ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് കൊടിയിറങ്ങി

കോഴിക്കോട്: സാഹിത്യ പ്രേമികളുടെ മനസ്സും മസ്തിഷ്‌കവും നിറച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീല വീണു. കഴിഞ്ഞ നാലു ദിവസം കോഴിക്കോട് കടപ്പുറത്തെ ഉല്‍സവക്കടലാക്കിയ സാഹിത്യോല്‍സവം സ്വദേശികളും വിദേശികളുമായ ഒട്ടേറെ സാഹിത്യ പ്രതിഭകളുടെ സാനിധ്യം കൊണ്ടു ധന്യമായി. അഞ്ചു വേദികളിലായി “ജനാധിപത്യത്തില്‍ വിയോജിപ്പുകളുടെ അനിവാര്യത’’എന്ന പ്രമേയത്തില്‍ നടന്ന സാഹിത്യോല്‍സവത്തില്‍ 500ലധികം അതിഥികളും ആയിരക്കണക്കിന് സാഹിത്യപ്രേമികളും പങ്കെടുത്തു. അയര്‍ലണ്ട് ആയിരുന്നു ഈ വര്‍ഷത്തെ അതിഥിരാജ്യം. ഗബ്രിയേല്‍ റൊസന്‍ സ്‌റ്റോക്ക്, കോണര്‍ കൊസ്റ്റിക്, ലിയാം കാര്‍സണ്‍, പാഡി ബുഷ് തുടങ്ങിയ ഐറിഷ് എഴുത്തുകാര്‍ പങ്കുചേര്‍ന്നു. സാഹിത്യ, മാധ്യമ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലിലെ കരുത്തുറ്റ വ്യക്തിത്വങ്ങളായ അരുന്ധതി റോയ്, രജ്ദീപ് സര്‍ദേശായി, വന്ദന ശിവ, റൊമീല ഥാപ്പര്‍, ഉപീന്ദര്‍ സിങ്, ആശിഷ് നന്ദി, സാഗരിക ഘോഷ്, പ്രകാശ് രാജ്, പെരുമാള്‍ മുരുകന്‍, ചേരന്‍ രുദ്രമൂര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ ചിന്തോദ്ദീപകമായ സംവാദ സദസ്സുകള്‍ കൊണ്ട് ഒരോ സെഷനും ഒന്നിനൊന്ന് മെച്ചമായി. റഷ്യന്‍ ലാറിസ ഷോ, ഊരാളിയുടെ പാട്ടും വര്‍ത്തമാനവും, ഗോത്ര കലോല്‍സവം തുടങ്ങി ഒട്ടേറെ കലാപരിപാടികളും സാഹിത്യോല്‍സവ രാവുകളെ വര്‍ണാഭമാക്കി. സംഘാടനാ മികവു കൊണ്ടും സമയകൃത്യത പാലിക്കുന്നതിലും മാതൃകയായ സാഹിത്യോല്‍സവത്തിന്റെ സമാപന സമ്മേളനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെഎല്‍എഫ് ഡയറക്ടര്‍ കവി സച്ചിദാനന്ദന്‍ “കെഎല്‍എഫ് 2019’’പ്രഖ്യാപനം നടത്തി. ജനുവരി 10, 11, 12, 13 ദിവസങ്ങളിലാണ് അടുത്ത സാഹിത്യോല്‍സവം. ജപ്പാനാണ് കെഎല്‍എഫ്് 2019ലെ മുഖ്യാതിഥി. കോഴിക്കോട് കടപ്പുറമാണ് സ്ഥിരം വേദി. സമാപന സമ്മേളനത്തില്‍ ഡി സി രവി, എം കെ രാഘവന്‍ എംപി, ബീന പോള്‍, ജില്ലാ കലക്ടര്‍ യു വി ജോസ്, വിനോദ് നമ്പ്യാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top