ലിവര്‍പൂളിന് സമനിലപ്പൂട്ട്
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിന് സമനിലപ്പൂട്ട്. ഇന്നലെ നടന്ന പോരാട്ടത്തില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന സ്‌റ്റോക് സിറ്റി ലിവര്‍പൂളിനെ ഗോള്‍ രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു.ലിവര്‍പൂളിന്റെ സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ 4-3-3 ഫോര്‍മാറ്റില്‍ ലിവര്‍പൂള്‍ ബൂട്ടണിഞ്ഞപ്പോള്‍ 4-4-2 ഫോര്‍മാറ്റിലായിരുന്നു സ്‌റ്റോക് സിറ്റിയുടെ പടപ്പുറപ്പാട്. കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തില്‍ ലിവര്‍പൂള്‍ മുന്നിട്ട് നിന്നെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ആദ്യ പകുതിയില്‍ മാത്രം 65 ശതമാനം പന്തടക്കിവച്ച ലിവര്‍പൂള്‍ ഏഴുവട്ടം ഗോള്‍ ശ്രമം നടത്തിയെങ്കിലും സ്‌റ്റോകിന്റെ ഗോള്‍മുഖത്തേക്ക് ഒരു തവണ മാത്രമാണ് ഷോട്ട് തൊടുക്കാനായത്. ലഭിച്ച സുവര്‍ണാവസരങ്ങളെ മുഹമ്മദ് സലാഹടക്കം പാഴാക്കിയതാണ് ലിവര്‍പൂളിന് തിരിച്ചടിയായത്.രണ്ടാം പകുതിയില്‍ ഇരു ടീമും താരങ്ങളെ മാറി മാറി പരീക്ഷിച്ചെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നതോടെ ഇരു കൂട്ടരും ഗോള്‍ രഹിത സമനിലയോടെ ബൂട്ടഴിക്കുകയായിരുന്നു. 72 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും 30 പോയിന്റുള്ള സ്‌റ്റോക്‌സിറ്റി 18ാം സ്ഥാനത്തുമാണുള്ളത്.

സെവിയ്യയ്ക്ക് അട്ടിമറി തോല്‍വി

സ്പാനിഷ് ലീഗില്‍ സെവിയ്യയ്ക്ക് അട്ടിമറി തോല്‍വി. ഏഴാം സ്ഥാനത്തുള്ള സെവിയ്യയെ 17ാം സ്ഥാനക്കാരായ ലെവന്റെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കളിയുടെ 11ാം മിനിറ്റില്‍ത്തന്നെ മാര്‍ട്ടി റോജറിലൂടെ ലെവന്റെ അക്കൗണ്ട് തുറന്നു. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ കാര്‍ലോസ് ഫെര്‍ണാണ്ടസിലൂടെ സെവിയ്യ സമനില ഒപ്പിച്ചു. ആദ്യ പകുതി 1-1 സമനില പങ്കിട്ട ശേഷം രണ്ടാം പകുതിയുടെ 74ാം മിനിറ്റില്‍ ജോസ് മോറല്‍സിലൂടെ  ലെവന്റെ വിജയഗോള്‍ കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top