി പ്രവര്‍ത്തകരെ നേതൃത്വമറിയാതെ മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പുറത്താക്കിയതും സംഭവത്തിന്റെ ബാക്കി പത്രമായിരുന്നു. ഇതിന് ലീഗ് യോഗത്തില്‍ കസേരയേറും കയ്യാങ്കളിയും നടന്നിരുന്നു. സംഭവം കൂടുതല്‍ രൂക്ഷമായതോടെയാണ് മണ്ഡലം കമ്മിറ്റി മൂന്നംഗ അന്വേഷണ കമ്മിറ്റിയെ വച്ചത്.
കൊണ്ടോട്ടി എംഎല്‍എയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാല്‍ ഇതിലൊന്നും സത്യാവസ്ഥയില്ലെന്ന് പ്രസിഡന്റ് പറയുന്നത്. 15 സീറ്റുള്ള മുസ്‌ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമാണുള്ളത്. കോണ്‍ഗ്രസിന് സീറ്റില്ല. മൂന്ന് ഇടത് സ്വതന്ത്രരും ജനതാദളിന് ഒരു സീറ്റുമാണുള്ളത്.

RELATED STORIES

Share it
Top