ലിവര്‍പൂളിനെ നാണംകെടുത്തി ഡോര്‍ട്മുണ്ട്


വാഷിങ്ടണ്‍: അന്താരാഷ്ട്ര ചാംപ്യന്‍സ് കപ്പില്‍ ലിവര്‍പൂളിനെ നാണം കെടുത്തി ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസ്യ ഡോര്‍ട്മുണ്ട്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെമ്പടയെ ഡോര്‍ട്മുണ്ട് തകര്‍ത്തുവിട്ടത്. ഡോര്‍ട്മുണ്ടിന് വേണ്ടി പുലിസിച്ച് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ജേക്കബ് ബ്രൂണ്‍ ലാര്‍സന്‍ ഒരു ഗോളും സ്വന്തമാക്കി. വിര്‍ജില്‍ വാന്‍ ഡിജിക്കിന്റെ വകയായിരുന്നു ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍.
സൂപ്പര്‍ താരങ്ങളായ സാദിയോ മാനെയും മുഹമ്മദ് സലാഹ് ലിവര്‍പൂളിനൊപ്പം പരിശീലനം ആരംഭിച്ചിരുന്നെങ്കിലും ഇവര്‍ക്ക് അവസരം നല്‍കാതെയാണ് ജര്‍ഗന്‍ ക്ലോപ് ഡോര്‍ട്മുണ്ടിനെതിരേ ടീമിനെ ഇറക്കിയത്. 4-3-3 ഫോര്‍മാറ്റില്‍ ലിവര്‍പൂള്‍ ബൂട്ടണിഞ്ഞപ്പോള്‍ 4-1-4-1 ഫോര്‍മാറ്റിലായിരുന്നു ഡോര്‍ട്മുണ്ട് തന്ത്രം മെനഞ്ഞത്.
ആദ്യ പകുതിയില്‍ ആധിപത്യം ലിവര്‍പൂളിനൊപ്പമായിരുന്നു. 25ാം മിനിറ്റില്‍ റോബര്‍ട്ട്‌സണിന്റെ അസിസ്റ്റില്‍ വാന്‍ ഡിജിക്ക്് ലിവര്‍പൂളിന് വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡും ചെമ്പടയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂളിനെ വരിഞ്ഞുമുറുക്കിയ ഡോര്‍ട്മുണ്ട് താരങ്ങള്‍ മൂന്ന് ഗോളുകള്‍ നിക്ഷേപിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു.
66ാം മിനിറ്റില്‍ അനുവദിച്ച് കിട്ടിയ പെനല്‍റ്റിയെ വലയിലെത്തിച്ച് പുലിസിച്ച് ഡോര്‍ട്മുണ്ടിനെ ഒപ്പമെത്തിച്ചു. പിന്നീട് 89ാം മിനിറ്റില്‍ പുലിസിച്ചിന്റെ കാലുകള്‍ വീണ്ടും ലക്ഷ്യം കണ്ടെത്തിയതോടെ 2-1ന്റെ ലീഡ് ഡോര്‍ട്മുണ്ടിനൊപ്പം നിന്നു. മല്‍സരത്തിന്റെ അധിക സമയത്ത് ലാര്‍സനും ഡോര്‍ട്മുണ്ടിനായി വലകുലുക്കിയതോടെ 3-1ന്റെ തകര്‍പ്പന്‍ ജയത്തോടെ ഡോര്‍ട്മുണ്ട് ബൂട്ടഴിക്കുകയായിരുന്നു.
ചാംപ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് ഡോര്‍ട്മുണ്ട് പരാജയപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച ഡോര്‍ട്മുണ്ടാണ് ആറ് പോയിന്റുകളുമായി പട്ടികയിലെ തലപ്പത്ത്.

RELATED STORIES

Share it
Top