ലീഗല്‍ സര്‍വീസ് അതോറിറ്റി മാസ് അദാലത്ത് നടത്തും

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്തില്‍ ആഗസ്ത് രണ്ടിന് ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് മാസ് അദാലത്ത് നടത്തുമെന്ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ദിനേശ് എം പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കി ജില്ലയെ മാലിന്യ മുക്തമാക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനമാണു നടക്കുക.
കരിങ്കുന്നം പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് മാസ് അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ വകുപ്പുകള്‍,  പഞ്ചായത്ത് ഭരണ സമിതി, പൊതുജനങ്ങള്‍, വ്യാപാര സംഘടനകള്‍, വിവിധ ക്ലബ് ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള അദാലത്തോടു കൂടിയാണ് പരിപാടികള്‍ തുടക്കമാകുക. പഞ്ചായത്ത് അതിര്‍ത്തിയിലുള്ളവര്‍ മാലിന്യ പ്രശ്‌നവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതികള്‍ക്ക് ഇവിടെ പരിഹാരമാകും. ഇരുകക്ഷികളെയും അദാലത്തില്‍ വിളിച്ച് വരുത്തിയാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുക.
തുടര്‍ന്ന് ഇതുസംബന്ധിച്ചുള്ള ഉത്തരവും പുറപ്പെടുവിക്കും. അദാലത്ത് കോടതിയുടെ തീരുമാനമായതിനാല്‍ ഇത് ചോദ്യം ചെയ്യാനുമാവില്ലെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ പൊതുജനങ്ങളില്‍ ബോധവല്‍കരണം, വീടുകളിലേത് ഉള്‍പ്പെടെയുള്ള മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള പരിശീലനവും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്.
പൊതു ജനങ്ങള്‍ക്ക് മാലിന്യവുമായി ബന്ധപ്പെട്ട പരിപാടികള്‍ ഈ മാസം 31 വരെ പഞ്ചായത്തില്‍ നല്‍കാം. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റെ മാത്യൂ ജോണ്‍, പഞ്ചായത്ത് പ്രസിഡന്റെ ബിന്ദു ബിനു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോജി തോമസ് പങ്കെടുത്തു.

RELATED STORIES

Share it
Top