ലീഗല്‍ വോളന്റിയറിന് അസഭ്യവര്‍ഷം; എസ്‌ഐക്ക് കോടതിയുടെ താക്കീത്

തളിപ്പറമ്പ്: കോടതിയുടെ ചുമതലയിലുള്ള ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ തളിപ്പറമ്പ് എസ്‌ഐ ബിനുമോഹന് കോടതിയുടെ താക്കീത്.
ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ പാരാ ലീഗല്‍ വോളന്റിയര്‍ തസ്തികയിലേക്ക് സബ് ജഡ്ജിയാണ് ഉദ്യോഗാര്‍ഥികളെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഇവര്‍ എല്ലാ പോലിസ് സ്റ്റേഷനുകളിലുമെത്തി കേസുകളെയും കസ്റ്റഡിയിലുള്ളവരെയും സംബന്ധിച്ച വിവരങ്ങള്‍ കോടതികള്‍ക്ക് കൈമാറണം.
ഇപ്രകാരം കഴിഞ്ഞ ദിവസം തളിപ്പറമ്പ് സ്റ്റേഷനില്‍ ഏഴോം സ്വദേശിനിയായ വോളന്റിയറെത്തി. മദ്യപിച്ചതിന് പോലിസ് കസ്റ്റഡിയിലെടുത്ത ഒരാളുണ്ടായിരുന്നു അവിടെ. ഇയാളെ എസ്‌ഐ ചീത്ത വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വോളന്റിയര്‍ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇക്കാര്യം പോലിസുകാരന്‍ എസ്‌ഐയോട് പറഞ്ഞു. ക്ഷുഭിതനായ എസ്‌ഐ വോളന്റിയറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഫോണ്‍ പിടിച്ചുവാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വോളന്റിയര്‍ തളിപ്പറമ്പ് എംഎസിടി ജഡ്ജിയുടെ ചുമതല വഹിക്കുന്ന ജില്ലാ ജഡ്ജിക്ക് പരാതി നല്‍കി. തുടര്‍ന്നാണ് കോടതി എസ്‌ഐയെ വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിക്കുകയും താക്കീത് നല്‍കുകയും ചെയ്തത്.

RELATED STORIES

Share it
Top