ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍

വായന മരിക്കുന്നുവെന്നും ജനങ്ങള്‍ക്ക് സാഹിത്യത്തില്‍ താല്‍പര്യം കുറയുന്നുവെന്നുമൊക്കെയാണു പറച്ചില്‍. അതേസമയം, ആഗോളാടിസ്ഥാനത്തില്‍ തന്നെ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകള്‍ ആഘോഷപൂര്‍വം കൂടുതലായി നടന്നുവരുകയും ചെയ്യുന്നു. ജയ്പൂര്‍ സാഹിത്യോല്‍സവമാണ് ഇന്ത്യയില്‍ പൊലിമയില്‍ ഒന്നാംസ്ഥാനത്ത്. ഇത്തവണ ചില വിവാദങ്ങളൊക്കെ ഉണ്ടായെങ്കിലും ഗൗരവംകൊണ്ടും പങ്കാളിത്തംകൊണ്ടും ഈ ഫെസ്റ്റിവല്‍ ഇപ്പോഴും ശ്രദ്ധേയം തന്നെ. കേരളത്തില്‍ പ്രസാധകരും പത്രസ്ഥാപനങ്ങളുമൊക്കെയാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. ഒരു പ്രമുഖ മലയാള പ്രസാധനാലയം മുന്‍കൈ എടുത്ത് കോഴിക്കോട്ട് നടത്തിവരുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനങ്ങള്‍, വിശേഷിച്ചും യുവതീയുവാക്കള്‍, ഉല്‍സവമാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്ത് ഈയിടെ ഒരു പത്രസ്ഥാപനത്തിനു കീഴിലുള്ള പ്രസാധകസംരംഭം ശ്രദ്ധേയമായ മറ്റൊരു ഉല്‍സവം നടത്തി. പാലക്കാട്ട് വേറെയൊരു ഫെസ്റ്റിവലുണ്ട്. ഇനി സര്‍ക്കാര്‍ വക എറണാകുളത്തും ഗംഭീരമായ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വരാന്‍ പോവുന്നു.വമ്പന്‍ സ്ഥാപനങ്ങളാണ് സാഹിത്യം ജനകീയമാക്കാന്‍ ഇറങ്ങിത്തിരിക്കുന്നത് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത്തരം ഫെസ്റ്റിവലുകളോടനുബന്ധിച്ച് സംഗീതവും നൃത്തവുമൊക്കെ നടക്കുന്നുണ്ട്. ഭക്ഷ്യോല്‍സവങ്ങളാണ് മറ്റൊരാകര്‍ഷണം. എല്ലാംകൂടിയാവുമ്പോള്‍ ശുദ്ധ സാഹിത്യ തല്‍പരര്‍ ഒരുപക്ഷേ ഇങ്ങനെ സംശയിക്കാനും സാധ്യതയുണ്ട്: തീനും കുടിയും പാട്ടും കളിയുമൊക്കെയായി ഉല്‍സവം മുന്നേറുമ്പോള്‍ സാഹിത്യം അവഗണിക്കപ്പെടുമോ?

RELATED STORIES

Share it
Top