ലിവര്‍പൂളിനെ സമനിലയില്‍ തളച്ച് വെസ്റ്റ്‌ബ്രോംവെസ്റ്റ്‌ബ്രോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തിനൊടുവില്‍ ലിവര്‍പൂളും വെസ്റ്റ്‌ബ്രോമും സമനില പങ്കിട്ടു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തിനൊടുവില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം അക്കൗണ്ടിലാക്കുകയായിരുന്നു. വെസ്റ്റ്‌ബ്രോമിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ചെമ്പട കളി കൈവിട്ടത്. പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി ഉറപ്പിച്ചെങ്കിലും ആദ്യ നാലില്‍ ഇടം പിടിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജര്‍ഗന്‍ ക്ലോപ് ലിവര്‍പൂളിനെ 4-3-3 ഫോര്‍മാറ്റില്‍ വിന്യസിച്ചപ്പോള്‍ 4-4-1-1 ഫോര്‍മാറ്റിലാണ് വെസ്റ്റ്‌ബ്രോം കളി മെനഞ്ഞത്. താരസമ്പന്നമായ ലിവര്‍പൂള്‍ നിര കളി തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ അക്കൗണ്ട് തുറന്നു. വിജിനാല്‍ഡിന്റെ അസിസ്റ്റില്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഡാനി ഇന്‍ഗസാണ് ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചത്. ലിവര്‍പൂള്‍ 1-0ന് മുന്നില്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലീഡ് വഴങ്ങിയതോടെ പോരാട്ട വീര്യമുണര്‍ന്ന വെസ്റ്റ്‌ബ്രോം നിര ലിവര്‍പൂള്‍ ഗോള്‍മുഖം പലതവണ ആക്രമിച്ചു. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ 70 ശതമാനം മുന്നിട്ട് നിന്ന ലിവര്‍പൂള്‍ അഞ്ച് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി നാലുവട്ടം ആതിഥേയര്‍ ചെമ്പടയുടെ ഗോള്‍മുഖവും വിറപ്പിച്ചു. ആദ്യ പകുതിയിലെ പിന്നീടുള്ള സമയത്ത് ഗോളുകള്‍ പിറക്കാതെ വന്നതോടെ 1-0ന്റെ ലീഡോടെയാണ് ലിവര്‍പൂള്‍ കളം പിരിഞ്ഞത്.രണ്ടാം പകുതിയുടെ   66ാം മിനിറ്റില്‍ ഇന്‍ഗസിനെ പിന്‍വലിച്ച് ഫിര്‍മിനോയെയും സാദിയോ മാനെയെ പിന്‍വലിച്ച് ഓക്‌സ്‌ലേഡിനെയും ലിവര്‍പൂള്‍ കളത്തിലിറക്കി. 72ാം മിനിറ്റില്‍ വെസ്റ്റ്‌ബ്രോം ആരാധകര്‍ക്ക് വീണ്ടും ഷോക്ക് നല്‍കി ലിവര്‍പൂള്‍ രണ്ടാം വട്ടം വലകുലുക്കി. ഇത്തവണ  ഓക് സ്‌ലേഡ് അസിസ്റ്റ് നല്‍കിയപ്പോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിച്ചു. 2-0ന് ലിവര്‍പൂള്‍ മുന്നില്‍.രണ്ട് ഗോളിന് പിന്നിട്ട് നിന്നതോടെ ആക്രമണം ശക്തമാക്കിയ വെസ്റ്റ്‌ബ്രോം 79ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ജേക്ക് ലിവര്‍മോറാണ് ആതിഥേയര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചത്. മല്‍സരം 2-1 എന്ന നിലയില്‍.  ഒടുവില്‍ പൊരുതിക്കളിച്ച വെസ്റ്റ്‌ബ്രോമിനെത്തേടി സമനില ഗോളുമെത്തി. 88ാം മിനിറ്റില്‍ ബ്രൂന്റിന്റെ അസിസ്റ്റിനെ ജോസ് റോണ്ടന്‍ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. മല്‍സരം 2-2 എന്ന നിലയില്‍. അവസാന മിനിറ്റുകളില്‍ ഇരു ടീമും പ്രതിരോധത്തില്‍ ഉരുക്കുകോട്ട കെട്ടിയതോടെ സമനില പങ്കിട്ട് പിരിയേണ്ടി വന്നു. 71 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്തും 25 പോയിന്റുള്ള വെസ്റ്റ്‌ബ്രോം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനമായ 20ാം സ്ഥാനത്തുമാണുള്ളത്.

RELATED STORIES

Share it
Top